സൂര്യ വെളിച്ചം പരക്കട്ടെ; വീടുകളില്‍ സോളാർ വൈദ്യുതി സ്ഥാപിക്കുന്നതിൻ്റെ മുഴുവൻ വിവരങ്ങൾ

വര്‍ഷം മുഴുവന്‍ തെളിഞ്ഞ കാലാവസ്ഥ. ചൂട് വളരെ കൂടുതലോ വളരെ കുറവോ അല്ലാതെ പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച സംസ്ഥാനം. ആറ് മാസം ഇടവിട്ട് ചൂടു കാലവും മഴക്കാലവും ആയ പ്രദേശം. മഴക്കാലത്തും നല്ല രീതിയല്‍ സൂര്യപ്രകാശം ലഭിക്കുന്ന ഇടം. അടുത്തടുത്ത് വീടുകളായി ഒരുപാട് പുരപ്പുറങ്ങള്‍ ഉളള പ്രദേശം. വലിയ വൈദ്യത പദ്ധതികള്‍ക്ക് ആവശ്യമുളള സ്ഥലം ഇല്ലാത്ത നാട്. അങ്ങനെയുളള നമ്മുടെ കേരളത്തിലാണ് ഓരോ വീടും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന കേന്ദ്രങ്ങളായി മാറ്റാന്‍ സാധിക്കുന്ന സോളാര്‍ പദ്ധതികള്‍ നമുക്ക് കൂടുതല്‍ ആവശ്യമായി വരുന്നത്. നമ്മള്‍ ഇനിയുളള കാലം കൂടുതല്‍‌ പ്രാധാന്യത്തോടെയും ഗൗരവത്തോടെയും സമീപിക്കേണ്ട യാഥാര്‍ത്ഥ്യം.
ഏറെ വിദൂരമല്ലാത്ത ഭാവിയില്‍ മനുഷ്യന്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ദുരന്തമാണ് ആഗോളതാപനം. ആഗോളതാപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലേക്ക് (Net Zero) എത്തിക്കുന്ന ശ്രമങ്ങളുമായി ലോകരാജ്യങ്ങള്‍ കുതിക്കുകയണ്. നോര്‍വേ, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ അടുത്ത പതിറ്റാണ്ടില്‍ ഈ ലക്ഷ്യം കൈവരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ നെറ്റ് സീറോയിലേക്ക് 2050 ഓടെ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2070 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യമാണ് ഇന്ത്യ ഏറ്റെടുത്തിരിക്കുന്നത്. നമ്മള്‍ ഇപ്പോള്‍ തന്നെ കുറച്ച് വൈകിയോ അതോ പിന്നോട്ടു പോയോ എന്ന സംശയമുണ്ടെങ്കിലും വരും കാലങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ വീടുകളില്‍ സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയ്ക്ക് ആക്കം കൂട്ടേണ്ടതുണ്ട്. കാര്‍ബര്‍ ബഹിര്‍ഗമനം പരമാവധി കുറച്ച് പ്രകൃതിയെ കൂടുതല്‍ മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്.
ഇതു മാത്രമല്ല കേരളം സോളാര്‍ വൈദ്യുതിയിലേക്ക് കൂടുതലായി മാറണം എന്ന ആവശ്യം ഉയരാന്‍ കാരണം. ചെറിയ ഒരു സംസ്ഥാനമായതിനാല്‍ വന്‍കിട വൈദ്യത പദ്ധതികള്‍ക്ക് കേരളത്തില്‍ സ്ഥലം ലഭിക്കാനില്ല. മാത്രവുമല്ല, കേരളത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ 75 ശതമാനവും നമ്മള്‍ പുറത്തു നിന്നാണ് വാങ്ങുന്നത് എന്നു പറഞ്ഞാല്‍ വൈദ്യുതി മേഖലയില്‍ കേരളം അനുഭവിക്കുന്ന പാപ്പരത്തവും ആശ്രയത്വവും എത്രമാത്രം ഭീതിതിമാണെന്ന അവസ്ഥ ബോധ്യപ്പെടും. അതായത് നിലവില്‍ കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ ഏകദേശം 25 ശതമാനം മാത്രമാണ് നമ്മള്‍ ജല വൈദ്യത പദ്ധതികളില്‍ നിന്നും മറ്റു പുനരുപയോഗ ഊർജ മാര്‍ഗങ്ങളിലൂടെയും ഉല്‍പ്പാദിപ്പിക്കുന്നത്.
