വ്യാപക വിമര്‍ശനം; പച്ച വേണ്ട ചുവപ്പ് തന്നെ മതിയെന്ന് സൊമാറ്റോ

പുതിയ 'പ്യുവര്‍ വെജ് ഫ്‌ളീറ്റ്' അവതരിപ്പിച്ചതിന് പിന്നാലെ പുലിവാല് പിടിച്ച് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. സസ്യാഹാരം ഡെലിവറി ചെയ്യുന്നവര്‍ പച്ച ഡ്രസ്സ് കോഡ് ആയിരിക്കും ഇനിമുതല്‍ ഉപയോഗിക്കുക എന്നാണ് കമ്പനി ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനമാണുണ്ടായത്. ഈ വേര്‍തിരിവ് വിവേചനമാണെന്നും കുറ്റകരമാണെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേര്‍ രംഗത്തുവന്നു. നിലവില്‍ ചുവന്ന നിറത്തിലെ ഡ്രസ് കോഡാണ് സൊമാറ്റോയില്‍.

വിമര്‍ശനങ്ങളുയര്‍ന്നു

ഏതെങ്കിലും പ്രത്യേക ദിവസങ്ങളിലോ പ്രത്യേക സമയങ്ങളിലോ ചില സ്ഥലങ്ങളില്‍ മാംസാഹാരം വിതരണം ചെയ്യുന്നത് ആരെങ്കിലും തടഞ്ഞേക്കുമെന്നുള്ള ആശങ്കയും വിമര്‍ശനങ്ങള്‍ക്കൊപ്പമുണ്ടായി. കൂടാതെ സസ്യഭുക്കുകള്‍ കൂടുതലുള്ള അപ്പാര്‍ട്ട്മെന്റുകളില്‍ ചുവപ്പ് യൂണിഫോം ധരിച്ചച്ചെത്തുന്ന ഡെലിവറി പങ്കാളികളുടെ പ്രവേശനം നിരോധിക്കുന്നതിനും ഇത് ഇടയാക്കിയേക്കും. ഇത്തരം പ്രശ്‌നങ്ങള്‍ മാംസാഹാരം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയുമുണ്ട്.

ഇവയെല്ലാം കണക്കിലെടുത്ത് വെജ്, നോണ്‍ വെജ് ഡെലിവറി ജീവനക്കാര്‍ക്ക് ഒരേ ഡ്രസ്സ് കോഡ് തന്നെ മതിയെന്നും ചുവപ്പ് തന്നെയാകും ഉപയോഗിക്കുക എന്നും സൊമാറ്റോ സി.ഇ.ഒ ദീപീന്ദര്‍ ഗോയല്‍ അറിയിച്ചു. അതായത് വെജിറ്റേറിയന്‍ ഓര്‍ഡറുകള്‍ വിതരണം ചെയ്യുന്നത് തിരിച്ചറിയാന്‍ കഴിയില്ല എന്നര്‍ത്ഥം. പൂര്‍ണമായും വെജിറ്റേറിയന്‍ ഉപഭോക്താക്കളില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് 'പ്യുവര്‍ വെജ് ഫ്‌ളീറ്റ്' അവതരിപ്പിച്ചതെന്ന് സൊമാറ്റോ പറഞ്ഞു.

Related Articles
Next Story
Videos
Share it