വയനാട് ഒരു നഗരമാവും; സർവേ പിന്നിട്ട് നിലമ്പൂർ- നഞ്ചങ്കോട് പാത പുതിയ പ്രതീക്ഷകളിൽ

കര്‍ണാടക സര്‍ക്കാര്‍ പൂര്‍ണ സഹകരണം പ്രഖ്യാപിച്ചതോടെ നിര്‍ദിഷ്ട നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയുടെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) ഉടന്‍ തന്നെ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കും. ആകാശ സര്‍വേ, ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വേ, റെയില്‍വേ ലെയിന്‍ കടന്നുപോകുന്ന ഭാഗങ്ങള്‍ അടയാളപ്പെടുത്തുന്ന സ്‌പോട്ട് സര്‍വേ എന്നിവയും പൂര്‍ത്തിയായി. 190 കിലോമീറ്റര്‍ റെയില്‍വേ പാത മേപ്പാടി-സുല്‍ത്താന്‍ ബത്തേരി-ചിക്കബെര്‍ഗി-നഞ്ചങ്കോട് എന്നീ സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ കൃത്യമായ രൂപരേഖ റെയില്‍വേ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വ്യക്തമാകൂ.
കര്‍ണാടകയിലെ നഞ്ചങ്കോട് നിന്നും തുടങ്ങി അമ്പലൂ-കല്ലമ്പലൂ-സര്‍ഗൂര്‍-ഹെഗനൂര്‍ വഴി കേരളത്തിലെ സുല്‍ത്താന്‍ബത്തേരി-മീനങ്ങാടി-കല്‍പ്പറ്റ-മേപ്പാടി-ചൂരല്‍മല-പോത്തുകല്ല്-അകമ്പാടം-നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന രീതിയിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. പാത പൂര്‍ത്തിയായാല്‍ കൊച്ചിയില്‍ നിന്നും ഏഴ് മണിക്കൂര്‍ കൊണ്ട് ബംഗളൂരുവിലെത്താം. വയനാട് നിന്നും ബംഗളൂരുവിലേക്ക് 2.5 മണിക്കൂര്‍ കൊണ്ടും മൈസൂരുവിലേക്ക് ഒരു മണിക്കൂറ് കൊണ്ടും എത്താന്‍ കഴിയും. ശരാശരി 12 മണിക്കൂറാണ് നിലവില്‍ എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രാ സമയം. പുതിയ പാത വരുന്നതോടെ വയനാട്ടില്‍ പുതിയ നഗരങ്ങളും ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വയനാട്ടിലേക്ക് നിര്‍ദിഷ്ട തുരങ്കപാത കൂടി പൂര്‍ത്തിയാകുന്നതോടെ വയനാടിന്റെ സാധ്യതകള്‍ വര്‍ധിക്കും.
ബ്രിട്ടീഷുകാരുടെ കാലത്ത് ആലോചന, മുടങ്ങിയത് നിരവധി തവണ
പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് ആലോചന തുടങ്ങിയ പദ്ധതികളിലൊന്നാണ് നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത. എന്നാല്‍ പല കാരണങ്ങളാല്‍ പദ്ധതി മുടങ്ങി. 2013ല്‍ യു.ഡി.എഫ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഇ.ശ്രീധരനെ വയനാട് റെയില്‍ പദ്ധതിയുടെ അന്തിമ സര്‍വേ നടത്താന്‍ ചുമതലപ്പെടുത്തി. ഇതിനായി 8 കോടി രൂപ അനുവദിക്കുകയും രണ്ട് കോടി അടിയന്തരമായി നല്‍കുകയും ചെയ്തു.
എന്നാല്‍ പിന്നീട് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറ്റതോടെ പദ്ധതി മങ്ങുകയും സര്‍വേയില്‍ നിന്നും ശ്രീധരന്‍ പിന്മാറുകയും ചെയ്തു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാധ്യത വര്‍ധിപ്പിക്കാനായി തലശേരി-മൈസൂര്‍ റെയില്‍ ലിങ്ക് പദ്ധതിയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍. ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന പദ്ധതിക്ക് പാരിസ്ഥിതിക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ണാടകയും എതിര്‍ത്തിരുന്നു. മാറിയ സാഹചര്യത്തില്‍ കേരള-കര്‍ണാടക സര്‍ക്കാരുകളുടെ പൂര്‍ണ പിന്തുണയില്‍ സര്‍വേ പൂര്‍ത്തിയായത് പദ്ധതിക്ക് പുതുജീവന്‍ നല്‍കി.

Related Articles

Next Story

Videos

Share it