Begin typing your search above and press return to search.
ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 07, 2021
റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് പണനയം
2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പണവായ്പ നയത്തില്‍ പ്രതീക്ഷിച്ചത് പോലെ തന്നെ നിരക്കുകളില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക്. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തികാഘാതത്തില്‍നിന്നും സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് ആര്‍ബിഐ വായ്പാനയ അവലോകന സമിതി നിരക്ക് മാറ്റത്തില്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
നടപ്പ് സാമ്പത്തികവര്‍ഷം രാജ്യം 10.5ശതമാനം വളര്‍ച്ചനേടുമെന്നാണ് പ്രതീക്ഷിക്കുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. നിരക്ക് ഉയര്‍ത്താത്തതിനാല്‍ തന്നെ റിപ്പോ നിരക്ക് ഇപ്പോഴുള്ള നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും.
പുതിയ ഭവനാവായ്പാ നിരക്കില്‍ വിശദീകരണവുമായി എസ്ബിഐ
ഭവനവായ്പാ നിരക്ക് ഉയര്‍ത്തിയിട്ടില്ല എന്ന് എസ്ബിഐ. യഥാര്‍ത്ഥത്തില്‍ ബാങ്ക് ഭവന വായ്പകള്‍ക്ക് നേരത്തേ ഈടാക്കിക്കൊണ്ടിരുന്ന പലിശ നിരക്കായ 6.95 ശതമാനം വീണ്ടും പുനസ്ഥാപിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ബാങ്ക് വ്യക്തമാക്കി. വനിതാ വായ്പാ അപേക്ഷകര്‍ക്ക് നല്‍കി വരുന്ന ഇളവുകള്‍ നിര്‍ത്തലാക്കിയിട്ടില്ല, അവ തുടര്‍ന്നും ലഭിക്കുമെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞമാസം ഭവനവായ്പകള്‍ക്കായി പ്രൊസസിംഗ് ചാര്‍ജ് ഈടാക്കുകയില്ലെന്ന് എസ്ബിഐ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 31 വരെയായിരുന്നു ഈ ഇളവിന്റെയും കാലാവധി. അതും പഴയതിലേക്ക് പുനസ്ഥാപിച്ചതായി ബാങ്ക് അറിയിപ്പില്‍ പറയുന്നു.
ഫോബ്‌സ് കോടീശ്വര പട്ടികയില്‍ ഇന്ത്യയില്‍ ഒന്നാമതായി മുകേഷ് അംബാനി
ഫോബ്സ് പുറത്തുവിട്ട ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി നേടി. 84.5 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയാണ് പട്ടികയില്‍ രണ്ടാമതാണ്. മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നന്‍ എച്ച്സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ ആണ്. അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ സ്ഥാപകന്‍ രാധാകൃഷ്ണന്‍ ദമാനി, കൊഡാക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊഡാക് എന്നിവരാണ് ഫോബ്സിന്റെ പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്തുള്ളത്.
പാമോയില്‍ ഇറക്കുമതിയും, കൃഷിയും ശ്രീലങ്ക നിരോധിച്ചു
പമോയില്‍ ഇറക്കുമതിയും, പുതുതായി എണ്ണപ്പന കൃഷിയും ശ്രീലങ്ക നിരോധിച്ചു. നിലവില്‍ ഉള്ള എണ്ണപ്പന തോട്ടങ്ങള്‍ ഘട്ടം ഘട്ടമായി ഇല്ലാതാക്കുവാനും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. പ്രമുഖ വെളിച്ചെണ്ണ ഉല്‍പ്പാദക രാജ്യമായ ശ്രീലങ്കയില്‍ സമീപകാലത്തായി പാമോയില്‍ ഇറക്കുമതിയും കൃഷിയും വര്‍ദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാവും സര്‍ക്കാരിന്റെ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.
മുദ്ര യോജന വഴി ഇതുവരെ വിതരണം ചെയ്തത് 14.96 ലക്ഷം കോടി രൂപ
പ്രധാനമന്ത്രി മുദ്ര യോജന വഴി ഇതുവരെ 14.96 ലക്ഷം കോടി രൂപയുടെ വായ്പ വിതരണം ചെയ്‌തെന്ന് കേന്ദ്രസര്‍ക്കാര്‍. 28.68 കോടി വായ്പാ അപേക്ഷകളിലായാണ് തുക വിതരണം ചെയ്തത്. എന്‍ബിഎഫ്‌സികള്‍, മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നിവ വഴിയാണ് വായ്പകള്‍ വിതരണം ചെയ്തത്. 2015 ഏപ്രില്‍ എട്ടിനാണ് പ്രധാനമന്ത്രി മുദ്ര യോജന അവതരിപ്പിച്ചത്. കോര്‍പറേറ്റ് ഇതര, കാര്‍ഷികേതര, സൂക്ഷ്മ -ചെറുകിട സംരംഭങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് നിരക്ക് ഉയരുന്നു
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. ഇന്ന് മാത്രം 3502 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3097 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണെന്ന് തെളിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,554 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 ആണ്.
സ്വര്‍ണം ഒരു പവന്‍ വീണ്ടും 34000 കടന്നു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്നലെ പവന് 120 കൂടിയിരുന്നു, ഇന്ന് വീണ്ടും 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് വീണ്ടും 34000 രൂപ കടന്നു. 34,120 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ 20 ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കാണ് സ്വര്‍ണം കടന്നത്. ഇന്നലെ 33,920 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്. ഏപ്രില്‍ ഒന്നിന് ഇത് 33,320 രൂപയായിരുന്നു. തുടര്‍ച്ചയായുള്ള വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.
പണ വായ്പാ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താനുള്ള ആര്‍ബിഐയുടെ തീരുമാനം സൂചികകളില്‍ മുന്നേറ്റത്തിന് കാരണമായി. സെന്‍സെക്സ് 460.37 പോയ്ന്റ് ഉയര്‍ന്ന് 49661.76 പോയ്ന്റും നിഫ്റ്റി 135.50 പോയ്ന്റ്് ഉയര്‍ന്ന് 14819 പോയ്ന്റിലും ക്ലോസ് ചെയ്തു. 1824 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1072 ഓഹരികളുടെ വിലയിടിഞ്ഞു. 179 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
ജെഎസ്ഡബ്ല്യു സ്റ്റീല്‍, വിപ്രോ, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. അദാനി പോര്‍ട്ട്സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ്, യുപിഎല്‍, എന്‍ടിപിസി, ടൈറ്റന്‍ കമ്പനി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 4.53 ശതമാനം നേട്ടവുമായി സിഎസ്ബി ബാങ്ക് നേട്ടത്തില്‍ മുന്നിലായി. ഫെഡറല്‍ ബാങ്ക് (2.80 ശതമാനം), ഇന്‍ഡിട്രേഡ് (2.77 ശതമാനം), എഫ്എസിടി(2.23 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.82 ശതമാനം), എവിറ്റി നാച്വറല്‍സ് (1.52 ശതമാനം) തുടങ്ങി 16 കേരള ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ഇന്നത്തെ പോഡ്കാസ്റ്റ് കേൾക്കു:
Money Tok : ഒരു കോടി രൂപയോളം സമ്പാദിച്ച് കൊണ്ട് റിട്ടയര്‍മെന്റ് ഹാപ്പിയാക്കണോ, ഇതാ വഴിയുണ്ട്
Next Story
Videos