സ്വിഗ്ഗിയും സൊമാറ്റോയും ചിലവേറുമോ?; കര്‍ണാടകയില്‍ ഡിജിറ്റല്‍ ആപ്പുകള്‍ക്കും ഫീസ്

ഡിജിറ്റല്‍ ആപ്പുകള്‍ക്ക് ഫീസ് ചുമത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കം സ്വിഗ്ഗി, സൊമാട്ടോ പോലുള്ള പോപ്പുലര്‍ ആപ്പുകളുടെ സേവനം ചിലവേറിയതാക്കുമെന്ന് സൂചനകള്‍. ഡിജിറ്റല്‍ ആപ്പുകള്‍ക്ക് രണ്ട് ശതമാനം വരെ ഫീസ് ഇടാക്കാനാണ് സര്‍ക്കാര്‍ നീക്കം. സ്വിഗ്ഗി, സൊമാറ്റോ, ആമസോണ്‍, ഫ്ളിപ് കാര്‍ട്ട്, ഊബര്‍ തുടങ്ങി ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ആപ്പുകളെല്ലാം ഫീസിന്റെ പരിധിയില്‍ വരും. ഫീസ് നിരക്ക്, നടപ്പാക്കുന്ന രീതി എന്നിവയെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഒരു സബ് കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. കമ്മിറ്റി അടുത്തയാഴ്ച യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും. സര്‍ക്കാര്‍ നീക്കത്തെ കുറിച്ച് പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, സ്റ്റാര്‍ട്ടപ്പ് കമ്പനികളെ ഇത് പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.

ജീവനക്കാര്‍ക്ക് ക്ഷേമ ഫണ്ട്

ഡിജിറ്റല്‍ ആപ്പ് കമ്പനികളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ക്ഷേമ ഫണ്ട് സ്വരൂപിക്കാനാണ് ഫീസ് ഈടാക്കുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഫീസ് ഇനത്തില്‍ ലഭിക്കുന്ന പണം മൂന്നു മാസത്തിലൊരിക്കല്‍ സര്‍ക്കാരിലേക്ക് കൈമാറുന്ന രീതിയിലാണ് ഫണ്ട് ക്രമീകരിക്കുന്നത്. ഇത്തരത്തിലൊരു ഫണ്ട് രൂപീകരിക്കുന്നത് സംബന്ധിച്ച് കര്‍ണാടക സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ ബില്ലില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, പുതിയ ഫീസ് ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളുടെ ചിലവുകള്‍ വര്‍ധിപ്പിക്കും. ഇത് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുമോ എന്ന കാര്യം വ്യക്തമല്ല. ചെറുകിട കമ്പനികളെയാണ് ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കുകയെന്നാണ് വിലയിരുത്തല്‍. ഫീസ് വരുന്നതോടെ ഉപഭോക്താക്കളെ നഷ്ടപ്പെടുമോ എന്ന ആശങ്ക പല കമ്പനികള്‍ക്കുമുണ്ട്. കര്‍ണാടകയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിനെ ആശങ്ക അറിയിച്ചിട്ടുണ്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്റ് സര്‍വ്വീസ് കമ്പനീസ്, ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകളും സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടു­­ണ്ട്.

Related Articles
Next Story
Videos
Share it