Begin typing your search above and press return to search.
ഫണ്ട് തര്‍ക്കത്തില്‍ വിഴിഞ്ഞം മുടങ്ങില്ലെന്ന് അദാനി, വ്യവസ്ഥകള്‍ 2015 മുതലുള്ളത്; നടപ്പിലായാല്‍ കേരളത്തിന് ഭീമമായ നഷ്ടം
വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) അനുവദിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കം വിഴിഞ്ഞം തുറമുഖ പദ്ധതി വൈകിപ്പിക്കില്ലെന്ന് അദാനി ഗ്രൂപ്പ്. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ 2015ല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കരാറൊപ്പിടുമ്പോള്‍ തന്നെ നിലവിലുള്ളതാണ്. കേന്ദ്രം അനുവദിക്കുന്ന 817.8 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് എന്‍.പി.വി (നെറ്റ് പ്രസന്റ് വാല്യൂ) വ്യവസ്ഥയില്‍ തിരിച്ചടക്കാമെന്ന് 2015ല്‍ തന്നെ കേരളം സമ്മതിച്ചതാണെന്നും അദാനി ഗ്രൂപ്പ് വൃത്തങ്ങള്‍ പറയുന്നു. ഇത് വ്യക്തമാക്കുന്ന കത്തും ഇവര്‍ പുറത്തുവിട്ടു. നേരത്തെ നിശ്ചയിച്ച രീതിയില്‍ ഡിസംബറില്‍ തന്നെ തുറമുഖത്തിന്റെ ആദ്യ ഘട്ട ഉദ്ഘാടനം നടത്താനുള്ള നീക്കത്തിലാണ് അദാനി.
കേന്ദ്രം 817 കോടി മുടക്കും, തിരിച്ചു കിട്ടുന്നത് 12,000 കോടി വരെ
വിഴിഞ്ഞം തുറമുഖ കരാര്‍ അനുസരിച്ച് വി.ജി.എഫായി അനുവദിക്കേണ്ട 1635.6 കോടി രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തുല്യമായി വീതിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇതിലെ കേന്ദ്ര വിഹിതം വായ്പയായി കണക്കാക്കി തിരിച്ചടക്കണമെന്നാണ് കേന്ദ്രനിലപാട്. കമ്മിഷന്‍ ചെയ്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമുള്ള ആദ്യ വര്‍ഷം മുതല്‍ തുറമുഖത്തിന്റെ മൊത്ത വരുമാനത്തില്‍ ഒരു ശതമാനം സംസ്ഥാന സര്‍ക്കാരിന് ലഭിക്കും. തുടര്‍ന്നുള്ള ഓരോ വര്‍ഷവും ഇത് ഓരോ ശതമാനവും വര്‍ധിക്കും. പരമാവധി 25 ശതമാനം വരെയാകും വര്‍ധന. ഇത്തരത്തില്‍ ഓരോ വര്‍ഷവും ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്നും 20 ശതമാനം വീതം കേന്ദ്രത്തിന് നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. 40 വര്‍ഷത്തോളം ഇത്തരത്തില്‍ തിരിച്ചടക്കുമ്പോള്‍ കേന്ദ്രവിഹിതമായ 817.8 കോടി രൂപ അക്കാലത്തെ പലിശയും തിരിച്ചടവ് കാലയളവും പരിഗണിക്കുമ്പോള്‍ 12,000 കോടി രൂപ വരെയാകുമെന്നാണ് സംസ്ഥാനത്തിന്റെ കണക്കുകൂട്ടല്‍. അതേസമയം, 1,635 കോടി രൂപക്ക് വേണ്ടി സമയം പാഴാക്കാനില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകാനുമാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.
സംസ്ഥാനത്തിന് ഭീമമായ നഷ്ടം
തിരിച്ചടവിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തിന് ഭീമമായ നഷ്ടമുണ്ടാക്കുമെന്നും വായ്പക്ക് പകരം കേന്ദ്ര ഗ്രാന്റായി തുക അനുവദിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. രാജ്യത്ത് ആദ്യമായി വി.ജി.എഫ് അനുവദിച്ച തുറമുഖ പദ്ധതിയാണ് വിഴിഞ്ഞം. തിരിച്ചടക്കേണ്ടതുണ്ടെങ്കില്‍ വി.ജി.എഫ് എന്നതിന്റെ ആശയം തന്നെ ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് എഴുതിയ കത്തില്‍ ആരോപിച്ചിരുന്നു. തുറമുഖത്തിനുള്ള 8,867 കോടി രൂപയില്‍ 5,595 കോടി രൂപയും സംസ്ഥാന സര്‍ക്കാരാണ് മുടക്കുന്നത്. എന്നാല്‍ തുറമുഖത്തിന്റെ അടുത്ത ഘട്ടത്തിനുള്ള 9,700 കോടി രൂപ പൂര്‍ണമായും അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണാണ് മുടക്കുന്നത്. രണ്ടും മൂന്നും ഘട്ടം 2028 ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവള വികസനം മാര്‍ച്ചില്‍ തുടങ്ങും
അതേസമയം, അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1,300 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന പുതിയ ടെര്‍മിനലിന്റെ പണികള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ തുടങ്ങും. മൂന്ന് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 2070 വരെയുള്ള യാത്രാ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് 1.2 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാവുന്ന ടെര്‍മിനല്‍ നിര്‍മിക്കുന്നത്. എയര്‍പോര്‍ട്ട് പ്ലാസ, ഹോട്ടല്‍, വ്യാപാര കേന്ദ്രം, അഡ്മിനിസ്ട്രേറ്റീവ് വിഭാഗം, കൂടുതല്‍ മെച്ചപ്പെട്ട പാര്‍ക്കിംഗ് സംവിധാനം എന്നിവയും ഒരുക്കും. കൂടാതെ പുതിയ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ ടവര്‍, അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്സ്, റിമോട്ട് ചെക്ക്-ഇന്‍ സംവിധാനം എന്നിവ കൂടി നവീകരിക്കുന്നതോടെ തിരുവനന്തപുരം വിമാനത്താവളം പുതിയ ലുക്കിലേക്ക് പൂര്‍ണമായും മാറും.
Next Story
Videos