ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 09, 2020

  രാജ്യത്ത് സംഭവിക്കാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും മോശം ജിഡിപി ഇടിവ്. ഇപിഎഫ് പലിശ; രണ്ടുഘട്ടമായി അക്കൗണ്ടില്‍ വരവുവെയ്ക്കും. ഇന്ന് കേരളത്തില്‍ 3402 പേര്‍ക്ക് കോവിഡ്. ഇന്നത്തെ ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

  headlines
  -Ad-
  സംഭവിക്കാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും മോശം ജിഡിപി ഇടിവ്!

  നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സാമ്പത്തിക മാന്ദ്യം മുന്‍ പ്രവചനങ്ങളേക്കാള്‍ മോശമായിരിക്കുമെന്ന സൂചന നല്‍കി പുതിയ അനുമാനങ്ങള്‍ പുറത്ത്. ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാക്സും ഫിച്ച് റേറ്റിംഗുമാണ് അവരുടെ തന്നെ മുന്‍ അനുമാനങ്ങളേക്കാള്‍ മോശം കണക്കുകള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുടെ ജിഡിപി 14.8 ശതമാനം ചുരുങ്ങുമെന്നാണ് ഇപ്പോള്‍ ഗോള്‍ഡ്മാന്‍ സാക്സ് പറയുന്നത്. നേരത്തെ ഇവരുടെ അനുമാനം 11.8 ശതമാനമെന്നതായിരുന്നു. ഫിച്ച് റേറ്റിംഗ്സ്, നടപ്പ് സാമ്പത്തിക വര്‍ഷം 10. 5 ശതമാനം ജിഡിപി ചുരുങ്ങല്‍ പ്രവചിക്കുന്നു. ജൂണില്‍ ഫിച്ചിന്റെ അനുമാനം അഞ്ചു ശതമാനം ചുരുങ്ങുമെന്നതായിരുന്നു. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ നേരത്തെയുള്ള അനുമാനത്തിന്റെ ഇരട്ടി ചുരുങ്ങല്‍ ജിഡിപിയില്‍ സംഭവിക്കുമെന്നാണ് ഫിച്ച് പറയുന്നത്.

  ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ നാല് ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം ഇടിവാണ് ജിഡിപിയില്‍ സംഭവിച്ചിരിക്കുന്നത്. ഈ കാലയളവില്‍ ജിഡിപി 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ജി20 രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും മോശം പ്രകടനം കൂടിയാണിത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണാണ് ഇത്രയും രൂക്ഷമായ പ്രത്യാഘാതം സാമ്പത്തിക രംഗത്ത് സൃഷ്ടിച്ചത്. ലോക്ക്ഡൗണ്‍ വന്നതോടെ ഡിമാന്റും സപ്ലൈയും ഒരുപോലെ ഇടിഞ്ഞു. രാജ്യം സ്തംഭിച്ചതോടെ സമ്പദ് വ്യവസ്ഥയിലും അതിന്റെ പ്രതിഫലനമുണ്ടായി.

  2021  22 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ജിഡിപി തിരിച്ചുവരുമെന്ന ശുഭാപ്തി വിശ്വാസം ഗോള്‍ഡ്മാന്‍ സാക്സ് പ്രകടിപ്പിക്കുന്നുണ്ട്. ഷോര്‍ട്ട്, മീഡിയം ടേമില്‍ രാജ്യത്തിന്റെ വളര്‍ച്ച തിരിച്ചുവരുന്നതിന് മുന്നില്‍ പ്രതിബദ്ധമായി നിരവധി ഘടകങ്ങളുണ്ടെന്ന് ഫിച്ച് സൂചിപ്പിക്കുന്നു. വര്‍ധിച്ചുവരുന്ന കോവിഡ് വ്യാപനവും പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാകുന്നതും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലേക്ക് തിരിച്ചുവരുന്നതിന് തടസ്സമാകുന്നുണ്ട്.

  -Ad-
  ഹൗസ് ബോട്ട് ഉടമകള്‍ക്കൊപ്പം പതിനായിരങ്ങള്‍ കടക്കെണിയില്‍! 

