കൊവിഡ്: തിടുക്കത്തിലുള്ള ഇന്ത്യാ വാക്‌സിന്‍ വികസനം അപകടകരമെന്ന് വിദഗ്ധര്‍

ഇന്ത്യയുടെ കോവിഡ് -19 വാക്‌സിന്‍ പ്രോഗ്രാമിന്റെ വിജയം ഓഗസ്റ്റ് 15 ന് ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കാനുള്ള നിര്‍ബന്ധ ബുദ്ധിയോടെ നടക്കുന്ന നീക്കങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി പ്രമുഖ ശാസ്ത്രജ്ഞര്‍. തിരക്കിട്ടു നടത്തുന്ന ട്രയല്‍ യഥാര്‍ത്ഥ ഫലം നല്‍കണമെന്നില്ലെന്നും മരുന്നിന്റെ ഗുണഫലം കുറയാന്‍ അതിടയാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷ, രോഗപ്രതിരോധ ശേഷി, ഫലപ്രാപ്തി എന്നിവ ബോധ്യമാകാന്‍ നാല് ആഴ്ചത്തെ ട്രയല്‍ തീര്‍ത്തും അപര്യാപ്തമാണെന്ന് ബയോമെഡിക്കല്‍ സയന്‍സില്‍ അംഗീകൃത വൈദഗ്ധ്യമുള്ള വെല്‍ക്കം ട്രസ്റ്റ് / ഡിബിടി ഇന്ത്യ അലയന്‍സ് സിഇഒയും വൈറോളജിസ്റ്റുമായ ഷാഹിദ് ജമീല്‍ പറഞ്ഞു.ആവശ്യമായ എല്ലാ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടങ്ങളും കടന്നുപോകാന്‍ ഒരു വാക്‌സിന്‍ സാധാരണയായി കുറഞ്ഞത് 12-18 മാസമെടുക്കുമെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഉപാസന റേ ചൂണ്ടിക്കാട്ടി.നാം വളരെയധികം തിരക്കുകൂട്ടുകയല്ലേ എന്ന് സ്വയം ചോദിക്കേണ്ടതുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യ ദിനത്തിനു മുമ്പായി ആദ്യത്തെ കോവിഡ് -19 വാക്‌സിന്‍ ലോകത്തിനു വേണ്ടി പുറത്തിറക്കാന്‍ ലക്ഷ്യമിട്ടതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പ്രഖ്യാപിച്ചിരുന്നു.ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) എന്നിവയുമായി സഹകരിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന തദ്ദേശീയ കോവാക്സിനു വേണ്ടി 12 ക്ലിനിക്കല്‍ ട്രയല്‍ സൈറ്റുകള്‍ ഐസിഎംആര്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. ഇതോടൊപ്പം തന്നെ അഹമ്മദാബാദ് ആസ്ഥാനമായുള്ള സിഡസ് കാഡിലയ്ക്ക് അവര്‍ വികസിപ്പിക്കുന്ന വാക്സിനുള്ള മനുഷ്യ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി.

ഒരു മനുഷ്യന്റെയോ മൃഗത്തിന്റെയോ ശരീരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ആന്റിജന്‍ പോലുള്ള വിദേശ പദാര്‍ത്ഥത്തിന്റെ കഴിവായ 'ഇമ്മ്യൂണോജെനിസിറ്റി'യുടെ വിലയിരുത്തല്‍ തികഞ്ഞ അവധാനതയോടെ നടക്കേണ്ട പ്രക്രിയയാണെന്ന് ഉപാസന റേ വിശദീകരിച്ചു.വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ചില നിര്‍ബന്ധിത നടപടികളുണ്ട്. അതിനു സാധാരണയായി ഒന്നോ രണ്ടോ മാസമെടുക്കുമെന്നും അവര്‍ പറഞ്ഞു.രക്തത്തിലെ ആന്റിബോഡികളുടെ സാന്നിധ്യവും അളവും നിര്‍ണയിക്കുന്ന ലബോറട്ടറി പരിശോധനയായ 'ടൈറ്റര്‍' പൂര്‍ത്തിയാക്കാന്‍ നിശ്ചിത സമയം വേണ്ടിവരും.ആന്റിബോഡി ടൈറ്ററുകളെ നിര്‍വീര്യമാക്കുന്നതിന് ചെറിയ മൃഗങ്ങളിലും സസ്തനികളിലും പ്രീക്ലിനിക്കല്‍ ടെസ്റ്റുകള്‍ അനിവാര്യവുമാണ്. ഇതൊക്കെ ഒരു പരിധിക്കപ്പുറമായി തിരക്കിട്ടു നടത്താവുന്ന കാര്യങ്ങളല്ല.

നിലവാരത്തോടും ഗുണനിലവാരത്തോടും വിട്ടുവീഴ്ച ചെയ്യരുത്.എങ്ങനെയും മരുന്ന് ആദ്യം രൂപപ്പെടുത്തുകയെന്നതല്ല പ്രധാനം.നമുക്കു വേണ്ടത് ലോകമെമ്പാടും ആശ്രയിക്കാന്‍ കഴിയുന്ന ഒരു മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിന്‍ ആണ്-ഉപാസന റേ കൂട്ടിച്ചേര്‍ത്തു.'ഈ പ്രോജക്റ്റിന് ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നത് തികച്ചും പ്രധാനമാണ്. എന്നിരുന്നാലും, അമിതമായ സമ്മര്‍ദ്ദം ഗുണമേന്മയാര്‍ന്ന ഉല്‍പ്പന്നത്തിന്റെ സൃഷ്ടിയിലേക്കു നയിക്കാനിടയില്ല, 'കൊല്‍ക്കത്ത സിഎസ്ഐആര്‍-ഐഐസിബിയിലെ പേരു വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞു.

വാക്‌സിന്‍ വികസനത്തിന്റെ കൃത്യമായ പ്രക്രിയകളുടെ സമഗ്രതയെയും സാങ്കേതികമായി യാഥാര്‍ത്ഥ്യബോധമുള്ള കണക്കുകളെയും പരിഗണിക്കുമ്പോള്‍ തികച്ചും അനുചിതമായ ഐസിഎംആര്‍ പ്രഖ്യാപനത്തിന്റെ സ്വരത്തിലും ഉള്ളടക്കത്തിലും അനൗചിത്യം മുഴച്ചു നില്‍ക്കുന്നതായി രോഗപ്രതിരോധശാസ്ത്രജ്ഞന്‍ സത്യജിത് റാവത്ത് പറഞ്ഞു. വാക്‌സിന്‍ വികസനം പല ഘട്ടങ്ങളായുള്ള പ്രക്രിയയാണ്. വാക്‌സിന്‍ മനുഷ്യര്‍ക്ക് സുരക്ഷിതമാണോ എന്ന് വിലയിരുത്തുന്ന ആദ്യ ഘട്ട പരീക്ഷണം കുറച്ചു പേരെ മാത്രം ഉള്‍പ്പെടുത്തിയുള്ളതാണെങ്കിലും രണ്ടാം ഘട്ട പരീക്ഷണങ്ങളില്‍ അങ്ങനെയല്ല. പലപ്പോഴും നിരവധി മാസങ്ങളെടുത്ത് ആയിരക്കണക്കിന് ആളുകളിലൂടെ നൂറുകണക്കിന് വിഷയങ്ങള്‍ വിലയിരുത്തിയാണ് ഫലപ്രാപ്തി കണ്ടെത്തുന്നത്. ഒരു മാസം കൊണ്ട് ഇതെല്ലാം എങ്ങനെ നടക്കാന്‍ ?അദ്ദേഹം ആരാഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it