Begin typing your search above and press return to search.
പുതുവര്‍ഷത്തില്‍ വിഴിഞ്ഞത്ത് നിന്ന് റോഡ് മാര്‍ഗം ചരക്കു നീക്കം; പക്ഷേ, ട്രക്കുകള്‍ക്ക് റോഡ് എവിടെ?
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നും റോഡ് മാര്‍ഗമുള്ള ചരക്കുഗതാഗതം ജനുവരിയില്‍ തുടങ്ങും. നിലവിലെ റോഡ് സൗകര്യങ്ങള്‍ ഉപയോഗിച്ച് ചരക്കുഗതാഗതം സാധ്യമാക്കുന്നതിനുള്ള പരീക്ഷണം ഇതിനോടകം പൂര്‍ത്തിയായി. 40 ഫൂട്ട് ഇക്വലന്റ് കണ്ടെയ്‌നര്‍ ട്രെയിലറുകളില്‍ ഡമ്മി കാര്‍ഗോ ഉപയോഗിച്ചുള്ള ട്രയല്‍ റണ്ണാണ് നടന്നത്. തുറമുഖത്തെ ദേശീയപാത 66മായി ബന്ധിപ്പിക്കുന്ന നിലവിലെ സര്‍വീസ് റോഡും അണ്ടര്‍പാസും കണ്ടെയ്‌നര്‍ നീക്കത്തിന് ഉപയോഗിക്കാമെന്നാണ് ധാരണ. തുറമുഖത്തിന് സമീപമുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ കണ്ടെയ്‌നര്‍ നീക്കം തുടങ്ങുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചെക്ക് പോസ്റ്റും അനുബന്ധ സൗകര്യങ്ങളും നിലവില്‍ വരും. നിലവില്‍ തുറമുഖത്ത് കപ്പല്‍ ഉപയോഗിച്ചുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റ് ഓപ്പറേഷന്‍ മാത്രമാണ് നടക്കുന്നത്.
പക്ഷേ, റോഡ് എവിടെ?
അതേസമയം, വിഴിഞ്ഞത്തേക്കുള്ള റോഡ് കണക്ടിവിറ്റി സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ കഴിയാത്തത് വീഴ്ചയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ജനുവരി മുതല്‍ ട്രക്കുകള്‍ ഓടിത്തുടങ്ങുന്നത് നിലവിലുള്ള ദേശീയപാത വഴിയാണ്. സാധാരണ വാഹനങ്ങള്‍ക്കൊപ്പം നിരവധി ട്രക്കുകളും റോഡിലിറങ്ങുന്നത് വലിയ ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുമെന്ന ആശങ്കയും ശക്തമാണ്. കണ്ടെയ്‌നര്‍ നീക്കം സുഗമമാക്കാന്‍ നാവായിക്കുളം മുതല്‍ വിഴിഞ്ഞം വരെ നീളുന്ന ഔട്ടര്‍ റിംഗ് റോഡ് വിഭാവനം ചെയ്‌തെങ്കിലും പദ്ധതി എങ്ങുമെത്തിയിട്ടില്ല. റോഡിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പദ്ധതി വൈകിപ്പിക്കുന്നതെന്നാണ് വിവരം.
ഇതിന് പുറമെ നേമത്തോ ബാലരാമപുരത്തോ താത്കാലിക കണ്ടെയ്‌നര്‍ റെയില്‍ ടെര്‍മിനല്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ബാലരാമപുരത്ത് സ്ഥിരം കണ്ടെയ്‌നര്‍ കണ്ടെയ്‌നര്‍ യാര്‍ഡ് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 206 കോടി രൂപ സതേണ്‍ റെയില്‍വേക്ക് അനുവദിച്ചിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമാക്കാന്‍ വൈകിയാല്‍ വിഴിഞ്ഞത്ത് നിന്നുള്ള ചരക്ക് നീക്കത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയും ശക്തമാണ്.
വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതിന് ക്ലോവര്‍ലീഫ് മാതൃകയിലുള്ള ഇന്റര്‍സെക്ഷന് കേന്ദ്രസര്‍ക്കാർ അനുമതി നല്‍കിയിട്ടുണ്ട്.
Next Story
Videos