  കൊറോണ പ്രതിസന്ധിയിലാക്കിയ കേരളത്തിലെ വിവിധ മേഖലകളില്‍ ഒരു വലിയ വിഭാഗം തന്നെ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ്. ഹോട്ടലുകള്‍ക്കും ഹോംസ്‌റ്റേകള്‍ക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചെങ്കിലും പലരും പ്രവര്‍ത്തന ക്ഷമമായിട്ടില്ല, ഇതോടൊപ്പം ടൂറിസം രംഗത്തെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഹൗസ്‌ബോട്ടുകളും ടൂറിസ്റ്റ് ബോട്ടുകളും ശിക്കാര വള്ളങ്ങളും ഇപ്പോഴും നിശ്ചലമാണ്. 1500 ഓളം ഹൗസ്‌ബോട്ടുകളാണ് ആലപ്പുഴ, കുമരകം ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. ചെറുതും വലുതുമായ ഇവയില്‍ ആറായിരം പേരോളമാണ് ജോലി ചെയ്യുന്നത്. കൂടാതെ ബോട്ടുകളിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നവര്‍, ലോണ്ടറി സര്‍വീസില്‍ പ്രവര്‍ത്തിക്കുന്നവര്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍, ആയുര്‍വേദിക്& മസാജ് സെന്ററുകള്‍, ഹോസ്‌ബോട്ടിലേക്ക് കുടിവെള്ളമെത്തിക്കുന്നവര്‍ തുടങ്ങി അനുബന്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് ജീവനക്കാര്‍ വേറെയും. ആലപ്പുഴ ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഒരു ദിവസം  ഈ ബോട്ടുകള്‍ പ്രവര്‍ത്തിക്കുവാനായി വില്‍ക്കുന്ന ഡീസലിന്റെ മൂല്യം തന്നെ ഒന്നരക്കോടി രൂപയിലേറെ വരും. പച്ചക്കറികളും മറ്റ് സാമഗ്രികളും തന്നെ പ്രതിദിനം 10 ലക്ഷം രൂപയിലേറെയാണ് ഈ വിഭാഗത്തിനായി വിറ്റഴിക്കപ്പെടുന്നത്. തുടര്‍ന്നു വായിക്കാം.

  ഇപിഎഫ് പലിശ;  രണ്ടുഘട്ടമായി അക്കൗണ്ടില്‍ വരവുവെയ്ക്കും

  ഇപിഎഫ് വരിക്കാര്‍ക്ക് ഇത്തവണ രണ്ടുഘട്ടമായി പലിശ അക്കൗണ്ടില്‍ വരവുവെയ്ക്കാന്‍ തീരുമാനമായി. നിക്ഷേപങ്ങളില്‍നിന്ന് പ്രതീക്ഷിച്ചതുപോലെ വരുമാനം ലഭിക്കാതിരുന്നതിനെതുടര്‍ന്നാണ് ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗം പുതിയ തീരുമാനത്തിലെത്തിയത്. ആദ്യഘട്ടമായി 8.15ശതമാനം പലിശ ഉടനെ വരിക്കാരുടെ അക്കൗണ്ടില്‍ വരവുവെയ്ക്കും. 0.35ശതമാനം പലിശയാകട്ടെ ഡിസംബറിലാകും അക്കണ്ടിലെത്തുക. ഓഹരിയിലെ നിക്ഷേപം നഷ്ടത്തിലായതും മറ്റു നിക്ഷേ പദ്ധതികളില്‍നിന്നുള്ള ആദായത്തില്‍ കാര്യമായി ഇടിവുവന്നതുംമൂലം പലിശകുറയ്ക്കുന്നതിന് ഇപിഎഫ്ഒയുടെമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ 8.5ല്‍നിന്ന് പിന്നോട്ടുപോകേണ്ടെന്നാണ് ബോര്‍ഡ് യോഗം തീരുമാനിച്ചത്. 2019-2020 സാമ്പത്തികവര്‍ഷത്തില്‍ 31,501 കോടി രൂപയാണ് ഇപിഎഫ്ഒ ഇടിഎഫില്‍ നിക്ഷേപിച്ചത്.

