യു.എ.ഇയില്‍ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാന്‍ ഇനി 45 സെക്കന്‍ഡ് മതി, പ്രവാസികള്‍ക്ക് ഗുണകരമോ?

യു.എ.ഇയില്‍ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് അതിവേഗത്തില്‍ റദ്ദാക്കാന്‍ ഉതകുന്ന സംവിധാനം നിലവില്‍ വന്നു. ആവശ്യമായ രേഖകളുടെ എണ്ണം കുറക്കുന്നതും നടപടി ക്രമങ്ങളുടെ വേഗത കുറക്കുന്നതുമാണ് മാനവ വിഭവ-സ്വദേശിവല്‍ക്കരണ വകുപ്പിന്റെ നീക്കം. വെറും 45 സെക്കന്റു കൊണ്ട് വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാന്‍ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷതയായി ഉയര്‍ത്തി കാട്ടുന്നത്. ഇടപാടുകളുടെ വേഗത വര്‍ധിപ്പിക്കുന്നതിനും അപേക്ഷകരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ഓട്ടോമാറ്റിക് അപ്രൂവല്‍
വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള അപേക്ഷ ലഭിച്ചാല്‍ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഇല്ലാതെ ഓട്ടോമാറ്റിക് ആയി അപ്രൂവല്‍ നല്‍കാന്‍ പുതിയ സംവിധാനത്തിന് കഴിയും. നേരത്തെ ഇത്തരം അപേക്ഷകളില്‍ ഏഴ് കാര്യങ്ങള്‍ രേഖപ്പെടുത്തണമെന്നാണ് നിഷ്‌കർച്ചിരുന്നത്. അത് രണ്ടാക്കി കുറച്ചിട്ടുണ്ട്. രണ്ട് അനുബന്ധ രേഖകള്‍ വേണമെന്ന ആവശ്യവും ഒഴിവാക്കി.
തൊഴില്‍ മാറ്റം വേഗത്തിലാക്കാം
പുതിയ നിയമം പ്രവാസികള്‍ക്ക് ഒരേ സമയം ഗുണകരവും ദോഷമുള്ളതുമാകാം. തൊഴില്‍ മാറ്റ പ്രക്രിയകള്‍ വേഗത്തിലാക്കാം എന്നതാണ് പ്രധാന ഗുണം. നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് മെച്ചപ്പെട്ട മറ്റൊരു സ്ഥാപനത്തിലേക്ക് നിയമപരമായി മാറുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കലിന്റെ കാലതാമസം കുറയും. പുതിയ കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ പഴയ സ്ഥാപനത്തിലെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതിന്റെ രേഖകള്‍ നല്‍കേണ്ടതുണ്ട്. ഇതിനുള്ള കാലതാമസമാകും ഇതോടെ ഒഴിവാകുന്നത്.
അതേസമയം, സ്പോണ്‍സര്‍ക്ക് അല്ലെങ്കില്‍ കമ്പനി ഉടമക്ക് തൊഴിലാളിയെ വേഗത്തില്‍ പുറത്താക്കാനും ഈ സംവിധാനം സഹായിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ തൊഴിലാളിക്ക് തൊഴില്‍ അനിശ്ചിതത്വമുണ്ടാകുമെന്നത് പുതിയ സംവിധാനം ഉയര്‍ത്തുന്ന വെല്ലിവിളിയാണ്.
Related Articles
Next Story
Videos
Share it