കോവാക്‌സിനില്‍ സംശയം വേണ്ട: കോവിഡ് 617 വകഭേദത്തിനും ഫലപ്രദം

കോവിഡിനെതിരേ ഇന്ത്യയിലെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത വാക്‌സിനായ കോവാക്‌സിന്‍ കോവിഡ് 617 വകഭേദത്തിനും ഫലപ്രദമാണെന്ന് വൈറ്റ് ഹൗസ് ചീഫ് മെഡിക്കല്‍ ഉപദേശകനും അമേരിക്കയിലെ മഹാമാരി വിദഗ്ധനുമായ ഡോ. ആന്റണി ഫൗസി. ചൊവ്വാഴ്ച പ്രസ് കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോവാക്‌സിന്‍ ഡാറ്റകള്‍ ദിനവും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇവയ്ക്ക് കോവിഡ് 617 വകഭേദത്തെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഇന്ത്യയില്‍ കോവാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങളില്‍നിന്നാണ് ഇത് വ്യക്തമായത് - ഡോ. ആന്റണി ഫൗസി പറഞ്ഞു.
നിലവില്‍ ഇന്ത്യയിലെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ വാക്‌സിനേഷന്‍ വലിയൊരു പ്രതിവിധിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസിനെതിരെ ആന്റിബോഡികള്‍ നിര്‍മിക്കാന്‍ കോവാക്‌സിന് കഴിയുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുടെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും പങ്കാളിത്തത്തോടെയാണ് ഭാരത് ബയോടെക് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിന് ജനുവരി മൂന്നിന് അനുമതി ലഭിക്കുകയും ചെയ്തു. ട്രയല്‍ പരീക്ഷണഘട്ടത്തില്‍ കോവാക്‌സിന് 78 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
കൂടാതെ ഇന്ത്യയില്‍ കൂടുതല്‍ വാക്‌സിനുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനാവശ്യമായ ചില അസംസ്‌കൃത വസ്തുക്കള്‍ ഞങ്ങള്‍ ലഭ്യമാക്കുമെന്നും അത് പ്രധാന സഹായമാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കോവാക്‌സിനും കോവിഷീല്‍ഡുമാണ് ഇന്ത്യയില്‍ വതരണം ചെയ്യുന്നത്.


Related Articles
Next Story
Videos
Share it