Begin typing your search above and press return to search.
ഖജനാവിലെത്തിയത് ₹4.75 കോടി; വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍, മോദി എത്തിയേക്കും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ട്രയല്‍ റണ്ണിന്റെ ഭാഗമായെത്തിയ കപ്പലുകളില്‍ നിന്ന് 4.7 കോടി രൂപ നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. സെപ്റ്റംബര്‍ 30 വരെയുള്ള കണക്ക് അനുസരിച്ച് ആകെയെത്തിയ 29 കപ്പലുകളില്‍ 19 എണ്ണത്തില്‍ നിന്നുള്ള നികുതിയാണിതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം ഡിസംബറില്‍ ഉദ്ഘാടനം ചെയ്യും. 2028 ഡിസംബറില്‍ രണ്ടും മൂന്നും ഘട്ടങ്ങള്‍ കമ്മിഷന്‍ ചെയ്യാനാകും. നേരത്തെയുണ്ടായിരുന്ന ധാരണ പ്രകാരം 17 വര്‍ഷത്തിന് ശേഷം പൂര്‍ത്തിയാക്കേണ്ട പദ്ധതികളാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രയല്‍ റണ്‍ വിജയകരമാക്കി വിഴിഞ്ഞം
പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പുള്ള ട്രയല്‍ റണ്‍ വിഴിഞ്ഞം തുറമുഖത്ത് തുടരുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 15നാണ് ക്രെയിനുകളുമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിയത്. ഈ വര്‍ഷം ജൂലൈ 11ന് കണ്ടെയ്‌നറുകളുമായി ആദ്യ മദര്‍ഷിപ്പുമെത്തി. ഇതുവരെ 60,503 ടി.ഇ.യു കണ്ടെയ്‌നറുകള്‍ തുറമുഖം വഴി കയറ്റിറക്കുമതി ചെയ്തു. ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളില്‍ കൈകാര്യം ചെയ്ത കണ്ടെയ്‌നറുകളുടെ 10 ശതമാനമാണിത്. ലോകത്തിലെ ഏറ്റവും വലിയ മദര്‍ഷിപ്പുകളടക്കം പ്രമുഖ ഷിപ്പിംഗ് കമ്പനികളുടെ കപ്പലുകള്‍ വിഴിഞ്ഞത്തെത്തി. കൂടുതല്‍ കപ്പലുകള്‍ തുറമുഖത്തെത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയെത്തും, ഉദ്ഘാടനം ആഘോഷമാക്കാന്‍ സര്‍ക്കാര്‍
വിഴിഞ്ഞം തുറമുഖം ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ഡിസംബറില്‍ തന്നെ നടത്താനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. അദാനി തുറമുഖ കമ്പനിയുമായി സര്‍ക്കാരിന്റെ തുറമുഖ നിര്‍മാണ കരാര്‍ ഡിസംബര്‍ മൂന്നിന് അവസാനിക്കും. ഇതിന് മുമ്പ് തന്നെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ എത്തിച്ച് വലിയ ആഘോഷമാക്കി തുറമുഖ ഉദ്ഘാടനത്തെ മാറ്റാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
Next Story
Videos