കേന്ദ്ര ഗ്രിഡില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില നിശ്ചയിക്കുന്നത് ദീര്‍ഘ കാല കരാറുകള്‍, ഉര്‍ജ്ജ കൈമാറ്റ പദ്ധതികള്‍ എന്നിങ്ങനെ പല രീതിയിലാണ്. ചുരുക്കത്തില്‍ കേന്ദ്ര ഗ്രിഡില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ വില നമ്മുടെ സംസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ അല്ല. മാത്രവുമല്ല നമ്മള്‍ വാങ്ങുന്ന മുക്കാല്‍ ഭാഗത്തോളം വൈദ്യുതിയില്‍ 80 ശതമാനവും വരുന്നത് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ്. ഫോസില്‍ ഇന്ധനങ്ങള്‍ കുറച്ചാല്‍ മാത്രമാണ് നമുക്ക് കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രണ വിധേയമാക്കാന്‍ പറ്റുകയുളളൂ. അതുകൊണ്ടാണ് കേരളം പോലുളള ഒരു സംസ്ഥാനത്ത് സോളാര്‍ വൈദ്യുതി പോലുളള പുനരുപയോഗ ഊർജ പദ്ധതികള്‍ കൂടുതലായി വരണമെന്ന് വിദഗ്ധര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.
പുനരുപയോഗ ഊർജ പദ്ധതികളായ
പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളും ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതികളും കെ.എസ്.ഇ.ബി ആലോചിക്കുന്നുണ്ട്.
ഓരോ വീടുകളിലും സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന മികച്ച സാഹചര്യങ്ങളാണ് കേരളത്തിലുളളത്. അടുത്തടുത്ത് വീടുകളായി കൂടുതല്‍ ജനസാന്ദ്രതയുളള ഒരു പ്രദേശമാണ് കേരളം. അതുകൊണ്ട് പുരപ്പുറ സോളാറിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണ് നമ്മുടേത്. ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്ത് വീടുകളില്‍ സോളാര്‍ സ്ഥാപിച്ചാലും ഇപ്പോഴത്തെ നെറ്റ് മീറ്ററിംഗ് സംവിധാനത്തില്‍ കെ.എസ്.ഇ.ബിക്ക് അധിക വൈദ്യുതി നല്‍കി നമുക്ക് ഒരു വരുമാനം കണ്ടെത്താന്‍ സാധിക്കുമെന്ന് ഈ മേഖലയിലെ പരിചയ സമ്പന്നര്‍ പറയുന്നു. 3 കിലോവാട്ട് സോളാര്‍ സിസ്റ്റം വീടുകളില്‍ സ്ഥാപിക്കുന്നതിന് സബ്സിഡിക്ക് ശേഷം ഏകദേശം 1.4 ലക്ഷം രൂപയാണ് ആകുക. ഇതിന് ഇപ്പോള്‍ ബാങ്കുകള്‍ ഈടുരഹിത വായ്പകളും നല്‍കുന്നു.
പി.എം സൂര്യഘര്‍ പദ്ധതി
സോളാര്‍ പദ്ധതികളുടെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞ് ജനുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഒരു കോടി ഭവനങ്ങളില്‍ സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൂര്യഘര്‍ പദ്ധതി കൊണ്ടുവരുന്നത്. ഫെബ്രുവരിയില്‍ കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയം പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ സോഫ്റ്റ് വെയറും വെബ്സൈറ്റും തയ്യാറാക്കി. 78,000 രൂപയാണ് സബ്സിഡിയാണ് ഇതുവഴി ഓരോ ഉപഭോക്താവിനും നല്‍കുന്നത്. ആദ്യത്തെ കിലോവാട്ടിനു 30,000 രൂപയും രണ്ടാമത്തെ കിലോവാട്ടിനു 30,000 രൂപയും വീതം 60,000 രൂപയും മൂന്നാമത്തെ കിലോവാട്ടിന് 18,000 രൂപയുമാണ് സബ്സിഡി. ഗാര്‍ഹിക ഉപഭോക്താക്കളും ഫ്ലാറ്റ് സമുച്ചയങ്ങളില്‍ താമസിക്കുന്ന ഉപഭോക്താക്കളുമാണ് സബ്സിഡി പരിധിയില്‍ വരിക. സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കൊമേഴ്സ്യല്‍ ഉപഭോക്താക്കളെ സബ്സിഡിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കൊമേഴ്സ്യല്‍ ഉപഭോക്താക്കള്‍ക്ക് നികുതി ആനുകൂല്യങ്ങളും വില കുറവുകളും നല്‍കുന്നുണ്ട്, അവരുടെ താരിഫ് നിരക്ക് താരതമ്യേന ഉയര്‍ന്നതായിരിക്കും. ഇതിനു മുമ്പ് സോളാര്‍ പദ്ധതികള്‍ ജനകീയമാക്കാന്‍ പല പദ്ധതികളും സര്‍ക്കാരുകള്‍ കൊണ്ടു വന്നിട്ടുണ്ട് എങ്കിലും സൂര്യഘര്‍ പദ്ധതി പോലെ ഫലപ്രദമായ പ്രായോഗികമായ പദ്ധതികള്‍ ആയിരുന്നില്ല അവ.
