പാസഞ്ചര്‍ വാഹന വിപണിയില്‍ പ്രിയം ഇവരോട് തന്നെ

വിപണിയില്‍ ചെറിയ കാറുകളില്‍ 67 ശതമാനവും സെഡാനുകളില്‍ 50 ശതമാനവുമാണ് മാരുതി സുസുകിയുടെ വിഹിതം;

Update:2021-02-17 13:40 IST

തുടര്‍ച്ചയായി നാലാംവര്‍ഷവും ഉപഭോക്താക്കളുടെ പ്രിയപ്പെട്ട വാഹന നിര്‍മാതാക്കളായി മാരുതി സുസുകി. പുതുതായി പാസഞ്ചര്‍ കാറുകള്‍ വാങ്ങുന്ന രണ്ടില്‍ ഒരാളും തിരഞ്ഞെടുക്കുന്നത് മാരുതി സുസുകിയുടെ വാഹനങ്ങളാണ്. 2020 ല്‍ വിപണിയില്‍ 80 ശതമാനം മാത്രമേ കമ്പനിയുടെ സാന്നിധ്യമുണ്ടായിരുന്നതെങ്കിലും വിറ്റഴിഞ്ഞതില്‍ പകുതിയും മാരുതി സുസുകിയുടേതായിരുന്നു. കിയ, എംജി മോട്ടോര്‍ തുടങ്ങിവയില്‍നിന്ന് കടുത്ത മത്സരം നേരിട്ടെങ്കിലും മാരുതി ഈ നേട്ടം കൈവരിച്ചു.

വിപണിയില്‍ ചെറിയ കാറുകളില്‍ 67 ശതമാനവും സെഡാനുകളില്‍ 50 ശതമാനവും എംയുവിയില്‍ 55 ശതമാനവും എസ്യുവികളില്‍ 14 ശതമാനവും വാനുകളില്‍ 98 ശതമാനവുമാണ് മാരുതിയുടെ വിഹിതം.
കോംപാക്റ്റ് കാര്‍ വിഭാഗത്തില്‍, വിപണി വിഹിതം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 11 ശതമാനം വര്‍ധിച്ച് 64 ശതമാനമായി. എന്നാല്‍ എസ്യുവി വിഭാഗത്തില്‍, ഓഹരി 2018 ലെ 26 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി കുറഞ്ഞു.
'അതിവേഗം വളരുന്ന എസ്യുവി വിഭാഗത്തിലെ കമ്പനിയുടെ പ്രകടനം പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ്. എന്നാല്‍ മറ്റെല്ലാ വിഭാഗങ്ങളിലും വിപണി വിഹിതം വര്‍ധിച്ചു' മാരുതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ (സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കോംപാക്ട് എസ്‌യുവിയില്‍ ഏറെ ജനപ്രിയമായ ബ്രെസ്സയില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ടെങ്കിലും മിഡ്-എസ്‌യുവിയിലെ എസ് ക്രോസ്സ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Tags:    

Similar News