  ഓക്‌സ്‌ഫോര്‍ഡ് കോവിഡ് വാക്‌സിന്‍ പരീക്ഷണം  ഇന്ത്യയില്‍ തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

  ലോകം ഒന്നടങ്കം കാത്തിരിക്കുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണത്തെക്കുറിച്ച് അല്‍പ്പം നിരാശാജനകമായ വാര്‍ത്തയാണ് ഇന്നലെ പുറത്തുവന്നത്. വാക്സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനാല്‍ യു.കെയിലെ വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു എന്നതായിരുന്നു അത്. എന്നാല്‍  ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കോവിഡ്-19 വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണം തുടരുമെന്ന് പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുകയാണ്. ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഇതിനു വിശദീകരണവും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നുണ്ട്.

  ‘കോവിഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല. അതിനാല്‍ ഇന്ത്യയിലെ പരീക്ഷണം തുടരും’ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിപ്പ് ഇങ്ങനെ. ഓക്സ്‌ഫോര്‍ഡ്- അസ്ട്രാസെനെക വാക്‌സിന്റെ അവസാനഘട്ട പരീക്ഷണത്തിനിടെയാണ് യു.കെയില്‍ വാക്സിന്‍ കുത്തിവെച്ച ഒരാളില്‍ കഴിഞ്ഞ ദിവസം അജ്ഞാതരോഗം കണ്ടെത്തിയത്.

  ഉയര്‍ന്ന വാഹന വില്‍പ്പന: പിന്നിലെ രഹസ്യം ഇതാണ്

  ഇന്ത്യന്‍ വാഹന വിപണി തിരിച്ചു കയറുന്നതായാണ് കണക്കുകളടക്കം നിരത്തി വാഹന നിര്‍മാതാക്കളുടെ അവകാശവാദം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഈ ഓഗസ്റ്റില്‍ വില്‍പ്പന 20 ശതമാനം വരെ കൂടിയെന്ന് വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള കണക്കുകള്‍ കാട്ടുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വാഹന വില്‍പ്പന കൂടിയിട്ടില്ലെന്നാണ് രാജ്യത്തെ ഡീലര്‍മാര്‍ പറയുന്നത്.

  വാഹന നിര്‍മാതാക്കള്‍ ഡീലര്‍മാര്‍ക്ക് നല്‍കുന്ന വാഹനങ്ങളുടെ എണ്ണം എടുത്താണ് വിപണിയുടെ ഉണര്‍വായി ചൂണ്ടിക്കാട്ടുന്നത്. യഥാര്‍ത്ഥത്തില്‍ റീറ്റെയ്ല്‍ വിപണിയില്‍ വിറ്റു പോയതല്ല. നിര്‍മാണ ഫാക്റ്ററിയില്‍ നിന്ന് പുറത്തു പോയ കാറുകള്‍ വിറ്റുപോയതായി കണക്കാക്കിയാണ് ഇത്.

  ലോക്ക് ഡൗണ്‍ വരുന്നതിനു മുമ്പു തന്നെ ബിഎസ് 4 വാഹനങ്ങളുടെ സ്റ്റോക്ക് വിറ്റഴിക്കാന്‍ ഡീലര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു. പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ ബി എസ് 6 വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നതിനാലാണിത്. അതുകൊണ്ടു തന്നെ കാറുകളുടെ സ്റ്റോക്ക് കുറഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഡീലര്‍മാര്‍ക്കുള്ള ബിഎസ് 6 വാഹനങ്ങള്‍ രാജ്യത്തുടനീളം എത്തിച്ചതോടെയാണ് വാഹന വിപണി തിരിച്ചു കയറുന്നതായി കണ്ടത്.

