പുതിയ കാറിനും വേണം കരുതല്‍

Update:2019-10-08 19:30 IST

സാം കെ എസ്

ആഘോഷങ്ങള്‍ കഴിഞ്ഞു. പുതിയ കാര്‍ നിങ്ങളുടെ വീട്ടിലെത്തി. ഇനി അത് നന്നായി ഉപയോഗിക്കേണ്ട സമയമാണ്. പുതിയ കാര്‍ ആയതുകൊണ്ട് അതിന്റെ കാര്യത്തില്‍ പ്രത്യേക സംരക്ഷണമോ ശ്രദ്ധയോ ആവശ്യമില്ല എന്നാണ് പല ഉപയോക്താക്കളും ചിന്തിക്കുന്നത്. അത് പൂര്‍ണമായും തെറ്റാണ്. ഏറെ പണം ചെലവഴിച്ച് നിങ്ങള്‍ സ്വന്തമാക്കിയ നിങ്ങളുടെ സ്വപ്‌നവാഹനം എക്കാലവും നല്ലതുപോലെയിരിക്കാനും മികച്ച പ്രകടനം കാഴ്ചവെക്കാനും അത് കരുതലോടെ ഉപയോഗിക്കണം. പുതിയ കാര്‍ ആയതുകൊണ്ട് തന്നെ അതിന് കേടുപാടുകളോ പ്രശ്‌നങ്ങളോ ഉണ്ടാകില്ല എന്നു ചിന്തിക്കരുത്. പുതിയ കാര്‍ ദീര്‍ഘകാലം നന്നായി ഉപയോഗിക്കുന്നതിനായി ഇതാ ചില
മാര്‍ഗനിര്‍ദേശങ്ങള്‍

റണ്ണിംഗ് ഇന്‍ പീരീഡ്

പുതിയ കാറിന്റെ ആദ്യത്തെ ഏതാനും ആയിരം കിലോമീറ്ററുകള്‍ റണ്ണിംഗ് - ഇന്‍ പീരീഡ് ആയാണ് കണക്കാക്കുന്നത്. ഇക്കാലഘട്ടത്തില്‍ (സാധാരണഗതിയില്‍ ആദ്യത്തെ 1000-2500 കിലോമീറ്ററുകള്‍) കാര്‍ ശ്രദ്ധയോടെ ഉപയോഗിക്കണം എന്ന് ഓണേഴ്‌സ് മാനുവലില്‍പ്പോലും എഴുതിയിട്ടുണ്ട്. ശ്രദ്ധയോടെ ഡ്രൈവ് ചെയ്തില്ലെങ്കിലും അത് കാറിനെ പരമാവധി ബാധിക്കാത്ത തരത്തിലാണ് പുതിയ കാറുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. എങ്കില്‍പ്പോലും റണ്ണിംഗ് ഇന്‍ സമയത്ത് കാര്‍ ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ അതിന്റെ പ്രയോജനം എന്‍ജിന് ലഭിക്കും.

നിങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ പുതിയ കാര്‍ എന്‍ജിന്റെ ദീര്‍ഘകാല പ്രകടനവും കാര്യക്ഷമതയും. ശ്രദ്ധയി
ല്ലാത്ത ഉപയോഗം എന്‍ജിനെ ദോഷകരമായി ബാധിക്കും. എന്‍ജിന്റെ ചലിക്കുന്ന ഘടകഭാഗങ്ങള്‍ക്ക് സാധാരണ പ്രവര്‍ത്തന നിലയിലേക്ക് എത്താന്‍ അല്‍പ്പം സമയം വേണ്ടിവരും. ഇത് എന്‍ജിന്റെ 'റണ്‍ഇന്‍' എങ്ങനെ ആയിരുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ ടയറുകള്‍, ബ്രേക്കുകള്‍ എന്നിവക്കെല്ലാം ശരിയായ 'റണ്ണിംഗ്- ഇന്‍'ന്റെ പ്രയോജനം ലഭിക്കും. എന്താണ് ശരിയായ റണ്‍ എന്നറിയണ്ടേ? ഇതാ ചില മാര്‍ഗനിര്‍ദേശങ്ങള്‍.

റണ്‍-ഇന്‍: എന്തൊക്കെ ശ്രദ്ധിക്കണം?

$ പെട്രോള്‍ എന്‍ജിനാണെങ്കില്‍ ആദ്യത്തെ 1000 കിലോമീറ്ററിനുള്ളില്‍ 2500 RPM നു മുകളില്‍ പോകാന്‍ അനുവദിക്കരുത്. അതിനുശേഷം 1500 കിലോമീറ്ററിനുള്ളില്‍ 3000 ഞജങ എന്ന പരിധിയില്‍ നിര്‍ത്തണം. സാവധാനം 2500 കിലോമീറ്ററില്‍ പരമാവധി RPM ലേക്ക് എത്തിക്കാം.

$ ഡീസല്‍ എന്‍ജിനാണെങ്കില്‍ ആദ്യ 1000 കിലോമീറ്ററില്‍ 2200 RPM ല്‍ നിര്‍ത്തണം. 1500 കിലോമീറ്ററില്‍ 2500-2800 RPM എത്തിക്കാം. 2500 കിലോമീറ്ററില്‍ പരമാവധി RPM ലേക്ക് ഉയര്‍ത്താം.

