കൂടുതലിഷ്ടം കൊച്ചിയോട്; കണ്ണൂര്‍ വിമാനത്താവളത്തെ കൈയൊഴിഞ്ഞ് യാത്രക്കാരും കമ്പനികളും

കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമെന്ന പെരുമയോടെ പ്രവര്‍ത്തനം തുടങ്ങിയ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം (KIAL) പ്രതിസന്ധികളുടെ റണ്‍വേയിലേറി കിതയ്ക്കുന്നു. യാത്രക്കാര്‍ കുറഞ്ഞതോടെ കണ്ണൂരില്‍ നിന്നുള്ള ബംഗളൂരു സര്‍വീസ് എയര്‍ഇന്ത്യ എക്‌സ്പ്രസ് നിറുത്തി. ദിവസനേയുള്ള സര്‍വീസില്‍ കണ്ണൂരില്‍ നിന്ന് 10 യാത്രക്കാരെ പോലും കിട്ടാതായതോടെയാണിത്. വിമാനടിക്കറ്റ് ബുക്കിംഗും നിര്‍ത്തിവെച്ചിട്ടുണ്ട്.

എണ്ണത്തില്‍ ഇത്ര കുറവ്

വിമാനയാത്രാ ടിക്കറ്റ്‌നിരക്ക് കുത്തനെ കൂട്ടിയതാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര യാത്രക്കാര്‍ കുറഞ്ഞു പോയത്. ചില സെക്ടറുകളില്‍ മൂന്ന് ഇരട്ടിയോളമാണ് കൂട്ടിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അന്താരഷ്ട്ര യാത്രക്കാരുടെ എണ്ണം 2022-23ലെ 8.53 ലക്ഷത്തില്‍ നിന്ന് 10.4 ശതമാനം കുറഞ്ഞ് 2023-24ല്‍ 7.64 ലക്ഷമായി. അതേസമയം ആഭ്യന്തര യാത്രക്കാരുടെ കാര്യത്തില്‍ ഇത് 4.03 ലക്ഷത്തില്‍ നിന്ന് 4.13 ലക്ഷമായി. ഇതോടെ ഈ വിമാനത്താവളം വഴി സഞ്ചരിച്ച മൊത്തം യാത്രക്കാരുടെ എണ്ണം 12.02 ലക്ഷത്തില്‍ നിന്ന് 6.3 ശതമാനം കുറഞ്ഞ് 11.77 ലക്ഷമായി.

മുന്നില്‍ സിയാല്‍

കേരളത്തില്‍ ഏറ്റവുമധികം പേര്‍ വിമാനയാത്ര നടത്തുന്നത് കൊച്ചി വിമാനത്താവളം (CIAL) വഴിയാണ് . എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം സിയാലില്‍ നിന്നുള്ള അന്താരഷ്ട്ര യാത്രക്കാരുടെ എണ്ണം 2022-23ലെ 41.74 ലക്ഷത്തില്‍ നിന്ന് 17.9 ശതമാനം വര്‍ധിച്ച് 2023-24ല്‍ 49.20 ലക്ഷമായി. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 46.37 ലക്ഷത്തില്‍ നിന്ന് 54.45 ലക്ഷവും. ഇതോടെ സിയാല്‍ വഴി സഞ്ചരിച്ച മൊത്തം യാത്രക്കാരുടെ എണ്ണം 88.12 ലക്ഷത്തില്‍ നിന്ന് 17.6 ശതമാനം വര്‍ധിച്ച് 1.03 കോടിയായി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള അന്താരഷ്ട്ര യാത്രക്കാരുടെ എണ്ണം 2022-23ലെ 17.98 ലക്ഷത്തില്‍ നിന്ന് 2023-24ല്‍ 20.50 ലക്ഷമായി. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തില്‍ ഇത് 16.79 ലക്ഷത്തില്‍ നിന്ന് 23.55 ലക്ഷവും. 40 ശതമാനം വര്‍ധന. ഇതോടെ ഈ വഴി സഞ്ചരിച്ച മൊത്തം യാത്രക്കാരുടെ എണ്ണം 34.78 ലക്ഷത്തില്‍ നിന്ന് 14.7 ശതമാനം വര്‍ധിച്ച് 44.05 ലക്ഷമായി.