കേന്ദ്ര സര്‍ക്കാരിന്റെ സൂര്യഘര്‍ പദ്ധതിയെ കേരള സര്‍ക്കാരും കെ.എസ്.ഇ.ബിയും മികച്ച പിന്തണ നല്‍കിയാണ് സ്വീകരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ജനങ്ങളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് പദ്ധതിക്ക് നല്‍കുന്നത്. സംസ്ഥാനത്തെ നിലവിലെ സോളാര്‍ വൈദ്യുതി സിസ്റ്റങ്ങളുടെ ഉല്‍പ്പാദന ശേഷി 1165 മെഗാവാട്ടോളമാണ്, അതായത് ഏകദേശം 1 ഗിഗാവാട്ട്. ഇതില്‍ 500 മെഗാവാട്ടോളം വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെട്ടത് കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ടാണ് എന്നത് സൂര്യഘര്‍ പദ്ധതിയുടെ പ്രായോഗികതയാണ് കാണിക്കുന്നത്.

വീടുകളില്‍ പ്രധാനമായും മൂന്ന് തരത്തില്‍ സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്നതാണ്. ഓണ്‍ഗ്രിഡ്, ഓഫ്ഗ്രിഡ്, ഹൈബ്രിഡ് എന്നിവയാണ് അവ. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയില്‍ ഉപയോഗ ആവശ്യത്തിന് ശേഷം കെ.എസ്.ഇ.ബി സിസ്റ്റത്തിലേക്ക് നല്‍കുന്നതിനെയാണ് ഓണ്‍ഗ്രിഡ് എന്നു പറയുന്നത്. ബാറ്ററി ഉപയോഗിച്ച് വീട്ടില്‍ വൈദ്യുതി സംഭരിക്കുന്ന സംവിധാനത്തിനെ ഓഫ്ഗ്രിഡ് എന്നാണ് പറയുക. ഇതു രണ്ടും കൂടി ചേരുന്ന സംവിധാനത്തെ ഹൈബ്രിഡ് എന്നു പറയും. ഓണ്‍ഗ്രിഡ്, ഹൈബ്രിഡ് സംവിധാനങ്ങള്‍ക്ക് മാത്രമാണ് സബ്സിഡി നല്‍‌കുന്നത് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ഓഫ്ഗ്രിഡ് സംവിധാനങ്ങള്‍ക്ക് നിലവില്‍ സബ്സിഡി നല്‍കുന്നില്ല.
എന്തുകൊണ്ട് വീടുകളില്‍ സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിക്കണം
78000 രൂപയുടെ സബ്സിഡി ലഭിക്കുക ഉപഭോക്താക്കളുടെ സാമ്പത്തിക ബാധ്യത ഗണ്യമായി കുറയ്ക്കുന്ന നടപടിയാണ്. കേരളം പോലുളള സംസ്ഥാനത്ത് വീടുകളില്‍ സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ഒരുപാട് സാധ്യതകളാണ് ഉളളത്. വെറുതെ കിടക്കുന്ന പുരപ്പുറങ്ങള്‍ നമുക്ക് വിനിയോഗിക്കാന്‍ സാധിക്കും എന്നതിനു പുറമേ വീടുകളെ നമുക്ക് ഒരു ഊര്‍ജ സ്രോതസായി മാറ്റാവുന്നതാണ്. കൂടാതെ ഒരു വരുമാന മാര്‍ഗം കൂടിയായി ഇതിനെ കാണാവുന്നതാണ്. അധിക വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കുമ്പോള്‍ ലഭിക്കുക യൂണിറ്റിന് 3 രൂപ 15 പൈസ നിരക്കിലാണ്. നേരത്തേ ഇത് 2 രൂപ 69 പൈസ ആയിരുന്നു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന സെല്‍ഫ് ജനറേഷന്‍ ഡ്യൂട്ടി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ കേരളത്തില്‍ സോളാര്‍ വൈദ്യുതി മേഖല
വളരെയധികം മുന്നോട്ട്
കുതിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് 10,000 മെഗാവാട്ടോളം സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുളള സാധ്യതകള്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ നമ്മള്‍ ഇതുവരെ 1165 ഓളം മെഗാവാട്ട് മാത്രമേ ഉല്‍പ്പാദിപ്പിച്ചിട്ടുളളൂ എന്നത് നമുക്ക് ഇനിയും താണ്ടേണ്ട ദൂരത്തെയാണ് കാണിക്കുന്നത്. ഇത് ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനത്തിന്റെ 1.4 ശതമാനം മാത്രമാണ് എന്നതും വിസ്മരിക്കരുത്. 1.4 ലക്ഷം സോളാര്‍ ഉപഭോക്താക്കള്‍ മാത്രമാണ് നിലവില്‍ കേരളത്തില്‍ ഉളളത്. 2050 ഓടെ 500 ഗിഗാവാട്ട് ഉല്‍പ്പാദന ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സോളാര്‍ സിസ്റ്റത്തിലെ പ്രധാന ഘടകങ്ങള്‍
