ഇതൊരു റോയല്‍ എന്‍ഫീല്‍ഡ് വണ്ടിയാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
മിഡില്‍ വെയിറ്റ് അഡ്വഞ്ചര്‍ ബൈക്ക് സെഗ്‌മെന്റിലേക്കുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ എന്‍ട്രിയാണെന്ന് ആരാധകര്‍
ഏതൊരു വണ്ടിഭ്രാന്തന്റെയും കണ്ണുകളെ ആകര്‍ഷിക്കുന്ന ഈ കരുത്തന്‍ ആരാണെന്ന് ചോദിച്ചവര്‍ ഉത്തരം കേട്ട് അമ്പരന്നു. അടുത്തിടെ നടന്ന ഗുഡ്‌വില്‍ ഫെസ്റ്റിവല്‍ ഓഫ് സ്പീഡ് വേദിയിലാണ് റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ അഡ്വഞ്ചര്‍ ബൈക്ക് അവതരിപ്പിച്ചത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പണിപ്പുരയില്‍ ഡെത്ത് ഓഫ് സ്പ്രേ കസ്റ്റംസിന്റെ ഡേവിഡ് ഗ്വിഥര്‍ തയ്യാറാക്കിയ വാഹനം 1980കളിലെ ധക്കാര്‍ റാലിയില്‍ പങ്കെടുക്കുന്ന അഡ്വഞ്ചര്‍ ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണുള്ളത്. മൂന്ന് വര്‍ഷമെടുത്താണ് ഡേവിഡ് ഈ കരുത്തനെ അണിയിച്ചൊരുക്കിയത്.
റെട്രോ മോഡേണ്‍ ഡിസൈനില്‍ പിങ്ക്, പര്‍പ്പിള്‍ നിറങ്ങളില്‍ തൊണ്ണൂറുകളിലെ ഗ്രാഫിക്‌സും ഒത്തിണങ്ങിയ വാഹനം പെര്‍ഫോമന്‍സിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററിലുള്ള 650 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത് ഇന്റര്‍സെപ്റ്ററിനേക്കാളും കൂടുതലായിരിക്കും. 6 സ്പീഡ് ഗിയര്‍ ബോക്‌സാണ് ഉപയോഗിച്ചിരിക്കുന്നത്.
കിടിലന്‍ ഓഫ്‌റോഡര്‍
ദൂരയാത്രകള്‍ ചെയ്യുമ്പോള്‍ റൈഡറെ സംരക്ഷിക്കുന്നതിന് വേണ്ടി ഉയരത്തിലുള്ള വിന്‍ഡ് സ്‌ക്രീന്‍ നല്‍കിയിട്ടുണ്ട്. പഴയ കാല റാലി ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഡിസൈന്‍ എലമെന്റുകളും വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഹാരിസ് പെര്‍ഫോമന്‍സിന്റെ ഫ്രെയിം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഓഫ്‌റോഡുകളില്‍ സുഗമമായി ഓടിക്കാന്‍ കഴിയുന്ന സ്‌പോക്ക് വീലുകളും മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും നല്‍കിയിട്ടുണ്ട്.
വിപണിയിലെത്തുമോ
നിലവില്‍ അഡ്വഞ്ചര്‍ സെഗ്‌മെന്റില്‍ റോയല്‍ എന്‍ഫീല്‍ഡിന് ഹിമാലന്‍ സീരീസിലുള്ള ബൈക്കുകളാണ് വിപണിയിലുള്ളത്. പുതിയ ഹിമാലന്‍ 450യിലെ ഷെര്‍പ്പ സീരീസിലുള്ള എഞ്ചിന്‍ ഉപയോഗിച്ച് റോഡ്‌സ്റ്റര്‍ ശ്രേണിയില്‍ ഗറില്ല എന്ന മോഡലും വിപണിയിലെത്തും. അതിന് ശേഷം മിഡ് വെയിറ്റ് ശ്രേണിയില്‍ മറ്റൊരു വാഹനം റോയല്‍ എന്‍ഫീല്‍ഡ് ഇറക്കിയേക്കുമെന്ന കിംവദന്തി ഏറെക്കാലമായി വാഹനലോകത്തുണ്ട്. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി നിര്‍മിച്ചതാണെങ്കിലും മിഡില്‍ വെയിറ്റ് അഡ്വഞ്ചര്‍ ബൈക്ക് സെഗ്‌മെന്റിലേക്കുള്ള എന്‍ട്രിയാണ് റോയല്‍ എന്‍ഫീല്‍ഡ് നടത്തിയതെന്നാണ് വാഹന ലോകത്തെ സംസാരം. ഇക്കാര്യം റോയല്‍ എന്‍ഫീല്‍ഡ് സ്ഥിരീകരിച്ചിട്ടില്ല.