ഡിമാന്‍ഡ് കൂടുന്നു, ഈ ശ്രേണിയില്‍ മോഡലുകള്‍ ഇറക്കാന്‍ മത്സരിച്ച് കാര്‍ നിര്‍മാതാക്കള്‍
എം.യു.വി, എം.പി.വി വാഹനങ്ങളുടെ വില്‍പ്പനയില്‍ 50 ശതമാനത്തോളം വര്‍ധന;
വാഹന വിപണിയില്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുള്ള (എസ്.യു.വി) ഡിമാന്‍ഡ് ഉയരുന്നത് വാഹന നിര്‍മാതാക്കളെ 7 സീറ്റര്‍ വിഭാഗത്തില്‍ കൂടുതല്‍ പരീക്ഷണങ്ങളുമായെത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്. മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌കര്‍ തുടങ്ങിയ വമ്പന്‍മാരെല്ലാം ചേര്‍ന്ന് അണിയറയില്‍ ഒരുക്കുന്നത് ഒരു ഡസണോളം 7 സീറ്റര്‍ എസ്.യു.വികളാണ്.
കൊവിഡ് മഹാമാരിക്ക് ശേഷം മിക്കവരും കുടുംബവുമൊന്നിച്ച് യാത്രകള്‍ ചെയ്യാന്‍ താത്പര്യം കാണിച്ച് തുടങ്ങിയതാണ് എസ്.യു.വികളുടെ ഡിമാന്‍ഡും കൂട്ടുന്നത്.
വരുന്നു ഇവര്‍
ഹ്യുണ്ടായിയുടെ അല്‍കാസറിന്റെ ഫെയ്‌സ് ലിഫ്റ്റാണ് ഈ ശ്രേണിയില്‍ ആദ്യം എത്തുക. സെപ്റ്റംബര്‍ ആദ്യം തന്നെ ഇത് അവതരിപ്പിച്ചേക്കും. മാരുതി സുസുക്കിയുടെ ഗ്രാന്‍ഡ് വിറ്റാറയും ടോയോട്ടയുടെ സ്‌പോര്‍സ് യൂട്ടിലിറ്റി വിഭാഗത്തിലുള്ള ഹൈറൈഡറും 7 സീറ്ററുമായി അടുത്ത വര്‍ഷം ആദ്യം എത്തും.
കൊറിയന്‍ കമ്പനിയായ കിയ അവരുടെ ജനപ്രിയ മോഡലായ കാരന്‍സിന്റെ സെവന്‍ സീറ്റര്‍ അടുത്ത വര്‍ഷം അവതരിപ്പിക്കും. എം.ജി മോട്ടോഴ്‌സ് ഗ്ലോസ്റ്ററിന്റെ അപ്‌ഗ്രേഡഡ് വേര്‍ഷനുമായെത്തുമ്പോള്‍ മെറിയിനുമായി ജീപ്പും കാര്‍ണിവലിന്റെ പുതിയ പതിപ്പുമായി കിയയും പ്രീമിയം വിപണിയിലേക്ക് എത്തും.
എന്‍ട്രി ലെവലില്‍ നിന്ന് ചുവടുമാറ്റം
എന്‍ട്രി ലെവല്‍ കാറുകളായിരുന്നു ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് നേടിയിരുന്നതെങ്കില്‍ ഇപ്പോള്‍ ചിത്രം മാറി. കഴിഞ്ഞ മൂന്ന് വര്‍ഷമായി മഹീന്ദ്ര എക്‌സ്.യു.വി 700, മഹീന്ദ്ര സ്‌കോര്‍പിയോ, ടാറ്റ സഫാരി എന്നിവയുടെ സെവന്‍ സീറ്റര്‍ എസ്.യു.വികളുടെ ( 15-25 ലക്ഷത്തിനിടയില്‍ വില വരുന്ന) വില്‍പ്പനയില്‍ മൂന്ന് മടങ്ങ് വര്‍ധനയാണുണ്ടായത്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ മൊത്തം 3.35 ലക്ഷം വാഹനങ്ങളാണ് ഈ വിഭാഗത്തില്‍ വിറ്റുപോയത്. ഇതാണ് ഇപ്പോള്‍ ഈ വിഭാഗത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കാര്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത്.
കിയ കാരന്‍സ് ഉള്‍പ്പെടെ ആറോളം മോഡലുകള്‍ ഈ വിഭാഗത്തില്‍ ടയോട്ടയുടെ ബെസ്റ്റ് സെല്ലേഴ്‌സായ ഇന്നോവയ്ക്കും ഇന്നോവ ക്രിസ്റ്റയ്ക്കും എതിരാളികളായി ഇപ്പോള്‍ തന്നെ നിലവിലുണ്ട്.
2024 സാമ്പത്തിക വര്‍ഷത്തില്‍ നടന്ന വാഹന വില്‍പ്പനയുടെ ഏകദേശം പകുതിയോളവും (47 ശതമാനം) 10 ലക്ഷത്തിനു മുകളില്‍ വിലയുള്ള വാഹനങ്ങളായിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 22 ശതമാനം മാത്രമായിരുന്നുവെന്നതാണ് എടുത്തുപറയേണ്ടത്.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2024-25) ആദ്യ നാല് മാസക്കാലയളവില്‍ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 63 ശതമാനവും എസ്.യു.വികളും എം.യു.വികളും (Multi Utility Vehicle /MUV) അടക്കമുള്ള ലാര്‍ജ് യൂട്ടിലിറ്റി വാഹനങ്ങളായിരുന്നു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 50 ശതമാനത്തോളമാണ് വര്‍ധന.