സോളാര്‍ പാനലുകള്‍, ഇന്‍വേട്ടറുകള്‍, ബി.ഒ.എസ് (ബാലന്‍സ് ഓഫ് സിസ്റ്റംസ്) എന്നു വിളിക്കപ്പെടുന്ന ഇലക്ട്രിക്കല്‍ സിസ്റ്റങ്ങള്‍ എന്നിവയാണ് സോളാര്‍ സിസ്റ്റത്തിലെ പ്രധാന ഘടകങ്ങള്‍. ഇന്ത്യയില്‍ തെലങ്കാന, ഗുജറാത്ത് തുടങ്ങി പല സംസ്ഥാനങ്ങളിലും സോളാര്‍ പാനലുകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അവിടെ നിന്നാണ് ഇവ കേരളത്തിലേക്ക് വരുന്നത്. സോളാര്‍ പാനലുകളില്‍ ഘടിപ്പിക്കുന്ന സെല്ലുകള്‍ക്കായി നമ്മള്‍ ഇപ്പോഴും കൂടുതലായി ആശ്രയിക്കുന്നത് ചൈനയെയാണ്.
ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന സെല്ലുകളെയും പാനലുകളേയും ചേര്‍ത്തു ഡി.സി.ആര്‍ (Domestic content required) എന്നാണ് പറയുന്നത്. സബ്സിഡി ലഭിക്കാനായി ഡി.സി.ആര്‍ പാനലുകളാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ സബ്സിഡി വേണ്ടാത്ത സിസ്റ്റങ്ങള്‍ക്കായി നോണ്‍ ഡി.സി.ആര്‍ പാനലുകളും ഉപയോഗിക്കാം. കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന്റെ (Ministry of New and Renewable Energy) കടുത്ത നിയന്ത്രണങ്ങളാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിനാല്‍ ഡി.സി.ആര്‍ പാനലുകള്‍ക്ക് വില കൂടുതലാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ശക്തമാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഡി.സി.ആര്‍ പാനലുകള്‍ക്കേ സബ്സിഡി നല്‍കൂവെന്ന തീരുമാനത്തിലെത്തിയത്. മാത്രമല്ല കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 മുതല്‍ ബി.സി.ഡി (Basic customs duty) സോളാര്‍ പാനലുകളില്‍ വളരെ കൂടുതലായി കൂട്ടിയിരുന്നു. പുറം രാജ്യങ്ങളില്‍ നിന്ന് സോളാര്‍ പാനലുകള്‍ മുഴുവനായി ഇറക്കുമതി ചെയ്യുകയാണെങ്കില്‍ വെറും 5 ശതമാനം ഉണ്ടായിരുന്ന ബി.സി.ഡി 40 ശതമാനമായാണ് ഉയര്‍ത്തിയത്. സോളാര്‍ സെല്ലുകളോ, ഏതെങ്കിലും ഘടകങ്ങളോ ഇറക്കുമതി ചെയ്താല്‍ 25 ശതമാനം ബി.സി.ഡിയാണ് നല്‍കേണ്ടി വരിക.
രണ്ടാമത്തെ പ്രധാന ഘടകം ഇന്‍‌വേര്‍ട്ടറുകള്‍ ആണ്. ഇപ്പോള്‍ പ്രധാനമായും ചൈനീസ് ഇന്‍വേര്‍ട്ടറുകളെയാണ് ആശ്രയിക്കുന്നുത്. പല കമ്പനികളും ഇന്‍വേട്ടറുകള്‍ ഇറക്കുമതി ചെയ്ത് സ്വന്തം പേരില്‍ വിപണിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ചില മുന്‍നിര കമ്പനികള്‍ സോളാര്‍ ഇന്‍വേര്‍ട്ടറുകള്‍ സ്വന്തമായി ഉല്‍പ്പാദിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. സോളാര്‍ ഇന്‍വേര്‍ട്ടറുകള്‍ ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന കാര്യത്തില്‍ നമ്മള്‍ ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ട്.
