വൈദ്യുത വാഹനനയം പൊളിച്ചെഴുതി കേന്ദ്രം; ടെസ്‌ലയ്ക്കും വഴി തെളിഞ്ഞു, വില ഇങ്ങനെ
പുതിയ നിബന്ധന പാലിക്കുന്നവര്‍ക്ക് ഇറക്കുമതി നികുതി 15% മാത്രം
ടെസ്‌ല അടക്കം ലോകത്തെ മുന്‍നിര വൈദ്യുത വാഹന നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുകയും ആഗോള വൈദ്യുത വാഹന (EV) നിര്‍മ്മാണ ഹബ്ബായി ഇന്ത്യയെ മാറ്റുകയും ലക്ഷ്യമിട്ട് പുതിയ വൈദ്യുത വാഹനനയം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ടെസ്‌ലയ്ക്ക് പുറമേ മറ്റ് പ്രമുഖ ഇ.വി നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ്, ബി.വൈ.ഡി., കിയ, സ്‌കോഡ, ബി.എം.ഡബ്ല്യു., മെഴ്‌സിഡീസ്-ബെന്‍സ് എന്നിവയ്ക്ക് ഇന്ത്യയില്‍ വൈദ്യുത വാഹന പ്ലാന്റ് തുറക്കാനും കുറഞ്ഞ നികുതിനിരക്കില്‍ വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാനും വഴിയൊരുക്കുന്നതാണ് പുത്തന്‍ നയം. ഇത് ഇന്ത്യയില്‍ ടെസ്‌ലയടക്കമുള്ള കമ്പനികളുടെ കാറുകള്‍ക്ക് ഭേദപ്പെട്ട വില ഉറപ്പാക്കാനും സഹായിക്കും.
പുത്തന്‍ നയം ഇങ്ങനെ
മൂന്ന് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 4,150 കോടി രൂപ (500 മില്ല്യണ്‍ ഡോളര്‍) നിക്ഷേപവുമായി ഇന്ത്യയില്‍ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതാണ് കേന്ദ്രം പ്രഖ്യാപിച്ച പുതിയ നയം. വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി തീരുവ 85 ശതമാനത്തോളം കുറച്ചുകൊണ്ടുള്ള നയമാണിത്. നിലവില്‍ ഇറക്കുമതി ചെയ്യുന്ന കാറുകളുടെ മൂല്യമനുസരിച്ച് 70-100 ശതമാനം നികുതിയാണ് ഇന്ത്യ ഈടാക്കുന്നത്.
അതായത് 40,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള പൂര്‍ണമായി അസംബിള്‍ ചെയ്ത കംപ്ലീറ്റ് ബില്‍റ്റ്-അപ്പ് വാഹനങ്ങള്‍ക്ക് 100 ശതമാനം നികുതിയും 40,000 ഡോളറില്‍ താഴെ വിലയുള്ളവയ്ക്ക് 70 ശതമാനം നികുതിയുമാണ് ചുമത്തുന്നത്. പുതിയ നയം ഇറക്കുമതി തീരുവ 15 ശതമാനമായി കുറയ്ക്കും.കമ്പനികള്‍ക്ക് 15 ശതമാനം തീരുവയോടെ പ്രതിവര്‍ഷം 8000 വൈദ്യുത വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാം. 80 കോടി ഡോളറോ അതിലധികോ നിക്ഷേപം നടത്തി പ്ലാന്റ് സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് നികുതിയിളവോടെ 40,000 വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാം.
നയം അനുസരിച്ച് വാഹനത്തിന്റെ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ 25 ശതമാനം ആദ്യത്തെ മൂന്നു വർഷത്തിനുള്ളിലും 50 ശതമാനം അഞ്ച് വർഷത്തിനുള്ളിലും ആഭ്യന്തര വിപണിയില്‍ നിന്ന് വാങ്ങണം. നിബന്ധനകള്‍ പാലിക്കുന്നതിന്റെ ഭാഗമായി കമ്പനികള്‍ ബാങ്ക് ഗ്യാരന്റി നല്‍കണം. കമ്പനി നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ ഈ ഗ്യാരന്റി സര്‍ക്കാര്‍ കണ്ടുകെട്ടും.
