Begin typing your search above and press return to search.
കര്‍ഷകരെ അനുനയിപ്പിക്കാന്‍ താങ്ങുവിലയില്‍ വര്‍ധനയുമായി മോദി സര്‍ക്കാര്‍; നെല്‍കര്‍ഷകര്‍ക്കും നേട്ടം
രാജ്യത്ത് കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന അസംതൃപ്തി പരിഹരിക്കുന്നതിന്റെ ഭാഗമായി 14 ഖാരിഫ് വിളകള്‍ക്ക് മിനിമം താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ബുധനാഴ്ച്ച വൈകുന്നേരം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. പൊതുതിരഞ്ഞെടുപ്പില്‍ കര്‍ഷകര്‍, ഇടത്തരക്കാര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നേറ്റ തിരിച്ചടി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ നീക്കം.
നെല്ല്, ചോളം, റാഗി, സോയാബീന്‍, നിലക്കടല, പരുത്തി ഉള്‍പ്പെടെ 14 കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില വര്‍ധിപ്പിച്ചത് ഗുണംചെയ്യും. കര്‍ഷകരുടെ നിരന്തര ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന വിളകള്‍ക്ക് താങ്ങുവില കൂട്ടണമെന്നത്. രണ്ടുലക്ഷം കോടി രൂപയാണ് താങ്ങുവിലയായി കര്‍ഷകര്‍ക്ക് ലഭിക്കുക. മുന്‍വര്‍ഷത്തേക്കാള്‍ 35,000 കോടി രൂപയുടെ വര്‍ധന വരുത്തിയിട്ടുണ്ട്.
മലയാളികള്‍ക്കും നേട്ടം
നെല്ലിന് താങ്ങുവില വര്‍ധിപ്പിച്ച തീരുമാനം കേരളത്തിലെ കര്‍ഷകര്‍ക്കും ഗുണം ചെയ്യും. നെല്ലിന്റെ പുതിയ താങ്ങുവില ക്വിന്റലിന് 2,300 രൂപയാണ്. മുമ്പത്തേക്കാള്‍ 117 രൂപയുടെ വര്‍ധന. നെല്ലിന്റെ പുതുക്കിയ താങ്ങുവിലയുടെ നേട്ടം കര്‍ഷകര്‍ക്ക് ലഭിക്കണമെങ്കില്‍ പക്ഷേ സംസ്ഥാന സര്‍ക്കാര്‍ കൂടി കനിയേണ്ടിവരും. കഴിഞ്ഞ സാമ്പത്തികവര്‍ഷം കേന്ദ്രം വര്‍ധിപ്പിച്ച തുക സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു.
ഇതോടെ വര്‍ധനയുടെ നേട്ടം കര്‍ഷകര്‍ക്ക് ലഭിച്ചതുമില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം കിലോയ്ക്ക് 28.20 രൂപയായിരുന്നു നെല്ലിന്റെ താങ്ങുവില. ഇതില്‍ 20.80 രൂപ കേന്ദ്രത്തിന്റെ വകയും 7.80 രൂപ സംസ്ഥാനത്തിന്റെ ഇന്‍സെന്റീവ് ബോണസും ആയിരുന്നു. കേന്ദ്രം കൂട്ടിയ 1.43 രൂപ സംസ്ഥാനം വെട്ടിക്കുറച്ചിരുന്നു. ഫലത്തില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രം വര്‍ധിപ്പിച്ച തുകയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിച്ചില്ല. ഇത്തവണ സംസ്ഥാനം എന്തു നിലപാടെടുക്കുമെന്ന ആകാംക്ഷയിലാണ് കര്‍ഷകര്‍.
കേന്ദ്ര റെയില്‍വേ-വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് താങ്ങുവില വര്‍ധിപ്പിച്ച കാര്യം മന്ത്രിസഭ യോഗത്തിനുശേഷം അറിയിച്ചത്. മൂന്നാം മോദി സര്‍ക്കാരിന്റെ പ്രധാന അജന്‍ഡകളിലൊന്ന് കര്‍ഷക ക്ഷേമവും ഇടത്തരക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുകയുമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. രണ്ടുലക്ഷം കോടി രൂപ താങ്ങുവിലയായി കര്‍ഷകര്‍ക്ക് ലഭിക്കുന്നതോടെ ഗ്രാമീണ മേഖലയില്‍ സാമ്പത്തിക ക്രയവിക്രയം കൂടുതല്‍ സജീവമാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
നിയമസഭാ തിരഞ്ഞെടുപ്പുകളും ലക്ഷ്യം
കര്‍ഷകര്‍ ഭരണം നിയന്ത്രിക്കുന്ന ഹരിയാന, മഹാരാഷ്ട്ര, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അധികം വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഹരിയാനയിലും മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് പൊതുതിരഞ്ഞെടുപ്പില്‍ വലിയ പ്രഹരമാണുണ്ടായത്. കര്‍ഷകരുടെ രോഷമായിരുന്നു ഇതിനു പ്രധാന കാരണം. കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി കര്‍ഷകരെ കൂടെനിര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.
Next Story
Videos