കോവിഡില്‍ ക്ലിക്കായി, വീഴ്ത്തിയതും മഹാമാരി; ഓണ്‍ലൈന്‍ എഡ്യുടെക് വമ്പന്മാര്‍ക്ക് അടിതെറ്റിയത് എങ്ങനെ?

കോവിഡ് മഹാമാരി സമര്‍ത്ഥമായി മുതലെടുത്തവയാണ് ഓണ്‍ലൈന്‍ എഡ്യുടെക് കമ്പനികള്‍. ബൈജൂസും അണ്‍അക്കാഡമിയും തുടങ്ങി ചെറുതും വലുതുമായ കമ്പനികള്‍ക്ക് ചാകരയായിരുന്നു കോവിഡ് കാലം. പഠനം ഓണ്‍ലൈനിലേക്ക് മാറിയതാണ് കമ്പനികളുടെ വരുമാനം കുതിച്ചുയരാന്‍ കാരണമായത്. എന്നാല്‍ കോവിഡാനന്തര കാലത്ത് ഇതേ ഓണ്‍ലൈന്‍ എഡ്യുടെക് കമ്പനികള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്.

എവിടെയാണ് പിഴച്ചത്?

കോവിഡ് കാലം വന്നപ്പോള്‍ എല്ലാം ഓണ്‍ലൈനിലേക്ക് മാറി. ഇത് സ്ഥിരമായ പ്രവണതയാകുമെന്ന് എഡ്യുടെക് കമ്പനികള്‍ തെറ്റിദ്ധരിച്ചു. പ്രത്യേകിച്ച്, ബൈജൂസും അണ്‍അക്കാഡമിയും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വിപുലപ്പെടുത്തുന്നതിനായി വലിയ നിക്ഷേപവും ഈ കമ്പനികള്‍ നടത്തി. കോവിഡില്‍ വരുമാനം അടിഞ്ഞു കൂടിയതോടെ മറ്റൊന്നും നോക്കാതെയുള്ള ഈ ചെലവഴിക്കല്‍ കമ്പനികള്‍ക്ക് പിന്നീട് ബാധ്യതയായി.
കുട്ടികളുടെയും മാതാപിതാക്കളുടെയും അഭിരുചി ഓണ്‍ലൈനിലേക്ക് പരുവപ്പെട്ടെന്ന ധാരണ തെറ്റായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുടെ വിരസത കുട്ടികളിലേക്ക് വളരെ വേഗത്തില്‍ വ്യാപിച്ചു. കുട്ടികള്‍ കൂടുതല്‍ അന്തര്‍മുഖരായി മാറാന്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നത് വഴിയൊരുക്കുമെന്ന തിരിച്ചറിവ് മാതാപിതാക്കളെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വിപുലപ്പെടുത്താനും മറ്റുമായി കോടികളാണ് എഡ്യുടെക് കമ്പനികള്‍ ചെലവഴിച്ചത്. കോവിഡ് ഭീതി കുറഞ്ഞതോടെ കുട്ടികള്‍ വീണ്ടും ഓഫ്‌ലൈന്‍ ട്യൂഷന്‍ സെന്ററുകളെ ആശ്രയിക്കാനും തുടങ്ങി.
ബൈജൂസും അണ്‍അക്കാഡമിയും കളംനിറഞ്ഞപ്പോള്‍ പ്രതിസന്ധിയിലായ സാധാരണ ട്യൂഷന്‍ സെന്ററുകളില്‍ വീണ്ടും കുട്ടികളെത്തി തുടങ്ങി. ഫീസ് കുറവും കൂടുതല്‍ മികച്ച അധ്യാപനവും നാട്ടിലെ ട്യൂഷന്‍ സെന്ററുകളെ വീണ്ടും സജീവമാക്കിയിട്ടുണ്ട്.

ബൈജൂസിനും അണ്‍അക്കാഡമിക്കും സംഭവിച്ചത്

തെറ്റായ മാര്‍ക്കറ്റിംഗ് രീതികളാണ് ബൈജൂസിനെ തകര്‍ത്തത്. ഏതു വിധേനയും വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമം ബൈജൂസ് എന്ന ബ്രാന്‍ഡിനെ തന്നെ നെഗറ്റീവായി ബാധിച്ചു. സബ്‌സ്‌ക്രിപ്ഷന്‍ മതിയാക്കി പോയവര്‍ക്ക് ഫീസ് തിരികെ നല്‍കാത്തതും കമ്പനിയുടെ സല്‍പ്പേരിന് തിരിച്ചടിയായി. ബൈജൂസിനെ അതേപോലെ പകര്‍ത്താന്‍ ശ്രമിച്ചതാണ് അണ്‍അക്കാഡമിയെയും പിന്നോട്ടടിച്ചത്.
2023-24 സാമ്പത്തികവര്‍ഷം വരുമാനം 1,044 കോടിയിലേക്ക് ഉയര്‍ന്നെങ്കിലും 39 ശതമാനമാണ് കമ്പനിയുടെ നഷ്ടം. സൈലം, ലക്ഷ്യ പോലുള്ള കമ്പനികളില്‍ നിന്ന് കൂടുതല്‍ മല്‍സരം നേരിടേണ്ടി വരുന്നുണ്ട്. പ്രാദേശിക ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതും ദേശീയ ബ്രാന്‍ഡുകളെ ബാധിക്കും.
Related Articles
Next Story
Videos
Share it