സിനിമ വ്യവസായത്തിനും തിരിച്ചടി; മാറ്റിയത് നിരവധി ചിത്രങ്ങളുടെ റിലീസ്

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നു. വിനോദ സഞ്ചാരികള്‍ കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കിയതിനു പിന്നാലെ സിനിമ മേഖലയിലും പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. ഈയാഴ്ച റിലീസ് ചെയ്യേണ്ട ഒരുപിടി ചിത്രങ്ങളാണ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പിന്‍വലിച്ചത്. തീയറ്ററുകളിലേക്ക് ആളെത്താതെ വന്നതോടെയാണ് പല ചിത്രങ്ങളുടെയും റിലീസിംഗ് തിയതി മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

വരുമാന നഷ്ടം

റിലീസിംഗ് മാറ്റിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ടത് മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഫൂട്ടേജ് ആണ്. ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ ഭാഗമായി വലിയ തോതില്‍ പ്രമോഷന്‍ വര്‍ക്കുകളും നടന്നിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തല്‍ക്കാലം റിലീസിംഗ് മാറ്റിവയ്ക്കുകയാണെന്നും പുതിയ തിയതിയെക്കുറിച്ച് പിന്നീട് വെളിപ്പെടുത്തുമെന്നും സംവിധായകന്‍ സൈജു ശ്രീധരന്‍ വ്യക്തമാക്കി.

ടൊവിനോ തോമസ് നായകനാകുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ റിലീസിംഗും മാറ്റിയിട്ടുണ്ട്. ബിഗ് ബജറ്റിലെത്തുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ഷൂട്ടിംഗിനും താല്ക്കാലിക അവധി

വയനാട്ടിലും ഇടുക്കിയിലും ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. അണിയറ പ്രവര്‍ത്തകരുടെ സുരക്ഷയെ കരുതിയാണ് ചിത്രീകരണത്തിന് താല്‍ക്കാലിക അവധി നല്‍കിയിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി.

തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങള്‍ വന്നതോടെ മലയാള സിനിമ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന ദുരന്തം താല്‍ക്കാലികമായെങ്കിലും പ്രേക്ഷകരെ തിയറ്ററില്‍ നിന്ന് അകറ്റുമെന്ന ആശങ്ക സിനിമലോകത്തിനുണ്ട്.
Related Articles
Next Story
Videos
Share it