ഗള്‍ഫ് പ്രവാസികള്‍ക്കായി കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറപ്പിക്കാന്‍ സര്‍ക്കാര്‍

അവധിക്കാല, ഉത്സവ സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നുവെന്ന പരാതി പരിഹരിക്കാന്‍ വിമാനക്കമ്പനിയുമായി കേരള സര്‍ക്കാര്‍ പ്രാഥമിക ചര്‍ച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം.

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ വിമാനടിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വിലയിരുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അവലോകന യോഗം ചേര്‍ന്നത്.

ചാര്‍ട്ടേഡ് വിമാനങ്ങളും നോക്കുന്നു

ഇന്ത്യയില്‍ നിന്നുള്ള വിമാനകമ്പനികളുടെ നിരക്കിനേക്കാള്‍ കുറവില്‍ ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ലഭ്യമാണോ എന്ന് പരിശോധിക്കും. ഇതിനായി സിയാല്‍ എം.ഡിയേയും നോര്‍ക്ക വകുപ്പ്് പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും യോഗം ചുമതലപ്പെടുത്തി. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംവിധാനമുള്ള കമ്പനികളുമായാണ് ചര്‍ച്ച. പ്രാഥമിക ചര്‍ച്ചകള്‍ക്കു ശേഷം അനുമതിക്കായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി. വിമാന സര്‍വീസുകള്‍ക്കു പുറമേ കപ്പല്‍മാര്‍ഗമുള്ള യാത്രാ സാധ്യതകളും യോഗം വിലയിരുത്തി. ചീഫ് സെക്രട്ടറി വി.പി.ജോയ് ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles
Next Story
Videos
Share it