ടെസ്‌ലയ്ക്ക് വന്‍ വെല്ലുവിളി; ഒന്നാംസ്ഥാനം പിടിച്ചെടുക്കാന്‍ ചൈനീസ് കമ്പനി ബി.വൈ.ഡി

ആഗോള വാഹന വ്യവസായത്തില്‍ ചൈനയുടെ സ്വാധീനം ശക്തിപ്പെടുന്നു

Update: 2023-12-27 10:42 GMT

ലോകത്തെ സമ്പൂര്‍ണ വൈദ്യുത വാഹന വില്‍പ്പനയില്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയെ (Tesla) മറികടക്കാന്‍ ചൈനയുടെ ബി.വൈ.ഡി (BYD). ആഗോള ഇലക്ട്രിക് വാഹന വ്യവസായത്തില്‍ സ്വാധീനം ശക്തമാക്കുകയാണ് ചൈന. ബി.വൈ.ഡിയുടെ അറ്റോ 3, ഇ6 എന്നിങ്ങനെ രണ്ട് മോഡലുകള്‍ ഇന്ത്യയിലും വിപണിയിലുണ്ട്.

ടെസ്‌ലയ്‌ക്കൊപ്പമെത്തി

രണ്ടാം പാദത്തെ അപേക്ഷിച്ച് 23 ശതമാനം വര്‍ധനയോടെ സെപ്തംബര്‍ പാദത്തില്‍ ബി.വൈ.ഡി 4.31 ലക്ഷം വൈദ്യുത വാഹനങ്ങള്‍ വിറ്റഴിച്ചു. ടെസ്‌ല സെപ്തംബര്‍ പാദത്തില്‍ വിറ്റഴിച്ചത് 4.35 ലക്ഷം വൈദ്യുത വാഹനങ്ങളും. എണ്ണത്തില്‍ 3,456 കാറുകള്‍ മാത്രമാണ് അധികമുള്ളത്.  ടെക് റിസേര്‍ച്ച് ഫേം കൗണ്ടര്‍പോയിന്റിന്റെ കണക്കുകള്‍ പ്രകാരം ആഗോള വൈദ്യുത വാഹന വില്‍പ്പനയിലെ വിപണി വിഹിതം 2022ലും 2023ലും ടെസ്‌ലയ്ക്ക് 17 ശതമാനമാണ്. എന്നാല്‍ ബി.വൈ.ഡിയുടെ കാര്യത്തില്‍ ഇത് 2022ല്‍ 13 ശതമാനവും 2023ല്‍ 17 ശതമാനവുമാണ്.

അതായത് ആഗോളതലത്തില്‍ 2023-24ല്‍ മൂന്നാം പാദത്തില്‍ തന്നെ ബി.വൈ.ഡിയുടെ വിപണി വിഹിതം ടെസ്‌ലയ്‌ക്കൊപ്പമെത്തി. ടെസ്‌ലയുടെ വിപണി വിഹിതത്തില്‍ മാറ്റമില്ലാതെ തുടരുകയും മെച്ചപ്പെട്ട വളര്‍ച്ചയോടെ ബി.വൈ.ഡി ഇത്തരത്തില്‍ മുന്നോട്ട് പോകുകയും ചെയ്യുകയാണെങ്കില്‍ 2023-24 സാമ്പത്തികവര്‍ഷം അവസാനത്തോടെ ആഗോള വാഹന വ്യവസായത്തില്‍ ബി.വൈ.ഡി ടെസ്‌ലയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തും.







Tags:    

Similar News