ഇ.വി കാറുകളുടെ വില്‍പ്പന ഇന്ത്യയില്‍ രണ്ട് വര്‍ഷത്തിനുളളില്‍ ഇരട്ടിയാകുമെന്ന് ഹ്യുണ്ടായ്
2030 ഓടെ ഇ.വി കളുടെ സാന്നിധ്യം 17 ശതമാനത്തിലെത്തുമെന്നും തരുൺ ഗാർഗ്;
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ പാസഞ്ചർ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഇരട്ടിയാകുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. നിലവില്‍ 1,06,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടക്കുന്നത്. 2025 ൽ പ്രമുഖ മോട്ടോര്‍ നിര്‍മ്മാണ കമ്പനികള്‍ പുതിയ ഇ.വി മോഡലുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഹ്യുണ്ടായി പ്രതീക്ഷയുമായി രംഗത്തെത്തിയത്.
ചാര്‍ജിംഗ് സൗകര്യങ്ങളുടെ വിപുലീകരണം ഇ.വി കളുടെ സാന്നിധ്യം നിലവിലെ 2.4 ശതമാനത്തിൽ നിന്ന് 2030 ഓടെ 17 ശതമാനത്തിലെത്താൻ സഹായിക്കുമെന്ന് ഹ്യുണ്ടായ് ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തരുൺ ഗാർഗ് പറഞ്ഞു. ഭാരത് മൊബിലിറ്റി ഗ്ലോബൽ ഓട്ടോ എക്‌സ്‌പോയിൽ ക്രെറ്റ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാനുളള ഒരുക്കത്തിലാണ് ഹ്യുണ്ടായ്.
ക്രെറ്റ ഇവിക്ക് ശേഷം അടുത്ത് തന്നെ മൂന്ന് ഇവി കാറുകള്‍ കൂടി പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. പൂനെ ഫാക്ടറിയുടെ ഒന്നാം ഘട്ട ഉല്‍പ്പാദന ശേഷി 2025 നാലാം പാദത്തില്‍ 1,70,000 യൂണിറ്റുകളില്‍ എത്തും. രണ്ടാം ഘട്ടത്തില്‍ 80,000 യൂണിറ്റുകളുടെ കൂടെ ഉല്‍പ്പാദന ശേഷി പ്ലാന്റ് കൈവരിക്കും. 2028 ഓടെ കമ്പനിയുടെ ഉൽപ്പാദന ശേഷി 8,24,000 ൽ നിന്ന് 11 ലക്ഷത്തിലെത്തുമെന്നാണ് ഹ്യുണ്ടായ് കണക്കാക്കുന്നത്.
മാരുതി സുസുക്കി ഇ-വിറ്റാര, മഹീന്ദ്ര ബിഇ 6, ടാറ്റ കർവ്വ്, എംജി ഇസഡ്.എസ് ഇവി, ടൊയോട്ട അർബൻ ക്രൂയിസർ ഇവി എന്നിവയുമായാണ് ക്രെറ്റ ഇലക്ട്രിക് മത്സരിക്കുക. ക്രെറ്റ ഇവി യുടെ 51.4kWh ബാറ്ററി പാക്കിന് ഒറ്റത്തവണ ഫുൾ ചാർജിൽ 473 കിലോമീറ്ററും 42kWh ബാറ്ററി പാക്കിന് ഫുൾ ചാർജിൽ 390 കിലോമീറ്ററും സഞ്ചരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.