$ ശരിയായ റണ്‍-ഇന്‍ എന്നതിന്റെ പ്രധാന ഘടകമാണ് മുകളില്‍പ്പറഞ്ഞ ഞജങ പരിധിയില്‍ വാഹനം ഓടിക്കുകയെന്നുള്ളത്. ഇതിനായി നിങ്ങളുടെ ഡ്രൈവിംഗ് ശൈലി തന്നെ ചിലപ്പോള്‍ മാറ്റേണ്ടി വന്നേക്കാം. മുകളില്‍ സൂചിപ്പിച്ച ലളിതമായ മാര്‍ഗങ്ങളിലൂടെ നിങ്ങളുടെ കാറിന്റെ പവര്‍, ഇന്ധനക്ഷമത, എന്‍ജിന്റെ ആയുസ് എന്നിവ കൂട്ടാനാകും.

പുതിയ കാറിനെ എങ്ങനെ പരിചരിക്കണം?

നിങ്ങളുടെ കാര്‍ ദീര്‍ഘകാലം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പ്രത്യേകിച്ച് രഹസ്യങ്ങളൊന്നുമില്ല. ശരിയായതും കൃത്യവുമായ മെയ്ന്റനന്‍സ് മാത്രമാണ് അതിനു വേണ്ടത്. ഫ്‌ളൂയിഡ് നില കൃത്യമായി പരിശോധിക്കുന്നതോടൊപ്പം ചെയ്യേണ്ട സര്‍വീസുകളെല്ലാം സമയാസമയങ്ങളില്‍ ചെയ്യുന്നത് ദീര്‍ഘകാലം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വാഹനത്തെ സഹായിക്കും.

വാഹനത്തിന്റെ ഉള്‍ഭാഗവും പുറംഭാഗവും വൃത്തിയാക്കി വെക്കുന്നത് പുതുമ നിലനിര്‍ത്തും. പെയ്ന്റ്, പ്ലാസ്റ്റിക്, ലെതര്‍, ഫാബ്രിക് തുടങ്ങിയവയെല്ലാം ചൂടും പൊടിയുമൊക്കെ അടിച്ച് നശിച്ചു പോകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ കൊടുക്കുക.

ടയറിനും വേണം ശ്രദ്ധ

കാറിനെ റോഡുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു ഘടകം ടയര്‍ ആയതിനാല്‍ അവയുടെ പ്രാധാന്യം ഒരിക്കലും കുറച്ചു കാണരുത്. മാത്രവുമല്ല അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിവരുന്ന തുകയുടെ വലിയ ഭാഗം ടയറുകള്‍ക്കാണ് ആവശ്യമായി വരുന്നത്. അതുകൊണ്ടുതന്നെ ടയറുകളെ നന്നായി പരിചരിച്ചാല്‍ മെയ്ന്റനന്‍സ് ചെലവ് കുറയ്ക്കാനാകും.

ടയര്‍ പരിചരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് രണ്ട് കാര്യങ്ങളാണ്; അലൈന്‍മെന്റും ടയര്‍ പ്രഷറും. കാര്‍ നിര്‍മാതാവ് നിര്‍ദേശിച്ചിരിക്കുന്ന ഇടവേളകളില്‍ വീല്‍ അലൈന്‍മെന്റും റൊട്ടേഷനും നടത്തുക. നാല് ടയറുകളിലും നിര്‍ദേശിച്ചിരിക്കുന്ന അളവിലുള്ള ടയര്‍ പ്രഷര്‍ ഉണ്ടായിരിക്കണം. അന്തരീക്ഷം തണുത്തിരിക്കുമ്പോള്‍ അതായത് രാവിലെയോ മറ്റോ ടയര്‍ പ്രഷര്‍ സെറ്റ് ചെയ്യുകയാണ് നല്ലത്. കുറഞ്ഞ മര്‍ദത്തില്‍ വാഹനം ഓടിച്ചാല്‍ ടയറിന്റെ ആയുസും ഇന്ധനക്ഷമതയും കുറയും. കുറഞ്ഞത് മാസത്തിലൊരിക്കലെങ്കിലും ടയര്‍പ്രഷര്‍ പരിശോധിക്കുക. വാഹനം നിരന്തരം ഉപയോഗിക്കുന്നവര്‍ ഇടയ്ക്കിടക്ക് അത് പരിശോധിക്കേണ്ടിവരും. മാത്രമല്ല, ദീര്‍ഘയാത്രകള്‍ നടത്തുന്നതിനുമുമ്പ് നിര്‍ബന്ധമായും ടയര്‍ പ്രഷര്‍ പരിശോധിച്ചിരിക്കണം.

കാറിനെ നന്നായി പരിചരിച്ചാല്‍ പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം നിങ്ങള്‍ കാര്‍ മാറ്റി വാങ്ങാനായി വരുമ്പോള്‍ മികച്ച റീസെയ്ല്‍ വാല്യു ലഭിക്കും.

(ഓട്ടോമൊബീല്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍. ഫോണ്‍: 9496466100 ഇ-മെയ്ല്‍: sam@act.solutions)

Similar News