ജീപ്പ് മോഹികള്‍ക്ക് ഒരു വാഹനം; വിപണി കീഴടക്കാന്‍ മഹീന്ദ്രയുടെ ഥാര്‍ റോക്സ് എത്തുന്നു
ആഗസ്റ്റ് 15 ന് റോക്സ് വില്‍പ്പനയ്ക്ക് എത്തും
കരുത്തുറ്റ പ്രകടനവും മോഹിപ്പിക്കുന്ന ചാരുതയും സമന്വയിപ്പിച്ച് ഒരു റോക്ക്സ്റ്റാറിന്റെ ഗരിമയുളള വാഹനം എന്ന വിശേഷണവുമായാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഥാർ റോക്‌സ് (Thar Roxx) എന്ന എസ്.യു.വി അവതരിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ന് റോക്സ് വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
വാഹനത്തിന്റെ സവിശേഷതകള്‍
ഈ 5 വാതിലുകള്‍ ഉളള വാഹനം ലംബമായി അടുക്കിയിരിക്കുന്ന പുതിയ ആറ് ഡബിൾ സ്ലാറ്റ് ഗ്രില്ലുമായാണ് എത്തുക. ഇത് റോക്സിന് കൂടുതല്‍ പരുക്കവും ധീരവുമായ രൂപം നൽകും. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളിൽ പുതുതായി എൽ.ഇ.ഡി പ്രൊജക്ടറുകളും സി-ആകൃതിയിലുള്ള ഇന്റഗ്രേറ്റഡ് ഡി.ആർ.എല്ലുകളും നല്‍കിയിരിക്കുന്നു.
ഫോഗ് ലൈറ്റുകളുടെയും ടേൺ ഇൻഡിക്കേറ്ററുകളുടെയും സ്ഥാനങ്ങള്‍ പഴയ പതിപ്പിനോട് സമാനമാണെങ്കിലും ഇപ്പോള്‍ ആകര്‍ഷകമായ രൂപകല്‍പ്പനയിലാണ് എത്തുന്നത്. ഇരട്ട നിറങ്ങളിലുളള പുറം കണ്ണാടികള്‍, സിൽവർ ബമ്പർ, പുതിയ രൂപകല്‍പ്പനില്‍ തീര്‍ത്ത ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയും ശ്രദ്ധേയമായ മാറ്റങ്ങളാണ്.
മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകള്‍ ലഭ്യമാകും
പിന്നിലെ വാതിലുകളിൽ ലംബമായി ഒരുക്കിയിരിക്കുന്ന ഹാന്‍ഡിലുകളും പുറം കണ്ണാടികളില്‍ ഉളള 360 ഡിഗ്രി ക്യാമറകളും പ്രത്യേകതകളാണ്. 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ, പുതിയതായി അവതരിപ്പിക്കുന്ന 1.5 ലിറ്റർ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് മഹീന്ദ്ര ഥാർ റോക്‌സ് വാഗ്ദാനം ചെയ്യുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമാകും. സ്റ്റാൻഡേർഡ് റിയർ-വീൽ ഡ്രൈവും ഓപ്‌ഷണൽ ഫോര്‍ വീല്‍ ഡ്രൈവ് സജ്ജീകരണവും റോക്സ് നൽകും. 12.50 ലക്ഷത്തിനും 18.50 ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വില.