  രാജ്യത്ത് ഏറ്റവുമധികം കാറുകള്‍ വില്‍ക്കുന്ന മാരുതി സുസുകി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിറ്റ 97601 യൂണിറ്റുകളേക്കാള്‍ 20.2 ശതമാനം കൂടുതല്‍ (116704) കാറുകള്‍ കഴിഞ്ഞ മാസം വിറ്റതായാണ് കണക്ക്. ഹ്യുണ്ടായ് ആകട്ടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 38205 കാറുകള്‍ വിറ്റിടത്ത് ഈ വര്‍ഷം ഓഗസ്റ്റില്‍ 45809 കാറുകള്‍ വിറ്റഴിച്ചു. 20 ശതമാനം വളര്‍ച്ച. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വില്‍പ്പനയില്‍ ഒരു ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്ക്. 13,507 യൂണിറ്റില്‍ നിന്ന് 13651 യൂണിറ്റായി. ഇരുചക്ര വാഹന വിപണിയില്‍ ഹീറോ മോട്ടോകോര്‍പ് കഴിഞ്ഞ വര്‍ഷം ഓഗസറ്റില്‍ 5.24 ലക്ഷം യൂണിറ്റുകളാണ് വിറ്റിരുന്നത്. ഈ വര്‍ഷം അത് 5.68 ലക്ഷം യൂണിറ്റായി ഉയര്‍ന്നു. 8.5 ശതമാനം വര്‍ധന.

  171 പോയ്ന്റ് ഇടിവോടെ സെന്‍സെക്‌സ്; റിലയന്‍സ് ഉയര്‍ന്നത് 2.5 ശതമാനം

  ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും ഇന്ന് താഴേയ്ക്ക്. അമേരിക്കന്‍ ഓഹരി വിപണിയില്‍ ടെക്‌നോളജി ഓഹരികള്‍ തുടര്‍ച്ചയായി താഴേക്ക് പോകുന്നത് ആഗോള ഓഹരി വിപണികളില്‍ ചലനം സൃഷ്ടിക്കുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് ഇന്ന് ഇന്ത്യന്‍ വിപണിയിലുമുണ്ടായത്.

  സെന്‍സെക്‌സ് 171 പോയ്ന്റ്, 0.45 ശതമാനം, ഇടിഞ്ഞ് 39,194ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 39 പോയ്ന്റ്, 0.35 ശതമാനം ഇടിവോടെ 11,278ലും ക്ലോസ് ചെയ്തു.

  റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപകമ്പനിയായ റിലയന്‍സ് റീറ്റെയ്‌ലിലേക്ക് നിക്ഷേപം പ്രവഹിക്കുന്നുവെന്ന വാര്‍ത്തയാണ് റിലയന്‍സിന് ഇന്ന് നേട്ടമായത്. സില്‍വര്‍ലേക്കിന്റെ നിക്ഷേപത്തിന് പിന്നാലെ കെകെആറും റിലയന്‍സ് റീറ്റെയ്‌ലില്‍ നിക്ഷേപം നടത്താന്‍ പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

  റിലയന്‍സ് ഓഹരി വില ഇന്ന് രണ്ടര ശതമാനത്തോളം ഉയര്‍ന്ന് 2,161ലെത്തി.

  നിഫ്റ്റിയിലെ ഭൂരിഭാഗം സെക്ടര്‍ സൂചികകളും ഇന്ന് താഴ്ചയാണ് രേഖപ്പെടുത്തിയത്. അതേ സമയം നിഫ്റ്റി ഫാര്‍മ രണ്ടുശതമാനത്തോളം ഉയര്‍ന്നു.

  കേരള കമ്പനികളുടെ പ്രകടനം

  കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായില്ല. എട്ട് ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 18 ഓഹരികളുടെ വില താഴ്ന്നപ്പോള്‍ വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. 6.12 ശതമാനം നേട്ടത്തോടെ ഇന്‍ഡിട്രേഡാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ മുന്നില്‍. 1.50 രൂപ വര്‍ധിച്ച് 26 രൂപയിലാണ് ഇന്‍ഡിട്രേഡിന്റേത് ക്ലോസ് ചെയ്തത്. ഈസ്‌റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വില 1.85 രൂപ ഉയര്‍ന്ന് 38.85 രൂപയിലും (5 ശതമാനം ഉയര്‍ച്ച) കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റേത് 3.50 രൂപ ഉയര്‍ന്ന് (1.07 ശതമാനം) രൂപയിലുമെത്തി. പാറ്റ്‌സ്പിന്‍ ഇന്ത്യ  (1.72 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.01 ശതമാനം), എവിറ്റി (0.72 ശതമാനം), മണപ്പുറം ഫിനാന്‍സ് (0.45 ശതാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.43 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