ഇന്ത്യയിലെത്താന്‍ ടെസ്‌ലയ്ക്ക് വഴിയൊരുങ്ങുന്നു
കേന്ദ്രത്തിന്റെ പുതിയ നയം വരുന്നതോടെ ഇലോണ്‍ മസ്ക് നയിക്കുന്ന ടെസ്‌ല ഇന്ത്യയിലെത്തിയേക്കും. വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യമാണ് ദീര്‍ഘകാലമായി ടെസ്‌ല കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. കമ്പനിയുടെ നിർമ്മാണ പ്ലാന്റ് ഇന്ത്യയിൽ സ്ഥാപിക്കുന്നതോടെ പുതിയ നയം പ്രകാരം 15 ശതമാനം തീരുവ നല്‍കി വൈദ്യുതി വാഹനങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ടെസ്‌ലയ്ക്ക് കഴിയും.
ഇന്ത്യയില്‍ ടെസ്‌ലയുടെ വില എത്ര
കേന്ദ്രത്തിന്റെ പുതിയ നയത്തിന് കീഴില്‍ ഇന്ത്യയില്‍ ടെസ്ലയുടെ ഏറ്റവും കുറഞ്ഞ വില എത്രയായിരിക്കുമെന്ന് നോക്കാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ടെസ്‌ലയുടെ വാഹനങ്ങള്‍ ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് സാധ്യത. ടെസ്‌ല ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ വാഹനം ജര്‍മ്മനിയില്‍ 42,990 യൂറോയില്‍ (38.8 ലക്ഷം രൂപ) ആരംഭിക്കുന്ന മോഡല്‍ 3 ആണ്. വാഹനം കയറ്റുമതി ചെയ്യുന്നതിനാൽ 7020 യൂറോയുടെ മൂല്യവർദ്ധിത നികുതി ബാധകമാകില്ല.ഷിപ്പിംഗ്, ഇന്‍ഷുറന്‍സ് ചെലവായി 3,500 യൂറോ ചേര്‍ത്താല്‍ ഇന്ത്യയില്‍ ഇതിന്റെ വില ഏകദേശം 35.6 ലക്ഷം രൂപയായിരിക്കും.
പുതിയ നയത്തിന് കീഴില്‍ 15 ശതമാനം ഇറക്കുമതി തീരുവയും 5 ശതമാനം ജി.എസ്.ടിയും ചേര്‍ത്തുകഴിഞ്ഞാല്‍, എക്‌സ്-ഷോറൂം വില ഏകദേശം 45 ലക്ഷം രൂപയില്‍ താഴെയാകാം. മുന്‍ ഇറക്കുമതി തീരുവയായ 70 ശതമാനം അനുസരിച്ചാണെങ്കില്‍ ഇത് 65 ലക്ഷം രൂപയായി കണക്കാക്കാം. അങ്ങനെയെങ്കില്‍ പുതിയ നയത്തോടെ ഉപഭോക്താക്കള്‍ക്ക് 20 ലക്ഷം രൂപ ലാഭിക്കാനാകും.
രാജ്യത്ത് വൈദ്യുത വാഹന നിര്‍മാണം വര്‍ധിപ്പിക്കുന്നതിനാണ് പുത്തന്‍ നയവുമായി കേന്ദ്രം എത്തിയത്. ഇന്ത്യന്‍ കാര്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം വിറ്റുപോയ കാറുകളില്‍ രണ്ടുശതമാനം മാത്രമാണ് വൈദ്യുത വാഹനങ്ങള്‍. 2030 ആകുമ്പോഴേക്കും ഇത് 30 ശതമാനമാക്കി ഉയര്‍ത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.