ഇന്ത്യയില്‍ പൂര്‍ണ ഉടമസ്ഥതയുള്ള റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ക്ക് പദ്ധതിയിട്ട് ടെസ്‌ല!

സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍.

Update:2021-09-07 13:37 IST

നാല് മോഡലുകള്‍ക്ക് അനുമതി ലഭിച്ചതിന് പിന്നാലെപൂര്‍ണമായും കമ്പനി ഉടമസ്ഥതയിലുള്ള റീറ്റെയ്ല്‍ ഔട്ട്‌ലെറ്റ്‌സ് പദ്ധതിയുമായി ടെസ്‌ല. ഇതിനായി സര്‍ക്കാരുമായി കമ്പനി ചര്‍ച്ച നടത്തുന്നതായാണ് ദേശീയ റിപ്പോര്‍ട്ടുകള്‍.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായുള്ള രാജ്യത്തെ നിയമാവലികള്‍ക്കനുസൃതമായി കമ്പനിക്ക് പേപ്പറുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആയേക്കും. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് വില്‍പ്പന നടത്താന്‍ സിംഗിള്‍ ബ്രാന്‍ഡ് റീറ്റെയ്ല്‍ അടക്കമുള്ള ഔദ്യോഗിക ചട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡ് ആയ ഐകിയ, ആപ്പിള്‍ എന്നിവര്‍ ഈ അനുമതികള്‍ തേടിയിരുന്നു. ഐകിയ തങ്ങളുടെ സ്റ്റോര്‍ തുറന്നെങ്കിലും ആപ്പിള്‍ സ്റ്റോര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്തെത്തുന്നതേയുള്ളൂ.
ഇന്ത്യയ്ക്ക് പുറത്തുള്ള കമ്പനികള്‍ക്ക് പൂര്‍ണ ഉടമസ്ഥാവകാശത്തോടെയുള്ള ബ്രാന്‍ഡ് സ്‌റ്റോറുകള്‍ തുറക്കണമെങ്കില്‍ വില്‍പ്പന നടത്തുന്ന ഉല്‍പ്പന്നങ്ങളുടെ മൂല്യം 30 ശതമാനത്തോളം ഇന്ത്യയില്‍ നിന്നും സമാഹരിക്കപ്പെട്ടതാകണമെന്ന് നിര്‍ബന്ധമുണ്ട്.
ഇന്ത്യയിലെ നികുതിക്കെതിരെ ഇലോണ്‍ മസ്‌ക് തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. 40,000 ഡോളറിന് മുകളില്‍ (ഏകദേശം 30 ലക്ഷം രൂപ) വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇ.വി) 100 ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. 40,000 ഡോളറിന് താഴെയുള്ളവയ്ക്ക് 60 ശതമാനവും. നികുതി താത്കാലികമായെങ്കിലും കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ടെസ്ല ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികള്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു.


Tags:    

Similar News