ആര്‍ക്ക് വീഴും നറുക്ക്? ടെസ്‌ല ഫാക്ടറിക്കായി സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരം! പങ്കുചേര്‍ന്ന് രാജസ്ഥാനും

ടെസ്‌ലയുടെ ഓഹരിവിലയില്‍ ഇടിവ് തുടരുന്നു; വിപണിമൂല്യം 500 ബില്യണ്‍ ഡോളറിന് താഴെയായി

Update:2024-04-17 13:32 IST

Image : tesla.com

പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ ഫാക്ടറി തുറക്കുമെന്ന പ്രതീക്ഷകള്‍ ശക്തമായിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്‌പേസ് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവരുമായുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്കായി ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് ഈമാസം 22ന് ഇന്ത്യയിലെത്തുന്നുമുണ്ട്.
ഇന്ത്യയില്‍ ഫാക്ടറി തുറക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇലോണ്‍ മസ്‌ക് മനസ്സുതുറക്കുമെന്നാണ് പ്രതീക്ഷകള്‍. എവിടെയായിരിക്കും ഫാക്ടറിക്ക് നറുക്ക് വീഴുക? അതിപ്പോഴും 'സസ്‌പെന്‍സ്' ആയി തുടരുകയാണെങ്കിലും ഫാക്ടറിക്കുവേണ്ടി നിരവധി സംസ്ഥാനങ്ങള്‍ തമ്മിലെ മത്സരം ശക്തമായിട്ടുണ്ട്. ഏറ്റവുമൊടുവില്‍, ഇപ്പോഴിതാ രാജസ്ഥാനും പങ്കുചേര്‍ന്നതോടെ മത്സരം കൊടുമ്പിരികൊണ്ടിരിക്കുന്നു.
എങ്ങുദിക്കും ടെസ്‌ല ഫാക്ടറി?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളാണ് ടെസ്‌ല ഫാക്ടറിക്കായി കരുക്കള്‍ നീക്കിയിരുന്നത്.
ടെസ്‌ലയെ വരവേല്‍ക്കാനുള്ള ശ്രമങ്ങളുമായി പിന്നീട് തമിഴ്‌നാടും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന്റെ വൈദ്യുത വാഹനനയവും നിരവധി വാഹന നിര്‍മ്മാണ ഫാക്ടറികളുടെ സാന്നിദ്ധ്യവുമാണ് തമിഴ്‌നാട് അനുകൂലഘടകമായി ഉയര്‍ത്തിക്കാട്ടുന്നത്. നിസാന്‍, റെനോ, ഹ്യുണ്ടായ്, ബി.എം.ഡബ്ല്യു തുടങ്ങിയ കമ്പനികള്‍ക്ക് തമിഴ്‌നാട്ടില്‍ ഫാക്ടറികളുണ്ട്.

♦ ഏറ്റവും പുതിയ ധനംഓൺലൈൻ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

ഇപ്പോഴിതാ ടെസ്‌ല അധികൃതരുമായി രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചര്‍ച്ച 'പോസിറ്റീവ്' ആയിരുന്നെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ പ്രതികരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാനിലെ വ്യാവസായിക പ്രദേശങ്ങളിലൊന്നായ ഭിവാഡിയാണ് (Bhiwadi) ടെസ്‌ല ഫാക്ടറിക്കായി അനുയോജ്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
സാഹചര്യങ്ങള്‍ അനുകൂലം
ഏറെക്കാലമായി കാത്തിരിക്കുന്നതാണ് ടെസ്‌ലയുടെ ഇന്ത്യാ പ്രവേശനം. ഉയര്‍ന്ന ഇറക്കുമതി നികുതിഭാരം ചൂണ്ടിക്കാട്ടി ടെസ്‌ല ഇന്ത്യയില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്നു. എന്നാല്‍, അടുത്തിടെ കേന്ദ്രം പുറത്തിറക്കിയ പുത്തന്‍നയം ടെസ്‌ലയ്ക്കും ഏറെ അനുയോജ്യമാണെന്നാണ് വിലയിരുത്തല്‍.
മൂന്ന് വര്‍ഷത്തിനകം മിനിമം 500 മില്യണ്‍ ഡോളര്‍ അഥവാ 4,150 കോടി രൂപ നിക്ഷേപിച്ച് ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള ധാരണയിലെത്തിയാല്‍ വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി തീരുവയില്‍ 85 ശതമാനത്തോളം ഇളവ് അനുവദിക്കാമെന്നതാണ് നയം. നിലവില്‍ നികുതി 70 മുതല്‍ 100 ശതമാനം വരെയാണ്. പുറമേ സെസുമുണ്ട്. പുതിയ നയപ്രകാരം ഇറക്കുമതി തീരുവ 15 ശതമാനം വരെ മാത്രമായി കുറഞ്ഞേക്കും.
കമ്പനികള്‍ക്ക് 15 ശതമാനം തീരുവയോടെ പ്രതിവര്‍ഷം 8,000 കാറുകള്‍ വരെ ഇന്ത്യയിലെത്തിക്കാനും കഴിയും. 80 കോടി ഡോളറിലധികം (ഏകദേശം 6,700 കോടി രൂപ) നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്കാകട്ടെ 40,000 വാഹനങ്ങള്‍ വരെ ഇറക്കുമതി ചെയ്യാനാകും.
ടെസ്‌ല ഓഹരികള്‍ ക്ഷീണത്തില്‍
ഇലക്ട്രിക് കാറുകളുടെ ഡിമാന്‍ഡ് കുറയുകയാണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ടെസ്‌ല വ്യക്തമാക്കിയതുമുതല്‍ കമ്പനിയുടെ ഓഹരികള്‍ കനത്ത സമ്മര്‍ദ്ദത്തിലാണ്.
വില്‍പനയിടിവ് മൂലമുള്ള സാമ്പത്തികഞെരുക്കം മറികടക്കാന്‍ കമ്പനി 10 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്. ഏതാണ്ട് 14,000 പേര്‍ക്ക് പണിപോകുമെന്നാണ് സൂചനകള്‍.
ടെസ്‌ലയുടെ ഓഹരിവില ഇന്നലെ 2.7 ശതമാനം ഇടിഞ്ഞ് 157.11 ഡോളറിലാണ് വ്യാപാരാന്ത്യത്തിലുള്ളത്. ഒരുവര്‍ഷത്തിനിടെ ഓഹരിവില 37 ശതമാനം താഴേക്കുപോയി. കഴിഞ്ഞവര്‍ഷം ഏപ്രിലിന് ശേഷം ആദ്യമായി ടെസ്‌ലയുടെ വിപണിമൂല്യം 500 ബില്യണ്‍ ഡോളറിന് (41.77 ലക്ഷം കോടി രൂപ) താഴെയുമെത്തി.
Tags:    

Similar News