ഇ.വി സബ്സിഡിയില്‍ ഇന്ത്യ മുന്നില്‍, വ്യാപനത്തില്‍ പുറകോട്ട്, ഇക്കൊല്ലം മുതല്‍ സീന്‍ മാറുമെന്നും പഠനം
10 ഉപയോക്താക്കളില്‍ ആറ് പേരും ഇലക്ട്രിക് വാഹനം തിരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനം;
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ മുന്നിലെന്ന് എച്ച്.എസ്.ബി.സി സെക്യൂരിറ്റീസ് റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇ.വി മോഡലായ ടാറ്റ നെക്‌സോണിന്റെ അടിസ്ഥാന വിലയുടെ 46 ശതമാനം വരെയാണ് നേരിട്ടും അല്ലാതെയും ഇളവ് ലഭിക്കുന്നത്. ഉപയോക്താവിന് ജി.എസ്.ടി, റോഡ് ടാക്‌സ് ഇനത്തിലും നിര്‍മാണ കമ്പനിക്ക് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയിലൂടെയും ലഭിക്കുന്ന ഇളവുകള്‍ ചേര്‍ത്താണിത്. ചൈനയില്‍ 10 ശതമാനവും ദക്ഷിണ കൊറിയയില്‍ 16 ശതമാനവും ജര്‍മനിയില്‍ 20 ശതമാനവും യു.എസിലും ജപ്പാനിലും 26 ശതമാനവുമാണ് ഇ.വികള്‍ക്ക് സബ്‌സിഡി ഇനത്തില്‍ നല്‍കുന്നത്. ഇ.വികള്‍ക്ക് സബ്‌സിഡി നല്‍കാനുള്ള ഫെയിം പദ്ധതി ഇനി ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
ഇത്രയധികം സബ്‌സിഡി നല്‍കുന്നുണ്ടെങ്കിലും ഇ.വി വ്യാപനത്തില്‍ ( Ev Penetration) ഇന്ത്യ ഏറെ പിന്നിലാണെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. ഇന്ത്യയുടെ ഇ.വി വ്യാപനം രണ്ട് ശതമാനമാണ്. ഇന്ത്യയേക്കാള്‍ കുറഞ്ഞ സബ്‌സിഡി നല്‍കുന്ന രാജ്യങ്ങളില്‍ ഇ.വി വ്യാപനം കൂടുതലാണ്. 24 ശതമാനമാണ് ചൈനയിലേത്. യു.എസില്‍ 26 ശതമാനം ഇ.വി വ്യാപനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇനി കളിമാറും
2025ല്‍ ആഗോളതലത്തില്‍ ഇ.വികളുടെ എണ്ണം 8.5 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ നിരത്തുകളില്‍ ഇക്കൊല്ലം അവസാനിക്കുമ്പോള്‍ അഞ്ച് ലക്ഷം ഇ.വികള്‍ ഉണ്ടാകുമെന്നും മാനേജിംഗ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഗാര്‍ട്ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 3.7 ലക്ഷം ബോണ്‍ ഇലക്ട്രിക് (ബി.ഇ.വി) വാഹനങ്ങളും 1,29,500 പ്യൂര്‍ ഹൈബ്രിഡ് ഇ.വികളും (PHEV) ഇക്കൂട്ടത്തിലുണ്ട്. രാജ്യത്തെ ഇ.വി വിപണിയില്‍ 51 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ചില്‍ മൂന്നും ഇവി
പുതുതായി വാഹനമെടുക്കാന്‍ തീരുമാനിച്ച 10 ഉപയോക്താക്കളില്‍ ആറ് പേരും ഇലക്ട്രിക് വാഹനം തിരഞ്ഞെടുക്കാനുള്ള സാധ്യത 2025ല്‍ കൂടുതലാണെന്ന് ടി.സി.എസ് നടത്തിയ പഠനത്തില്‍ പറയുന്നു. 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നിലവിലെ ഇ.വി മോഡലുകളോട് അനിഷ്ടമൊന്നുമില്ലെന്നും അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. വാഹനത്തിന്റെ വില, അറ്റകുറ്റപ്പണി, ചാര്‍ജിംഗ് സമയവും അടിസ്ഥാന സൗകര്യവും, റേഞ്ച് തുടങ്ങിയ കാര്യങ്ങളാണ് ഉപയോക്താക്കളെ അലട്ടുന്നത്. ഇ.വികളുടെ ബാറ്ററി റേഞ്ച് മെച്ചപ്പെടുത്തേണ്ടതാണെന്നും ആളുകള്‍ പറയുന്നുണ്ട്.