Begin typing your search above and press return to search.
ഹാഫ് സെഞ്ച്വറിയടിച്ച് വിഴിഞ്ഞം! ഖജനാവില്‍ എത്തിയത് ₹7.4 കോടി, ആദ്യഘട്ട കമ്മിഷനിംഗ് വൈകുമോയെന്ന് ആശങ്ക
ട്രയല്‍ റണ്ണിന്റെ ഭാഗമായി അമ്പതാമത്തെ കപ്പലും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. എം.എസ്.സിയുടെ പട്‌നാരി 3( MSC Patnaree III) യാണ് അമ്പതാമത്തെ കപ്പലായി വിഴിഞ്ഞത്തെത്തിയത്. കഴിഞ്ഞ ദിവസത്തോടെ ഒരു ലക്ഷം ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്‌തെന്ന തുറമുഖമായി വിഴിഞ്ഞം മാറിയിരുന്നു. ജൂലൈയില്‍ മൂന്ന്, സെപ്റ്റംബറില്‍ 12, ഒക്ടോബറില്‍ 23 നവംബറില്‍ ഇതുവരെ 12 എന്നിങ്ങനെയാണ് വിഴിഞ്ഞത്തെത്തിയ കപ്പലുകളുടെ എണ്ണം. ഇതിലൂടെ ജി.എസ്.ടി ഇനത്തില്‍ 7.4 കോടി രൂപ ഖജനാവിലേക്ക് എത്തിയതായി തുറമുഖ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ യുഗം കുറിക്കാന്‍ വിഴിഞ്ഞം തുറമുഖത്തിനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ഏപ്രിലോടെ മാത്രം ലക്ഷ്യമിട്ട ചരക്കുനീക്കമാണ് ചുരുങ്ങിയ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.
കമ്മിഷനിംഗ് വൈകുമോ?
അതേസമയം, വയബിലിറ്റി ഗ്യാപ് ഫണ്ടില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ട കമ്മിഷനിംഗ് വൈകുമോ എന്ന ആശങ്കയും ശക്തമാണ്. ഡിസംബര്‍ മൂന്നിന് മുമ്പ് കമ്മിഷനിംഗ് നടത്തുമെന്നാണ് സര്‍ക്കാര്‍-അദാനി പോര്‍ട്ട് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഉദ്ഘാടനത്തിന്റെ തീയതി സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന നിലപാടിലാണ് അദാനി പോര്‍ട്ട് അധികൃതര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കുള്ളവരെ എത്തിച്ച് ആഘോഷ പൂര്‍വം പരിപാടി നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. അടുത്ത് തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
എത്തിയത് വമ്പന്‍ കപ്പലുകള്‍
ട്രയല്‍ റണ്ണിന്റെ ഭാഗമായി വിഴിഞ്ഞം തുറമുഖത്തെത്തിയത് ലോകത്തിലെ ഏറ്റവും വലിയ മദര്‍ഷിപ്പുകള്‍ അടക്കമുള്ള വമ്പന്‍ കപ്പലുകളാണ്. കഴിഞ്ഞ ഒക്ടോബര്‍ 15നാണ് ചൈനയില്‍ നിന്നും ക്രെയിനുകളുമായി ആദ്യ കപ്പലെത്തിയത്. ഈ വര്‍ഷം ജൂലൈ 11ന് കണ്ടെയ്നറുകളുമായി ആദ്യ മദര്‍ഷിപ്പുമെത്തി. ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളില്‍ കൈകാര്യം ചെയ്ത കണ്ടെയ്നറുകളുടെ 20 ശതമാനത്തോളവും വിഴിഞ്ഞത്ത് കൂടിയായിരുന്നു. ലോജിസ്റ്റിക് മേഖലയിലെ പ്രധാന ഹബ്ബായി വിഴിഞ്ഞം മാറുമെന്നതിന്റെ തെളിവാണിതെന്ന് വിദഗ്ധര്‍ പറയുന്നു.
ജനുവരിയില്‍ നിക്ഷേപക സംഗമം
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ അടുത്ത ജനുവരിയില്‍ ആഗോള നിക്ഷേപക സംഗമം ഒരുക്കാനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുണ്ട്. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ പൊതു-സ്വകാര്യ നിക്ഷേപകര്‍ പങ്കെടുക്കും. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ മുന്നോടിയാണിത്.
Next Story
Videos