ഹൈബ്രിഡ് സിസ്റ്റം, ഓഫ്ബ്രിഡ് സിസ്റ്റം എന്നിവയിലേക്ക് വരുമ്പോള്‍
ബാറ്ററി കൂടി ഒരു പ്രധാന ഘടകമായി മാറുന്നു
. നമ്മള്‍ സാധാരണയായി ഉപയോഗിക്കാറുളള ലെഡ് ആസിഡ് ബാറ്ററികള്‍ ആണ് നിലവില്‍ പ്രചാരത്തില്‍ ഉളളത്. എന്നാല്‍ ലിഥിയം ബാറ്ററികളും കൂടുതലായി ഉപയോഗിക്കപ്പെടേണ്ടതുണ്ട്. ലിഥിയം ബാറ്ററികള്‍ക്ക് ഇപ്പോള്‍ താരതമ്യേന വില കുറവാണ്. ലിഥിയം ബാറ്ററികള്‍ ഭൂരിഭാഗവും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയില്‍ ലിഥിയം ബാറ്ററികള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാനുളള വലിയ രീതിയിലുളള ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.
അംഗീകൃത ഇന്റഗ്രേറ്റേഴ്സ്
കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയം (എം.എന്‍.ആര്‍.ഇ) എംപാനല്‍ ചെയ്തിരിക്കുന്ന 818 ഓളം അംഗീകൃത ഇന്റഗ്രേറ്റേഴ്സാണ് (സോളാര്‍ സിസ്റ്റം സ്ഥാപിക്കുന്നതിന് സഹായിക്കുന്ന കമ്പനികള്‍) കേരളത്തില്‍ ഉളളത്. എം.എന്‍.ആര്‍.ഇ വെബ്സൈറ്റില്‍ ഇവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അംഗീകൃതമല്ലാത്ത ഇന്റ
ഗ്രേറ്റേഴ്സിനെ
സമീപിക്കാതിരിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. വാറന്റി ലഭിക്കുന്നതിനും എം.എന്‍.ആര്‍.ഇ യുമായി കത്തിടപാടുകള്‍ നടത്തുന്നതിനും അംഗീകൃതമല്ലാത്തവരുടെ പക്കല്‍ നിന്നും സോളാര്‍ പാനലുകള്‍ സ്ഥാപിച്ചാല്‍ ബുദ്ധിമുട്ടുകള്‍ നേരിടും. ഉല്‍പ്പന്നങ്ങളുടെ സര്‍വീസ് ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിലും വീഴ്ച സംഭവിക്കും. സോളാര്‍ പാനലുകള്‍ക്ക് 25 വര്‍ഷത്തെ പ്രകടന വാറന്റിയാണ് എം.എന്‍.ആര്‍.ഇ നിഷ്കര്‍ഷിക്കുന്നത്. 5 വര്‍ഷം മുതല്‍ 25 വര്‍ഷം വരെ വാറന്റിയുളള സോളാര്‍ ഇന്‍വേര്‍ട്ടറുകള്‍ ഉണ്ട്. അംഗീകൃതമല്ലാത്ത ഇന്റഗ്രേറ്റേഴ്സില്‍ നിന്നും ഇവയ്ക്ക് കൃത്യമായ വാറന്റി ലഭിക്കാന്‍ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുകള്‍ നേരിടുമെന്ന് പ്രത്യേകം ഓര്‍ക്കുക.
കേരളവും ഇന്ത്യയും കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലേക്ക് കൊണ്ടുവരാനുളള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനായി വളരെ വേഗത്തിൽ മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ്. ഇതിനായി ആര്‍.പി.ഒ (Renewable Power Objective) എന്ന മാര്‍ഗ നിര്‍ദേശങ്ങളാണ് ഇന്ത്യ ആസൂത്രണം ചെയ്തിരിക്കുന്നത്. 2040 ഓടു കൂടി 40 ശതമാനം പുനരുപയോഗ ഊര്‍ജമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിലേക്ക് അടുക്കുന്നതിനായി ഓരോ വര്‍ഷവും നമ്മള്‍ കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആര്‍.പി.ഒ അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ വൈദ്യുതി സംബന്ധമായ പല പദ്ധതികളും ആസൂത്രണം ചെയ്യുന്നത്. കെ.എസ്.ഇ.ബിക്ക് അവരുടെ
അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍
മെച്ചപ്പെടുത്താനോ പുതുക്കാനോ കേന്ദ്രത്തില്‍ നിന്ന് സാമ്പത്തിക പിന്തുണ ലഭിക്കുന്നതിന് നിശ്ചിത ആര്‍.പി.ഒ പ്രാപ്തമാക്കേണ്ടതുണ്ട്.

