കുതിച്ചു കയറി ഇന്ധനവില; പ്രതിസന്ധി കൂടുതല്‍ മേഖലകളിലേക്ക്

രാജ്യത്ത് ഇന്ധന വിലയുടെ കുതിച്ചു കയറ്റം അനിയന്ത്രിതമായി തുടരുന്നത് കൂടുതല്‍ മേഖലകളില്‍ കനത്ത ആഘാതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക് സ്വാഭാവികമായും വില ഉയരും, കാരണം ചരക്ക് ഗതാഗത നിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. ചെറുകിട ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളും പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്.

മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ചില പട്ടണങ്ങളില്‍ ലിറ്ററിന് നൂറ് രൂപയുടെ മുകളിലേക്ക് വരെ ഇന്ധന വില കുതിച്ചുയര്‍ന്നു. ഇപ്പോഴും പലേടത്തും പെട്രോളിന് 93 രൂപയുടെ മുകളില്‍ നില്‍ക്കുന്നു. ഇങ്ങനെ ഇന്ധന വില രണ്ട് മാസത്തിനിടയില്‍ 19 തവണ കൂട്ടി. ഫെബ്രുവരിയില്‍ മാത്രം 16 തവണ. കഴിഞ്ഞ ഒക്ടോബറിന് ശേഷം പെട്രോളിന് 10 രൂപയും ഡീസലിന് 11 രൂപയും വര്‍ദ്ധിച്ചു. ഇത് പണപ്പെരുപ്പത്തിലേക്കും രാജ്യത്തെ തള്ളിവിടുകയാണ്. ഇതിനിടയില്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഗവണ്മെന്റ് കഴിഞ്ഞ വര്‍ഷ ചുമത്തിയ എക്‌സൈസ് തീരുവയും കൂട്ടി.

ഗതാഗത രംഗമാണ് ഏറ്റവും വലിയ ആഘാതം താങ്ങേണ്ടി വരുന്നത്. ചരക്ക് ഗതാഗതം നടത്തുന്ന ട്രക്കുകള്‍ ആയാലും ആളുകളെ കയറ്റി പോകുന്ന ബസ്സുകള്‍ ആയാലും വില കൂട്ടുകയേ നിവൃത്തിയുള്ളൂ. തങ്ങളുടെ ടവറുകളില്‍ ഇന്ധനം ഉപയോഗിക്കേണ്ടി വരുന്ന ടെലികോം കമ്പനികളും ഇന്ധന വിലവര്‍ദ്ധനയുടെ ആഘാതം പേറുകയാണ്.

വിലവര്‍ദ്ധനയുടെ മറ്റൊരു ഇര ലോജിസ്റ്റിക്‌സ് മേഖലയാണ്. അവരാകട്ടെ അവര്‍ക്ക് വരുന്ന അധിക ചിലവുകള്‍ സാധനങ്ങളുടെ ഉപഭോക്താക്കളായ
സാധാരണ ജനങ്ങളുടെ തലയില്‍ കെട്ടി വയ്ക്കാനുള്ള ശ്രമത്തില്‍. ഗതാഗത മേഖലയിലുള്ളവര്‍ക്ക് ഇങ്ങനെ ചെയ്യാനേ പറ്റുകയുള്ളൂ എന്നാണ് അസോസിയേഷന്‍ ഓഫ് ചേംബര്‍ ഓഫ് കോമേഴ്‌സ് (അസ്സോചെം) നിലപാട്.

ഇന്ധനത്തിന്റെ ഇന്‍പുട്ട് ക്രെഡിറ്റുകള്‍ ക്ലെയിം ചെയ്യാന്‍ ലോജിസ്റ്റിക്‌സ് മേഖലയിലുള്ളവരെ അനുവദിക്കണമെന്ന് അസ്സോചെം നിര്‍ദ്ദേശിച്ചിരുന്നു. പെട്രോള്‍, ഡീസല്‍, പ്രകൃതിവാതകം എന്നിവയുള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ നിലവില്‍ ചരക്ക് സേവന നികുതി (ജി എസ് ടി) പരിധിയില്‍ വരില്ല.

ട്രക്കുടമകള്‍ ഇന്ധന വില വര്‍ദ്ധന മൂലം അവരുടെ വാടകയില്‍ വര്‍ധന വരുത്തിയിരിക്കുകയാണ്. ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ട്രക്ക് വാടക 6 മുതല്‍ 7 ശതമാനം വര്‍ദ്ധിപ്പിച്ചാണ് അവര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നത്. പഴം, പച്ചക്കറി, മറ്റു ഭക്ഷ്യ വസ്തുക്കള്‍ എന്നിവ കൊണ്ടുപോകുന്ന ട്രക്കുകളാണ് വാടക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇത്തരം സാധനങ്ങള്‍ക്ക് സ്വാഭാവികമായും വില വര്‍ദ്ധനയുണ്ടാകും.

അടുത്ത ഏതാനും മാസങ്ങളില്‍ ഇന്ധന വില സ്ഥിരത കൈവരിക്കുമെന്ന് സി ഐ ഐ പ്രതീക്ഷിക്കുന്നു. ഇത് നികുതി കുറച്ചു കൂടി യുക്തി സഹമാക്കുന്നത് കൊണ്ടോ അല്ലെങ്കില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നത് കൊണ്ടോ ഉണ്ടാകാം.

റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും പെട്രോള്‍, ഡീസല്‍ എന്നിവയുടെ കേന്ദ്രസംസ്ഥാന നികുതികള്‍ കുറയ്ക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. 2020 ല്‍ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും നികുതി കേന്ദ്രം ഉയര്‍ത്തിയിരുന്നു. കൂടാതെ കോവിഡ് മഹാമാരിക്കാലത്ത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി സംസ്ഥാന സര്‍ക്കാരുകളും സംസ്ഥാന നികുതി ഉയര്‍ത്തി. രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ സന്നദ്ധരായിട്ടുണ്ടെങ്കിലും കേരളം ഇതുവരെ വഴങ്ങിയിട്ടില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it