രണ്ട് ലക്ഷം കടന്ന് മരണം: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം കുതിക്കുന്നു

പ്രതിദിന കണക്കില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആദ്യമായി മൂവായിരം കടന്നതോടെ ഇതുവരെ ജീവന്‍ നഷ്ടമായവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 3,286 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡിനെ തുടര്‍ന്ന് മരണപ്പെട്ടത്. അതേസമയം കോവിഡ് ബാധിതരുടെ എണ്ണവും രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിക്കുകയാണ്. 3,62,770 പേര്‍ക്കാണ് ഇന്നലെ പുതുതായി രോഗം കണ്ടെത്തിയത്. ഇത് തുടര്‍ച്ചയായ ഏഴാം ദിവസമാണ് രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്.

മഹാരാഷ്ട്രയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗികള്‍. 66,538 പേര്‍. 30,000 ലധികം രോഗികളുള്ള യുപി, കര്‍ണാടക, കേരളം എന്നിവയാണ് പിന്നില്‍. മരണ നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. അവിടെ 895 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ ഡല്‍ഹിയില്‍ 381 പേരാണ് 24 മണിക്കൂറിനിടെ മരണപ്പെട്ടത്. യുപിയിലും ഛത്തീസ്ഗഢിലും 200 ന് മുകളിലാണ് മരണപ്പെട്ടവരുടെ എണ്ണം. അതേസമയം രാജ്യത്തെ മരണപ്പെടുന്നവരുടെ എണ്ണവും പ്രതിദിന കേസുകലും കുത്തനെ ഉയരുന്നത് ആശങ്കാജനകമാണ്.
ഇതുവരെ കോവിഡ് കാരണം മരണപ്പെട്ടവരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഒന്നാമത്. 5.72 ലക്ഷം പേര്‍ക്ക് അമേരിക്കയില്‍ കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായപ്പോള്‍ ബ്രസീലില്‍ 3.92 പേരും മെക്‌സിക്കോയില്‍ 2.15 ലക്ഷമാളുകളും മരണപ്പെട്ടു. നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 2,01,106 പേരാണ് ഇതുവരെ മരണപ്പെട്ടത്.



Related Articles
Next Story
Videos
Share it