കേരളത്തില്‍ സോളാര്‍ മേഖല നേരിടുന്ന വെല്ലുവിളികള്‍
കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഫോമറുകള്‍ അടക്കമുളള അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ പുതിയ കാലഘട്ടത്തിന് അനുസരിച്ച് മെച്ചപ്പെടുത്തുക ഒരു വെല്ലുവിളിയാണ്. ഒരു ട്രാന്‍സ്ഫോമറിന് കീഴില്‍ 75 ശതമാനം മാത്രമേ സോളാര്‍ വൈദ്യുതി സിസ്റ്റം മാത്രമേ അനുവദിക്കുകയുളളൂ എന്ന തീരുമാനത്തില്‍ കഴിഞ്ഞ ദിവസം അയവ് വന്നിരുന്നു. 100 വീടുകളുളള ഒരു സ്ഥലത്ത് 10-15 വീടുകളില്‍ സോളാര്‍ സിസ്റ്റം ചെയ്തു കഴിഞ്ഞാല്‍ തന്നെ ഈ 75 ശതമാനം എത്തുന്നു. ഈ പരിധി 90 ശതമാനമാക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശമുളളത്. എറണാകുളം പോലുളള മെട്രോ നഗരങ്ങളില്‍ ഇത്തരത്തില്‍‌ ഫീസിബിലിറ്റി കിട്ടാതെ വരുന്ന ഒരു പാട് കേസുകള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ.എസ്.ഇ.ബിയുടെ അടിസ്ഥാന സാങ്കേതിക സൗകര്യ വികസനം ഇത്തരം സാഹചര്യങ്ങളില്‍ അത്യാവശ്യമാണ്. 100 കെ.വിയുടെ ട്രാന്‍സ്ഫോമര്‍ ആണെങ്കില്‍ അതിനെ 160 കെ.വി അല്ലെങ്കില്‍ കൂടിയ കിലോ വാട്ടിലേക്ക് മാറ്റേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഒരു ട്രാന്‍സ്ഫോമറിന്റെ സെക്ഷനെ വിഭജിച്ചിട്ട് രണ്ട് ട്രാന്‍സ്ഫോമര്‍ ആക്കുക എന്നതാണ് മറ്റൊരു പോംവഴി. ട്രാന്‍സ്ഫോമറുകളുടെ ശേഷിയേക്കാള്‍ കൂടുതല്‍ സോളാര്‍ സിസ്റ്റങ്ങള്‍ അനുവദിച്ചാല്‍ ഇവയില്‍ നിന്നുളള ഉല്‍പ്പാദനം കാരണം വോള്‍ട്ടേജ് കൂടുന്നത് വൈദ്യുതി വിതരണ സംവിധാനം അപകടത്തിലാക്കും. ഇത് ഒഴിലാക്കുനുളള സാങ്കേതിക സംവിധാനങ്ങള്‍ നടപ്പിലാക്കാനുളള ശ്രമങ്ങളിലാണ് കെ.എസ്.ഇ.ബി.
നിലവിലെ വളരെ വേഗത്തിലുളള സോളാർ സിസ്റ്റം ഇന്‍സ്റ്റലേഷനുകള്‍ കെ.എസ്.ഇ.ബി ഇതുവരെ വേണ്ട രീതിയില്‍ അഭിമുഖീകരിച്ചിട്ടില്ല എന്ന പരാതികളും ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ നെറ്റ് മീറ്ററിങ്ങിനായി ബൈ ഡയറക്ഷണല്‍ മീറ്ററുകള്‍ ഇല്ലാതുളള പ്രശ്നങ്ങള്‍ കെ.എസ്.ഇ.ബി ഇപ്പോള്‍ കൂടുതൽ നേരിടുന്നു. സോളാര്‍ സിസ്റ്റം കമ്മീഷന്‍ ചെയ്യേണ്ട ജോലി കെ.എസ്.ഇ.ബിക്കാണ്. കെ.എസ്.ഇ.ബി നിലവിലെ മീറ്റര്‍ മാറ്റി നെറ്റ് മീറ്റര്‍ വയ്ക്കുമ്പോഴാണ് ഒരു പ്രൊജക്ട് പൂര്‍ത്തിയാകുന്നത്. എന്നാല്‍ അതിന് സമയം എടുക്കുന്നതിനാല്‍ ഒരുപാട് പ്രൊജക്ടുകള്‍ വൈകുന്ന അവസ്ഥയും ഉണ്ടാകുന്നു. മറ്റൊന്ന് കെ.എസ്.ഇ.ബിയും എം.എന്‍.ആര്‍.ഇ യുമായുളള സോഫ്റ്റ് വെയര്‍ പ്രശ്നങ്ങളാണ്. അത് വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്നമാണ്.
