ഇനി സീൻ മാറും: 9 മിനിറ്റ് ചാർജ് ചെയ്‌താൽ 966 കിലോമീറ്റർ ഓടാം , 20 വർഷം വരെ മാറ്റണ്ട: പുതിയ ബാറ്ററിയുമായി സാംസങ്
ഇവി വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകും
ബാറ്ററിയുടെ ചാർജ് തീർന്നു പോകുമോ എന്ന പേടിയും ചാർജിങ് സ്റ്റേഷൻ കണ്ടുപിടിക്കുന്നതിലെ ബുദ്ധിമുട്ടുമാണ് മിക്ക ഇലക്ട്രിക് വാഹന ഉപയോക്താക്കളും നേരിടുന്ന പ്രശ്നമെന്ന് അടുത്തിടെ നടത്തിയ സർവേയിൽ വ്യക്തമായിരുന്നു. വാഹനത്തിലെ ബാറ്ററിയുടെ കാലാവധിയും ചാർജിങ്ങിന് എടുക്കുന്ന സമയവും ഉടമകൾക്ക് തലവേദനയായി മാറിയിരുന്നു. എന്നാൽ ഇതിനെല്ലാം പരിഹാരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സാംസങ്. 9 മിനിറ്റ് ചാർജ് ചെയ്‌താൽ 600 മൈൽ ( 966 കിലോമീറ്റർ ) ദൂരം സഞ്ചരിക്കാൻ കഴിയുന്ന സോളിഡ് സ്റ്റേറ്റ് ബാറ്ററി വികസിപ്പിച്ചതായി സാംസങ് അവകാശപെട്ടു. സൗത്ത് കൊറിയയിലെ സോളിൽ നടന്ന എസ്. എൻ. ഇ ബാറ്ററി ഡേ 2024 എക്സ്പോയിലാണ് ഈ ബാറ്ററി പ്രദർശിപ്പിച്ചത്. കഴിഞ്ഞ വർഷം തന്നെ ബാറ്ററിയുടെ പൈലറ്റ് റൺ തുടങ്ങിയിരുന്നുവെന്നും 2027 മുതൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
ആദ്യ ഘട്ടത്തിൽ പ്രീമിയം വണ്ടികളിൽ
കഴിഞ്ഞ വർഷം അവസാനം തന്നെ പരീക്ഷണങ്ങൾക്കായി വിവിധ ഇവി കമ്പനികൾക്ക് ബാറ്ററി കൈമാറിയിരുന്നു. ഇവരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചത്. നിലവിലുള്ള ബാറ്ററിയിലെ ദ്രാവക പദാർത്ഥങ്ങൾക്ക് പകരമായി ഘനരൂപത്തിലുള്ള (Solid ) ഘടകങ്ങൾ ഉപയോഗിക്കുന്നത് മൂലം മികച്ച സുരക്ഷ ഉറപ്പു വരുത്താൻ കഴിയും. എന്നാൽ നിർമാണ ചെലവ് കണക്കിലെടുത്ത് പ്രീമിയം ഇലക്ട്രിക്ക് വാഹനങ്ങളിൽ മാത്രമാകും ആദ്യ ഘട്ടത്തിൽ ബാറ്ററി ഉപയോഗിക്കാൻ കഴിയുകയെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, 9 മിനിറ്റ് കൊണ്ട് ചാർജ് ആകുമെന്ന് പറഞ്ഞത് എങ്ങനെയാണെന്ന് വിശദീകരിക്കാൻ സാംസങ് തയ്യാറായിട്ടില്ല. ഇത് ഫുൾ ചാർജിങ് സമയമല്ല എന്നാണ് വിലയിരുത്തൽ. 20 മുതൽ 80 ശതമാനം വരെയുള്ള ക്വിക് ചാർജ് കൊണ്ട് 966 കിലോമീറ്റർ ദൂരം ഓടാനാകുമെന്നാണ് കമ്പനി ഉദ്ദേശിച്ചതെങ്കിൽ യഥാർത്ഥ റേഞ്ച് ഇതിലും വർധിക്കാം. ബജറ്റ് കാറുകൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ലിതിയം അയൺ ഫോസ്ഫേറ്റ് (എൽ. പി. എഫ് ), കോബാൾട്ട് രഹിത ബറ്ററികൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും സാംസങ് അറിയിച്ചു.
ഇലക്ട്രിക് വാഹന വിപണിയിൽ സീൻ മാറും
നിലവിൽ ഇലക്ട്രിക് വാഹന വിപണി അഭിമുഖീകരിക്കുന്ന റേഞ്ച്, സുരക്ഷ, ചാർജിംഗ് സമയം, ബാറ്ററി കാലപരിധി തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരമാവും പുതിയ കണ്ടുപിടുത്തമെന്നാണ് കരുതുന്നത്. നിലവിലെ ലിഥിയം - അയൺ ബാറ്ററികളേക്കാൾ ഊർജം ശേഖരിക്കാൻ സോളിസ് സ്റ്റേറ്റിലുള്ള ബാറ്ററികൾക്ക് കഴിയും. ഇത് ഒറ്റ ചാർജിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ സഹായിക്കും. ലിക്വിഡുകൾക്കും ജെൽ ഇലക്ട്രോലൈറ്റ്സുകൾക്കും പകരം സോളിഡ് ഇലക്ട്രോലൈറ്റുകൾ ഉപയോഗിക്കുന്ന ഇത്തരം ബാറ്ററികളുടെ ഉയർന്ന സുരക്ഷ, ഫാസ്റ്റ് ചാർജിംഗ്, കൂടുതൽ കാലം ഈടുനിൽക്കുന്നത്, കുറഞ്ഞ ഭാരം, കൂടുതൽ പരിസ്ഥിതി സൗഹാർദം, എന്നീ ഗുണങ്ങൾ ഇവി വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു.