ഭൂമിക്കടിയില്‍ നിറയെ എണ്ണ; എന്നിട്ടും സൗദി സോളാര്‍ വൈദ്യുതിയിലേക്ക് കണ്ണെറിയുന്നു, കാരണം?

എണ്ണവില്പനയിലൂടെ ശതകോടികളാണ് ഓരോ വര്‍ഷവും സൗദി അറേബ്യയുടെ കൈകളിലെത്തുന്നത്. രാജ്യത്തിന്റെ ജി.ഡി.പിയുടെ 40 ശതമാനവും സംഭാവന ചെയ്യുന്നത് എണ്ണയാണ്. അധികാരം കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനിലേക്ക് കൂടുതലായി കൈമാറപ്പെട്ടതോടെ സൗദിയിലെ പരിഷ്‌കരണങ്ങള്‍ക്കും വേഗംകൂടി. എണ്ണയെ മാത്രം ആശ്രയിച്ചുള്ള സമ്പദ്‌വ്യവസ്ഥ ഭാവിയില്‍ വെല്ലുവിളി നേരിട്ടേക്കാമെന്ന് അവര്‍ കണക്കുകൂട്ടി.
എണ്ണയെ മാത്രം കേന്ദ്രീകരിക്കാതെ മറ്റ് മേഖലകളില്‍ വരുമാനം വര്‍ധിപ്പിക്കാനാണ് ഈ ഗള്‍ഫ് രാഷ്ട്രം ശ്രമിക്കുന്നത്. ടൂറിസം, ഐ.ടി, സ്‌പോര്‍ട്‌സ് മേഖലകളില്‍ വലിയതോതിലുള്ള നിക്ഷേപത്തിലേക്ക് സൗദി തിരിഞ്ഞതിനു കാരണവും ഇതുതന്നെ. പരിഷ്‌കരണങ്ങള്‍ക്ക് വേഗംകൂടിയതോടെ സൗദിയുടെ സോളാര്‍ വൈദ്യുത മേഖലയും അതിവേഗ മുന്നേറ്റമാണ് നടത്തുന്നത്.
മിഷന്‍ 2030
സൗദി അറേബ്യയുടെ സോളാര്‍ വൈദ്യുത പദ്ധതികള്‍ക്ക് ദിശാബോധം കൈവരുന്നത് 2016 മുതലാണ്. 2030ഓടെ 9.5 ഗിഗവാട്ട്‌ വൈദ്യുതി പുനരുല്പാദിപ്പിക്കാവുന്ന വഴികളിലൂടെ ഉത്പാദിപ്പിക്കാന്‍ ഭരണകൂടം തീരുമാനിച്ചു. മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം 2019ല്‍ അവര്‍ ലക്ഷ്യം പുതുക്കി നിശ്ചയിച്ചു. 58.7 ഗിഗവാട്ടിലേക്കായിരുന്നു മാറ്റിയത്. നിലവിലെ ലക്ഷ്യപ്രകാരം മൊത്തം വൈദ്യുതിയുടെ 50 ശതമാനം സോളാര്‍ വൈദ്യുതിയില്‍ നിന്നാക്കാനാണ് സൗദി ലക്ഷ്യംവയ്ക്കുന്നത്.
അതിവേഗം ബഹുദൂരം
അമേരിക്കയില്‍ പോലും കാണാന്‍ സാധിക്കാത്ത വിധം പുരോഗതിയാണ് സോളാര്‍ വൈദ്യുതിയുടെ കാര്യത്തില്‍ സൗദി കൈവരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. 2030ഓടെ അവര്‍ ലക്ഷ്യമിട്ടിരുന്ന നേട്ടം കൈവരിക്കുന്ന കാര്യം സംശയമാണ്, എന്നാല്‍ സോളാര്‍ വൈദ്യുതിയുടെ കാര്യത്തില്‍ സൗദിയുടെ മുന്നേറ്റം മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് അക്വ പവറിന്റെ സി.ഇ.ഒ മാര്‍ക്കോ ആര്‍സെലി പറയുന്നു.
സുദൈര്‍ മെഗാ പ്രോജക്ട്
സൗദിയുടെ സോളാര്‍ വൈദ്യുത പദ്ധതികളുടെ വളര്‍ച്ചയുടെ നേര്‍ക്കാഴ്ചയാണ് സുദൈര്‍ സോളാര്‍ പ്രൊജക്ട്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. 1,500 മെഗാവാട്ട് വൈദ്യുതിയാണ് ഈ പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ രണ്ടാമത്തെ സോളാര്‍ വൈദ്യുത പദ്ധതി കൂടിയാണിത്.
സുദൈര്‍ വ്യവസായ മേഖലയില്‍ സ്ഥാപിച്ചിരിക്കുന്നത് 33 ലക്ഷം സോളാര്‍ പാനലുകളാണ്. ഇവയില്‍ നിന്നുള്ള വൈദ്യുതി 185,000 വീടുകളില്‍ ഉപയോഗിക്കുന്നുണ്ട്. സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയും ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നുമായ സൗദി അറാംകോയ്ക്ക് സുദൈര്‍ സോളാര്‍ പദ്ധതിയില്‍ 30 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.

Related Articles

Next Story

Videos

Share it