നമ്മുടെ വീടുകള്‍ക്ക് ഭൂരിഭാഗവും ട്രസ് ചെയ്ത മൂല്‍ക്കൂരകളാണ് എന്നതാണ് ജനങ്ങളുടെ ഭാഗത്തു നിന്നുളള പ്രധാന വെല്ലുവിളി. മഴയെ പേടിച്ചാണ് നമ്മള്‍ വീടുകളുടെ മുകളില്‍ ഷീറ്റുകള്‍ വിരിക്കുന്നത്. എന്നാല്‍ അതിന്റെ മുകളില്‍ സോളാര്‍ പാനലുകള്‍ വെക്കുമ്പോള്‍ ചെലവ് കൂടാന്‍ ഇടയാക്കുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സോളാര്‍ സിസ്റ്റം വെക്കുമ്പോള്‍ ചെലവ് കൂടാന്‍ ഇതും കാരണമാണ്.
ബാങ്ക് ലോണുകള്‍
എം.എന്‍.ആര്‍.ഇ നല്‍കുന്ന സബ്സിഡി പ്രോഗ്രാമിനെ സി.എഫ്.എ (Central financial assistance) എന്നാണ് പറയുന്നത്. മറ്റു പല സബ്സിഡികളും നേരിട്ട് എത്തിക്കുന്നത് പോലെ ഉപഭോക്താക്കള്‍ക്ക് നേരിട്ടാണ് സോളാര്‍ സബ്സിഡിയും എത്തിക്കുന്നത്. പൊതുമേഖലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈടില്ലാതെ വായ്പ നല്‍കുന്നതിനും തയ്യാറായിട്ടുണ്ട്. എസ്.ബി.ഐ, ധനലക്ഷ്മി ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങി വായ്പകള്‍ നല്‍കുന്ന 18 ഓളം ബാങ്കുകളുടെ വിവരങ്ങള്‍ എം.എന്‍.ആര്‍.ഇ വെബ്സൈറ്റില്‍ ലഭ്യമാണ്. എന്തൊക്കെയാണ് ഇവരുടെ സേവനങ്ങള്‍, എങ്ങനെയൊക്കെയാണ് ഇവര്‍ വായ്പ നല്‍കുന്നത്, എത്ര ശതമാനമാണ് ലോണ്‍ കൊടുക്കുന്നത് തുടങ്ങിയ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഓരോ ബാങ്കും ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഓരോ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. വളരെ ആകര്‍ഷകമായ പലിശ നിരക്കാണ് ഇവര്‍ നല്‍കി വരുന്നത്. ഇവര്‍ക്കെല്ലാം കൈവരിക്കേണ്ട നിശ്ചിത ലക്ഷ്യവും എം.എന്‍.ആര്‍.ഇ നല്‍കിയിട്ടുണ്ട്. ലോണ്‍ എടുത്ത് സോളാര്‍ സിസ്റ്റം സ്ഥാപിച്ചു കഴിഞ്ഞാലും നിലവിലെ നെറ്റ് മീറ്ററിംഗ് സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് മെച്ചമാണ് ഉണ്ടാകുക. ഉപഭോക്താവ് ഉപയോഗിച്ച വൈദ്യുതിയും ഉല്‍പ്പാദിപ്പിച്ച വൈദ്യുതിയും തട്ടിക്കിഴിച്ച് ബാക്കിയുളളതിന് മാത്രം പൈസ നല്‍കുന്നതിനെയാണ് നെറ്റ് മീറ്ററിംഗ് എന്നു പറയുന്നത്.
എങ്ങനെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കും

കേരളത്തില്‍ ധാരാളം ഇന്റഗ്രേറ്റേഴ്സ് ഉളളതുകൊണ്ട് നല്ല രീതിയില്‍ പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ എം.എന്‍.ആര്‍.ഇ എംപാനല്‍‌ഡ് വെന്‍ഡേഴ്സ് അസോസിയേഷനാണ് മാസ്റ്റേഴ്സ്. വനിതാ സംരംഭകര്‍ ഈ മേഖലയില്‍ കുറവാണ് എന്നതും എടുത്തു പറയേണ്ടത്. ഓരോ വീടുകളിലും സോളാര്‍ വൈദ്യുതി എത്തിക്കുക എന്ന ഈ യജ്ഞത്തില്‍ കൂടുതല്‍ വനിതകളെയും പങ്കെടുപ്പിക്കേണ്ടത് അത്യാവശ്യമാണ്. വീടുകളെ ഊര്‍ജ്ജ സ്വയം പര്യാപ്തമാക്കുക എന്നതിനു പുറമേ മാലിന്യ മുക്ത പ്രകൃതി, ഭാവി തലമുറയ്ക്ക് പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുളള സോളാര്‍ വ്യവസായ മേഖലയിലേക്ക് വനിതകളും കൂടുതലായി വരേണ്ടതുണ്ടെന്ന് മാസ്റ്റേഴ്സ് എക്സിക്യുട്ടിവ് മെമ്പറും ക്രോംടെക്ക് പവര്‍ മാനേജിംഗ് ഡയറക്ടറുമായ രാജേശ്വരി പറയുന്നു.

