ഇന്ന് നിങ്ങൾ അറിയേണ്ട 10 ബിസിനസ് വാർത്തകൾ-നവം. 26

1. ബാങ്കുകൾക്ക് 42,000 കോടി മൂലധനം ഡിസംബർ പകുതിയോടെ

ഡിസംബർ പകുതിയോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് 42,000 കോടി മൂലധനം ലഭ്യമാക്കും. 2.11 ലക്ഷം കോടി രൂപയുടെ റീ-ക്യാപിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമായാണിത്. 1.35 ലക്ഷം കോടി രൂപ ഇതുവരെ നൽകിക്കഴിഞ്ഞു.

2. 'ആർബിഐയ്ക്ക് 1 ലക്ഷം കോടി രൂപ സർക്കാരിന് കൈമാറാം'

ആവശ്യമെങ്കിൽ ആർബിഐക്ക് കരുതൽ ശേഖരത്തിൽ നിന്ന് ഒരു ലക്ഷം കോടി രൂപ സർക്കാരിന് കൈമാറാമെന്ന് ബാങ്ക് ഓഫ് അമേരിക്ക-മെറിൽ ലിഞ്ച് നടത്തിയ പഠനം. ആർബിഐയുടെ കയ്യിൽ ഇത്രയും പണം അധികമായുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

3. സെന്‍സെക്‌സ് ക്ലോസ് ചെയ്തതത് 373 പോയന്റ് നേട്ടത്തില്‍

ഓഹരി വിപണിയില്‍ മികച്ച നേട്ടം. സെന്‍സെക്‌സ് 373.06 പോയന്റ് നേട്ടത്തില്‍ 35354.08ലും നിഫ്റ്റി 101.85 പോയന്റ് ഉയര്‍ന്ന് 10628.60ലുമാണ് ക്ലോസ് ചെയ്തത്.

ധനകാര്യം, വാഹനം, ഐറ്റി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കയത്.

4. രൂപയുടെ മൂല്യം വീണ്ടും ഉയർന്നു

ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്ന് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. തിങ്കളാഴ്ച രാവിലെ വിനിമയമൂല്യം ഡോളറിനെതിരെ 70.39 ആയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ക്ലോസ് ചെയ്തത് 70.70 നിലവാരത്തിലാണ്.

5. 65,000 പുതിയ പെട്രോൾ പമ്പുകളുമായി ഓയിൽ കമ്പനികൾ

തെരഞ്ഞെടുപ്പിന് മുൻപ് 65,000 പുതിയ പെട്രോൾ പമ്പുകൾ തുറക്കാൻ രാജ്യത്തെ എണ്ണ കമ്പനികൾ. ഇതോടെ ഓയിൽ കമ്പനികളുടെ റീറ്റെയ്ൽ നെറ്റ് വർക്ക് ഏതാണ്ട് ഇരട്ടിയാകും. ഐ.ഒ.സി, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവർ ഇതുസംബന്ധിച്ച പരസ്യം നൽകിക്കഴിഞ്ഞു.

6. ജെറ്റ് എയർവേയ്സ്: നരേഷ് ഗോയൽ എത്തിഹാദുമായി ചർച്ചയിൽ

സാമ്പത്തിക ഞെരുക്കത്തിലായ ജെറ്റ് എയർവേയ്സിനെ രക്ഷപ്പെടുത്താൻ അവസാനഘട്ട പരിശ്രമത്തിലാണ് എയർലൈനിന്റെ സ്ഥാപകനായ നരേഷ് ഗോയൽ. എത്തിഹാദ് എയർവേയ്സിന് കമ്പനിയിലുള്ള വിഹിതം വർധിപ്പിക്കാൻ ആവശ്യപ്പെട്ട് ചർച്ചയിലാണിപ്പോൾ ഗോയൽ. ജെറ്റ് എയർവേയ്സിനെ ഏറ്റെടുക്കുന്നതിൽ ടാറ്റ പിന്മാറിയേക്കുമെന്ന വർത്തകൾ ഉണ്ടായിരുന്നു.

7. പുതിയ ടോൾ നയം: യാത്ര ചെയ്യുന്ന ദൂരത്തിന് പണം നൽകിയാൽ മതി

പുതിയ ടോൾ നയത്തിന്റെ പണിപ്പുരയിലാണ് സർക്കാർ. നിലവിൽ രണ്ട് ടോൾ പ്ലാസകൾക്കിടയിലുള്ള ദൂരത്തിന് മുൻ നിശ്ചയിച്ച തുകയാണ് ഇപ്പോൾ ടോൾ നൽകുന്നത്. പുതിയ നയം അനുസരിച്ച് യാത്ര ചെയ്ത ദൂരത്തിനനുസരിച്ച് തുക നൽകിയാൽ മതിയാവും.

8. എയർസെൽ-മാർക്സിസ് കേസ്: ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതിയുണ്ടെന്ന് സിബിഐ

എയർസെൽ-മാർക്സിസ് കേസുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി പി. ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ ആവശ്യമായ അനുമതി തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് സിബിഐ ഡൽഹി കോടതിയെ അറിയിച്ചു. ചിദംബരത്തിനും മകൻ കാർത്തിക്കും അറസ്റ്റിൽ നിന്ന് ഡിസംബർ 18 വരെ സംരക്ഷണം കോടതി നൽകി.

9. പഠനഭാരം കുറക്കാൻ സ്കൂളുകൾക്ക് സർക്കാർ നിർദേശം

കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി, ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ഇനിമുതൽ ഹോംവർക്ക് നൽകരുതെന്ന് സ്കൂളുകളോട് മാനവവിഭവ ശേഷി മന്ത്രാലയം.സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്നും 3 കിലോഗ്രാമിൽ കൂടരുതെന്നും നിർദേശമുണ്ട്.

10. കാർലോസ് ഗോനെ ചെയർമാൻ സ്ഥാനത്തുനിന്നും നീക്കി മിറ്റ്സുബിഷി

സാമ്പത്തിക ക്രമക്കേടിൽ ആരോപണവിധേയനായ മുൻ നിസാൻ മേധാവി കാർലോസ് ഗോനെ മിറ്റ്സുബിഷി ചെയർമാൻ സ്ഥാനത്തുനിന്നും നീക്കി. മിറ്റ്സുബിഷിയുടെ ഏറ്റവും വലിയ ഷെയർഹോൾഡർ ആണ് നിസാൻ. കാർലോസ് ഗോനെ നിസാൻ ബോർഡിൽ നിന്ന് നേരത്തേ പുറത്താക്കിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it