ഫോണ്‍ വിളിക്കിടെ കട്ടായാല്‍ ഇനി നഷ്ടപരിഹാരം കിട്ടും; അടിമുടി മാറ്റവുമായി ട്രായ്

മൊബൈല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ വിജ്ഞാപനം പുറത്തിറക്കി. ടെലികോം സേവനങ്ങള്‍ തടസപ്പെട്ടാല്‍ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

24 മണിക്കൂറില്‍ കൂടുതല്‍ സേവനം തടസപ്പെട്ടാല്‍

ഉപയോക്താക്കള്‍ക്ക് 24 മണിക്കൂറില്‍ കൂടുതല്‍ നേരം സേവനം തടസപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഗുണനിലവാര മാനദണ്ഡം പാലിച്ചില്ലെങ്കില്‍ ഒടുക്കേണ്ട നഷ്ടപരിഹാരം 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമായി ഉയര്‍ത്തി. പത്തുലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുക. പോസ്റ്റ് പെയ്ഡ് ഉപയോക്താവിന് ഒരു ദിവസത്തെ സേവനം തടസപ്പെട്ടാല്‍ ആ ദിവസത്തെ തുക ബില്ലില്‍ കുറവു ചെയ്ത് കൊടുക്കണം.

ഒക്ടോബര്‍ ഒന്നിനാണ് പോസ്റ്റ് പെയ്ഡ് വിഭാഗത്തില്‍ ഈ സേവനം ലഭ്യമാകുക. പ്രീപെയ്ഡ് ഉപയോക്താവിന് അടുത്ത ഏപ്രില്‍ മുതലാണ് ഇത് ലഭ്യമാവുക. ഒരു ജില്ലയിലോ സംസ്ഥാനത്തോ സേവനം നാല് മണിക്കൂറെങ്കിലും തടസപ്പെട്ടാല്‍ അക്കാര്യം ട്രായ് അധികൃതരെ കമ്പനികള്‍ അറിയിച്ചിരിക്കണം. ഏത് ജില്ലയിലാണോ തടസം നേരിട്ടത് ആ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറുകളില്‍ മാത്രമാണ് ആനുകൂല്യം ലഭിക്കുക.

പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്നാണ് സേവനം നഷ്ടപ്പെടുന്നതെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. പ്രകൃതി ദുരന്ത സമയങ്ങളില്‍ ഈ നിയമങ്ങളൊന്നും ബാധകമല്ലെന്ന് ട്രായിയുടെ വ്യവസ്ഥയില്‍ പറയുന്നു. പുതിയ വ്യവസ്ഥകള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സന്തോഷം പകരുന്നതാണ്.

Related Articles

Next Story

Videos

Share it