Begin typing your search above and press return to search.
കപ്പല്‍ ഭീമന്‍ വന്നു, നങ്കൂരമിട്ടു; വമ്പന്‍ തുറമുഖങ്ങളെ വെല്ലുവിളിച്ച് വിഴിഞ്ഞം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മറ്റൊരു റെക്കോര്‍ഡ് കൂടി. ട്രയല്‍ റണ്ണിന്റെ ഭാഗമായെത്തിയ എം.എസ്.സി കെയ്‌ലേ (MSC Kayley) തുറമുഖത്തേക്ക് സുഗമമായി കടന്നതോടെയാണിത്. 16.5 മീറ്റര്‍ ഡ്രാഫ്റ്റ് റേഞ്ചുള്ള കപ്പലാണിത്. ജലോപരിതലത്തില്‍ നിന്നും കപ്പലിന്റെ അടിത്തട്ടിലേക്കുള്ള ദൂരമാണ് ഡ്രാഫ്റ്റ് റേഞ്ചായി പരിഗണിക്കുന്നത്. ഇതോടെ വലിയ കപ്പലുകള്‍ക്കും വിഴിഞ്ഞം തുറമുഖത്തേക്ക് സുഗമമായി നങ്കൂരമിടാന്‍ സാധിക്കുമെന്ന് തെളിഞ്ഞു.
മുന്ദ്ര തുറമുഖത്ത് നങ്കൂരമിട്ട എം.എസ്.സി വാഷിംഗ്ടണ്ണാണ് നിലവില്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ പ്രവേശിച്ച ഏറ്റവും കൂടിയ ഡ്രാഫ്റ്റ് റേഞ്ചുള്ള കപ്പല്‍. 17 മീറ്ററാണ് വാഷിംഗ്ടണ്ണിന്റെ ഡ്രാഫ്റ്റ് റേഞ്ചായി അടയാളപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ മെഡിറ്റനേറിയന്‍ ഷിംപ്പിംഗ് കമ്പനിയുടെ (എം.എസ്.സി) വിഴിഞ്ഞത്തെത്തുന്ന അഞ്ചാമത്തെ കപ്പലാണ് എം.എസ്.സി കൈലേ. അടുത്ത ദിവസങ്ങളില്‍ തന്നെ കമ്പനിയുടെ മറ്റൊരു കപ്പലായ എം.എസ്.സി സുവാപ്പേ- VII ( Suape VII) വിഴിഞ്ഞത്തെത്തുമെന്നും തുറമുഖ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ലോക മാരിടൈം ഭൂപടത്തില്‍ വിഴിഞ്ഞം
16.5 മീറ്റര്‍ ഡ്രാഫ്റ്റ് റേഞ്ചുള്ള കപ്പലുകള്‍ക്ക് വരെ പ്രവേശിക്കാമെന്ന് തെളിയിച്ചതോടെ വിഴിഞ്ഞം അന്താരാഷ്ട്ര മാരിടൈം ഭൂപടത്തില്‍ സവിശേഷയിടം പിടിക്കുമെന്ന് ഉറപ്പാണ്. ചരക്കുനീക്കത്തില്‍ പ്രധാനമായ മദര്‍ഷിപ്പുകള്‍ക്ക് അടുക്കണമെങ്കില്‍ 18 മുതല്‍ 20 മീറ്റര്‍ വരെ ആഴമുള്ള തുറമുഖങ്ങള്‍ ആവശ്യമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ സ്വാഭാവിക ആഴം 24 മീറ്ററാണ്. കൂടുതല്‍ ഡ്രാഫ്റ്റ് റേഞ്ചുള്ള കപ്പലുകള്‍ അധികം വൈകാതെ വിഴിഞ്ഞത്തെത്തുമെന്നാണ് വിവരം.
വിഴിഞ്ഞം ഹബ്ബാകും
ഇന്ത്യയുടെ തെക്കേയറ്റത്തുള്ള വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ ഇന്ത്യയിലേക്കുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റിന്റെ ഭൂരിഭാഗവും നടക്കുന്നത് കൊളംബോ തുറമുഖം വഴിയാണ്. മദര്‍ഷിപ്പുകള്‍ക്ക് അടുക്കാന്‍ കഴിയുന്ന തുറമുഖങ്ങള്‍ ഇന്ത്യയില്‍ ഇല്ലാത്തതിനാലാണ് ചരക്കുനീക്കം കൊളംബോ വഴിയായത്. പ്രവര്‍ത്തന സജ്ജമാകുന്നതോടെ മദര്‍ഷിപ്പ് ഹബ്ബെന്ന നിലയിലേക്ക് വിഴിഞ്ഞം വളരും. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 19 കിലോമീറ്റര്‍) അടുത്ത് സ്ഥിതി ചെയ്യുന്നതിന്റെ ഭൂമി ശാസ്ത്രപരമായ നേട്ടവും വിഴിഞ്ഞത്തിനുണ്ട്. കപ്പല്‍ചാലില്‍ നിന്നും ഒരു മണിക്കൂര്‍ കൊണ്ട് വിഴിഞ്ഞത്തെത്താന്‍ കഴിയുന്ന കപ്പലുകള്‍ക്ക് 10 മണിക്കൂര്‍ കൊണ്ട് ചരക്കിറക്കി തിരികെ മടങ്ങാന്‍ കഴിയും.
Next Story
Videos