ഉഗ്രന്‍ പഞ്ച്! ടാറ്റയുടെ പുതുപുത്തന്‍ ഇലക്ട്രിക് കാറിന്റെ ബുക്കിംഗിന് തുടക്കം

'ആക്ടീവ്' ഡിസൈന്‍ ആര്‍ക്കിടെക്ചര്‍, ഉന്നത ഫീച്ചറുകള്‍

Update:2024-01-06 11:47 IST

Image : tatamotors.com

ഇന്ത്യന്‍ നിരത്തുകളിലെ ഇലക്ട്രിക് കാറുകളില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ് ടാറ്റാ മോട്ടോഴ്‌സ്. രാജ്യത്ത് വിറ്റഴിയുന്ന മൊത്തം ഇലക്ട്രിക് കാറുകളില്‍ 70 ശതമാനത്തിലധികവും ടാറ്റയുടെ ചുണക്കുട്ടികളാണ്.

ഇപ്പോഴിതാ, വൈദ്യുത വാഹന ലോകം വാഴാന്‍ ടാറ്റയില്‍ നിന്ന് പുതിയൊരു അവതാരം കൂടി പിറവിയെടുത്തിരിക്കുന്നു; മൈക്രോ എസ്.യു.വിയായ പഞ്ച് ഇ.വി (Punch.ev).
ബുക്കിംഗിന് തുടക്കം
ഓള്‍-ഇലക്ട്രിക് അഥവാ സമ്പൂര്‍ണ ഇലക്ട്രിക് കാറായ പഞ്ചിന്റെ ബുക്കിംഗിന് ടാറ്റാ മോട്ടോഴ്‌സ് ഷോറൂമുകളില്‍ തുടക്കമായി. കമ്പനിയുടെ വെബ്‌സൈറ്റ് വഴിയും ബുക്ക് ചെയ്യാം. 21,000 രൂപ ടോക്കണ്‍ തുകയടച്ചാണ് ബുക്ക് ചെയ്യേണ്ടത്.
'ആക്ടീവ്' കരുത്തില്‍ പഞ്ച്
ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി (TPEM) ആണിപ്പോള്‍ ടാറ്റാ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വാഹനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. ആക്ടി.ഇ.വി (acti.ev) എന്ന പുതുപുത്തന്‍ ഷാസിയിലാണ് പഞ്ച് ഇ.വിയെ ടാറ്റ ഒരുക്കിയിരിക്കുന്നത്. 'അക്ടീവ്' എന്നാണ് ഇത് വായിക്കുക.
അഡ്വാന്‍സ്ഡ് കണക്റ്റഡ് ടെക്-ഇന്റലിജന്റ് ഇലക്ട്രിക് വെഹിക്ക്ള്‍ എന്നതിന്റെ ചുരുക്കമാണിത്. സുരക്ഷാമികവ് അളക്കുന്ന ഭാരത് എന്‍കാപ്, ഗ്ലോബല്‍ എന്‍കാപ് ക്രാഷ് ടെസ്റ്റുകളില്‍ 5-സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ ഷാസിയാണിത്. പഞ്ച് ഇ.വിയുടെ വില ടാറ്റ പിന്നീട് പ്രഖ്യാപിക്കും. 2024ന്റെ ആദ്യപാതിയില്‍ തന്നെ പഞ്ച് ഇ.വിയുടെ വിതരണമുണ്ടാകും. 10-14 ലക്ഷം രൂപ ശ്രേണിയിലാണ് വില പ്രതീക്ഷിക്കുന്നത്.
ഉഗ്രന്‍ റേഞ്ച്
ആക്ടി.ഇ.വി പ്ലാറ്റ്‌ഫോമില്‍ വിവിധ എന്‍ജിന്‍ ഓപ്ഷനുകളില്‍ പഞ്ച് ഇ.വി ലഭിക്കും. ഓള്‍വീല്‍ ഡ്രൈവ് (AWD), റിയര്‍വീല്‍ ഡ്രൈവ് (RWD), ഫ്രണ്ട് വീല്‍ ഡ്രൈവ് (FWD) ഓപ്ഷനുകളുണ്ടാകും.
ബാറ്ററി ഒറ്റത്തവണ ഫുള്‍ചാര്‍ജ് ചെയ്താല്‍ 300-600 കിലോമീറ്റര്‍ ദൂരം വരെ പോകാം. ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുണ്ട്. 10 മിനിട്ട് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ റേഞ്ച് നേടാം.
ലെവല്‍-2 എ.ഡി.എ.എസ്., വെഹിക്ക്ള്‍ ടു ലോഡ് (V2L), വെഹിക്ക്ള്‍ ടു വെഹിക്ക്ള്‍ ചാര്‍ജിംഗ് ടെക്‌നോളജി എന്നീ അത്യാധുനിക ഫീച്ചറുകളാല്‍ സമ്പന്നമാണ് പഞ്ച് ഇ.വി. 5ജി റെഡി സൗകര്യമുണ്ടെന്നത് മികച്ച നെറ്റ്‌വര്‍ക്ക് കണക്റ്റിവിറ്റിയും ഉറപ്പാക്കുമെന്ന് ടാറ്റ പറയുന്നു.
5 വേരിയന്റുകള്‍
സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേഡ്, എംപവേഡ് പ്ലസ് എന്നീ വേരിയന്റുകള്‍ പഞ്ച് ഇ.വിക്കുണ്ടാകും. 9 ആകര്‍ഷക നിറങ്ങളില്‍ വാഹനം ലഭ്യമാകും. ഇതില്‍ 4 എണ്ണം ഒറ്റനിറമുള്ളവയും (മോണോടോണ്‍) 5 എണ്ണം ഇരട്ട-നിറഭേദങ്ങളുള്ളതുമാണ് (ഡ്യുവല്‍-ടോണ്‍). പേഴ്‌സണലൈസേഷന്‍ ഓപ്ഷനുമുണ്ട്.
10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, സമ്പൂര്‍ണ ഇലക്ട്രിക് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 360 ഡിഗ്രി ക്യാമറ, മുന്നില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ക്രൂസ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ് തുടങ്ങിയ ആകര്‍ഷണങ്ങളുമുണ്ട്.
Tags:    

Similar News