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള അന്താരഷ്ട്ര യാത്രക്കാരുടെ എണ്ണം 2022-23ലെ 24.05 ലക്ഷത്തില്‍ നിന്ന് 2023-24ല്‍ 26.76 ലക്ഷമായി. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 5.77 ലക്ഷത്തില്‍ നിന്ന് 6.43 ലക്ഷമായി. ഇതോടെ കോഴിക്കോട് വിമാനത്താവളം വഴി സഞ്ചരിച്ച മൊത്തം യാത്രക്കാരുടെ എണ്ണം 29.82 ലക്ഷത്തില്‍ നിന്ന് 11.3 ശതമാനം വര്‍ധിച്ച് 33.20 ലക്ഷമെത്തി.

വിമാന സര്‍വീസിലും കണ്ണൂര്‍ പിന്നില്‍ തന്നെ

വിമാന സര്‍വീസുകളുടെ എണ്ണത്തിലും കണ്ണൂര്‍ വിമാനത്താവളം തന്നെയാണ് പിന്നില്‍. കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള വിമാന സര്‍വീസുകളുടെ എണ്ണം 2022-23ലെ 6,233ല്‍ നിന്ന് 19.7 ശതമാനം കുറഞ്ഞ് 2023-24ല്‍ 5,002 ആയി. അതേസമയം ആഭ്യന്തര സര്‍വീസുകളുടെ എണ്ണം 5,791ല്‍ നിന്ന് 5,969ലേക്ക് ഉയർന്നു. ഇതോടെ ഈ വിമാനത്താവളത്തിലെ മൊത്തം സര്‍വീസുകളുടെ എണ്ണം 12,024ല്‍ നിന്ന് 8.8 ശതമാനം കുറഞ്ഞ് 10,971 ആയി.

സിയാല്‍ വഴിയുള്ള വിമാന സര്‍വീസുകളുടെ എണ്ണം 2022-23ലെ 25,724ല്‍ നിന്ന് 2023-24ല്‍ 29,502 എണ്ണമെത്തി. ആഭ്യന്തര സര്‍വീസുകളുടെ എണ്ണം 32,554ല്‍ നിന്ന് 37,967 ആയി. ഇതോടെ ഈ വിമാനത്താവളത്തിലെ മൊത്തം സര്‍വീസുകളുടെ എണ്ണം 58,278ല്‍ നിന്ന് 15.8 ശതമാനം വര്‍ധിച്ച് 67.469 എണ്ണമെത്തി.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള വിമാന സര്‍വീസുകളുടെ എണ്ണം 2022-23ലെ 12,324ല്‍ നിന്ന് 2023-24ല്‍ 13,216 ആയി. ആഭ്യന്തര സര്‍വീസുകളുടെ എണ്ണം 12,270ല്‍ നിന്ന് 16,925 എണ്ണവും. മൊത്തം സര്‍വീസുകളുടെ എണ്ണം 24,594ല്‍ നിന്ന് 22.6 ശതമാനം വര്‍ധിച്ച് 30,141 ആയി. കോഴിക്കോട് വിമാനത്താവളം വഴിയുള്ള വിമാന സര്‍വീസുകളുടെ എണ്ണം 2022-23ലെ 16,780ല്‍ നിന്ന് 2023-24ല്‍ 17,960 ആയി. ആഭ്യന്തര സര്‍വീസുകളുടെ എണ്ണം 6,362ല്‍ നിന്ന് 6,458 എണ്ണവും. മൊത്തം സര്‍വീസുകളുടെ എണ്ണം 23,142ല്‍ നിന്ന് 5.5 ശതമാനം വര്‍ധിച്ച് 24,418 ആയി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it