സംസ്ഥാനങ്ങളില്‍ സോളാര്‍ സിസ്റ്റങ്ങളുടെ പ്രചാരണത്തിനായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം 1000 കോടി രൂപയുടെ ഒരു പദ്ധതി കൊണ്ടുവന്നിട്ടുണ്ട്. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി തലത്തില്‍ സോളാര്‍ വൈദ്യുതിയെ പ്രോല്‍സാഹിപ്പുക്കുക എന്ന ഉദ്ദേശത്തിലാണ് പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഇത് കൂടുതല്‍ ആള്‍ക്കാരെ സോളാറിലേക്ക് ആകര്‍ഷിക്കും എന്നാണ് കരുതുന്നത്. എം.എന്‍.ആര്‍.ഇ തന്നെയാണ് ഇതിനും നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ കെ.എസ്.ഇ.ബി യുടെ നേതൃത്വത്തിലാണ് പ്രധാനമായും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.


കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയം വെബ്സൈറ്റ്:
https://mnre.gov.in/
പുരപ്പുറ സൗരോർജ്ജ നിലയം സ്ഥാപിക്കാനുളള സഹായത്തിനുളള കെ.എസ്.ഇ.ബി വെബ്സൈറ്റ്: https://ekiran.kseb.in/
സബ്.സി.ഡി അപേക്ഷിക്കാനുളള വെബ്സൈറ്റ്: https://www.pmsuryaghar.gov.in/
Name of Contact Person : Smt. R Deepa
Designation : Executive Enginner
Contact Phone : 9496018370/9496266631
Email : sourahelpdesk[at]gmail[dot]com
ലോണ്‍ നല്‍കുന്ന എം.എന്‍.ആര്‍.ഇ അംഗീകൃത ബാങ്കുകള്‍: https://pmsuryaghar.in/solar-loan-for-pm-surya-ghar-muft-bijli-yojana/
കേരളത്തിലെ സോളാര്‍ വെന്‍ഡേഴ്സിന്റെ സംഘടനയായ മാസ്റ്റേഴ്സിന്റെ വെബ്സൈറ്റ്:
https://solarmasters.org/

നിലവില്‍ ലഭ്യമായ സോളാര്‍ മോഡ്യൂളുകള്‍
Monoperc half cut modules (most popular)
Bifacial monoperc half cut modules
Topcon bifacial (new entrant)
സോളാര്‍ ഇന്‍വേട്ടറുകള്‍
String inverters (most popular)
Micro-inverters
With optimisers
And Hybrid inverters
സോളാര്‍ സിസ്റ്റത്തിലെ ഇലക്ട്രിക്കല്‍ ഘടകങ്ങളുടെ (BOS: Balance of System) ഗുണനിലവാരവും ഉപഭോക്താക്കള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിനായി അംഗീകൃത ഇന്റഗ്രേറ്റര്‍മാരെ (സോളാര്‍ സിസ്റ്റം വീടുകളില്‍ സ്ഥാപിക്കുന്ന ഏജന്‍സികള്‍) സമീപിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

2023 ല്‍ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തിന് എതിരെയുളള 28ാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് (Climate Change Conference) ദുബൈയില്‍ നടന്നു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുളള മാറ്റം സമ്മേളനത്തില്‍ ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു. സൂര്യപ്രകാശം, കാറ്റ് തുടങ്ങിയ പാരമ്പര്യേതര ഊര്‍ജ സ്രോതസുകളില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുളള കൂടുതല്‍ ശ്രമങ്ങള്‍ ലോകരാജ്യങ്ങള്‍ നടത്തണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. 2030 ഓടെ ഊര്‍ജ്ജ ഉല്‍പ്പാദന ശേഷിയുടെ 50 ശതമാനം പാരമ്പര്യേതര ഊര്‍ജ സ്രോതസുകളില്‍ നിന്ന് ഇന്ത്യ ലക്ഷ്യമിടുന്നു.
Sutheesh Hariharan
Sutheesh Hariharan - Chief Sub-Editor - sutheesh.hariharan@dhanam.in  
Related Articles
Next Story
Videos
Share it