കുതിച്ചുയര്‍ന്ന് ഇന്ധനവില: തിരുവനന്തപുരത്ത് പെട്രോളിന് 97.85 രൂപ

രാജ്യത്തെ ഇന്ധനവിലയില്‍ ഇന്നും വര്‍ധന. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും 29 പൈസ വീതം വര്‍ധിച്ചതോടെ ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന് 97.85 രൂപയും ഡീസലിന് 93.19 രൂപയുമാണ് ഇന്നത്തെ വില. ജൂണില്‍ ഇത് ആറാം തവണയാണ് വില വര്‍ധിക്കുന്നത്.

ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 28 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ വില 95.85 രൂപയും ഡീസല്‍ വില 86.75 രൂപയുമായി. പുതുക്കിയ നിരക്ക് പ്രകാരം മുംബൈയില്‍ പെട്രോള്‍ വില 102 കടന്നപ്പോള്‍ ഡീസല്‍ വില 94 ആയി ഉയര്‍ന്നു. രാജ്യത്തെ മറ്റെല്ലാ പ്രധാന നഗരങ്ങളിലും പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത നിരക്കിലാണ് ചില്ലറ വില്‍പ്പന നടത്തുന്നത്.
അതേസമയം ആഗോള ക്രൂഡ് ഓയില്‍ വില കണക്കിലെടുത്ത് സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ഇപ്പോള്‍ നിരക്ക് ഉയര്‍ത്തുന്നുണ്ടെങ്കിലും ഇത് സാമ്പത്തിക വീണ്ടെടുക്കലിനെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. കോവിഡ് രണ്ടാം തരംഗം കാരണം ഇന്ത്യയുടെ എണ്ണ ആവശ്യം കുത്തനെ കുറഞ്ഞുവെന്ന് ഡാറ്റ സൂചിപ്പിക്കുന്നു, പക്ഷേ ഉയര്‍ന്ന ഇന്ധന വില സ്ഥിതി കൂടുതല്‍ വഷളാക്കിയേക്കും. പാന്‍ഡെമിക് പ്രാഥമികമായി ഡിമാന്‍ഡിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും വിലക്കയറ്റം ഇന്ധന വാങ്ങല്‍ പരിമിതപ്പെടുത്താന്‍ ആളുകളെ പ്രേരിപ്പിച്ചുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ധനവിലയുടെ 60 ശതമാനത്തോളവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ്.


Related Articles
Next Story
Videos
Share it