  കമ്മോഡിറ്റി വിലകള്‍

  സ്വര്‍ണം :  4730 രൂപ (one gram )

  വെള്ളി :   67.90 രൂപ (one gram)

  ക്രൂഡ് ഓയ്ല്‍ :  2751.00 Per 1 BBL

  കുരുമുളക് :  339.00 രൂപ (1 kg)

  റബ്ബര്‍ :  1340 രൂപ (1 kg)

  ഏലം : 1750 (1 kg)

  കൊറോണ അപ്ഡേറ്റ്സ്

  കേരളത്തില്‍ ഇന്ന്

  രോഗികള്‍: 3402, മരണം:12

  ഇതുവരെ:  രോഗികള്‍:  24,549, മരണം: 384

  ഇന്ത്യയില്‍ ഇതുവരെ

  രോഗികള്‍:4,370,128 മരണം: 73,890

  ലോകത്ത് ഇതുവരെ

  രോഗികള്‍: 27,570,742, മരണം: 897,383

  TODAY’S PODCAST : Money Tok: എസ്‌ഐപിയിലൂടെ മികച്ച നേട്ടം സ്വന്തമാക്കാന്‍ 3 സുവര്‍ണ നിയമങ്ങള്‍

  ഇപ്പോള്‍ യുവാക്കളടക്കമുള്ള നിക്ഷേപകരുടെ ഇഷ്ട നിക്ഷേപമായി എസ്‌ഐപി മാറുന്നുണ്ട്. എന്താണ് എസ്‌ഐപി ഇത്രയധികം ചര്‍ച്ചയാകുന്നത്? അതും ഈ കൊറോണ കാലത്ത്?  ഇതിനു പിന്നില്‍ പല കാരണങ്ങളുണ്ട്. ഒന്ന് ചെറിയ തുക കൊണ്ട് പോലും ഇതില്‍ നിക്ഷേപം നടത്താം. രണ്ടാമത്തേത് മറ്റ് അസറ്റ് ക്ലാസുകളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് ഓഹരി വിപണി ഇപ്പോള്‍ കാഴ്ച വയ്ക്കുന്നത്. ഓഹരി വിപണിയുടെ നേട്ടം എല്ലാവര്‍ക്കും നേരിട്ടു നിക്ഷേപിച്ച് കൊണ്ട് സ്വന്തമാക്കുക എന്നത് അത്ര എളുപ്പമല്ല.

  ഏതാണ് മികച്ച ഓഹരി എന്ന അറിവില്ലായ്മ കൊണ്ട് ഓഹരിവിപണിയില്‍ കവച്ചാല്‍ പൊള്ളുമോ എന്ന പേടിയുമാണ് പലര്‍ക്കും. എന്നാല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള ഒരു മികച്ച മാര്‍ഗമാണ് എസ്‌ഐപികള്‍. മികച്ച ഫണ്ട് മാനേജര്‍മാര്‍ മാനേജ് ചെയ്യുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ക്ക് എന്നും സ്വീകാര്യതയുണ്ട്. ഏതെങ്കിലും ഫണ്ടില്‍ നിക്ഷേപിക്കുക എന്നതായിരിക്കരുത്  നിങ്ങള്‍ ചെയ്യേണ്ടത്. പ്രായത്തിനും ലക്ഷ്യത്തിനും കാലയളവിനും അനുസരിച്ച് ഓരോ നിക്ഷേപകനും ഫണ്ട് തെരഞ്ഞെടുക്കണം. ഇതിനായി അറിഞ്ഞിരിക്കേണ്ട മൂന്നു സുപ്രധാനകാര്യങ്ങള്‍ അറിയാം.

  READ TODAY”S GUEST COLUMN: ചൈനയില്‍ വെച്ച് ഇംഗ്ലീഷില്‍ കേട്ട ഏക കാര്യം അതാണ്!

  ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
  Dhanam YouTube Channel – youtube.com/dhanammagazine

  1 COMMENT

  LEAVE A REPLY

  Please enter your comment!
  Please enter your name here