എ.ടി.എം, സൈബര്‍ തട്ടിപ്പ്: ഓരോ മാസവും ചതിക്കപ്പെടുന്നത് 2,000 പേര്‍
ഒരുവര്‍ഷത്തിനിടെ തട്ടിപ്പ് 65% കൂടി; കഴിഞ്ഞവര്‍ഷം തട്ടിക്കപ്പെട്ട പണത്തിന്റെ അളവ് ഇരട്ടിയായി
രാജ്യത്ത് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ എ.ടി.എം, സൈബര്‍ തട്ടിപ്പുകള്‍ എന്നിവയില്‍ 65 ശതമാനം വര്‍ദ്ധനയുണ്ടായെന്ന് ധനമന്ത്രാലയം. 2021നെ അപേക്ഷിച്ച് 2022ല്‍ തട്ടിക്കപ്പെട്ട പണത്തിന്റെ അളവ് ഇരട്ടിയായി.
ഓരോ മാസവും ശരാശരി 2,000 പേര്‍ തട്ടിപ്പിനിരയാവുന്നുണ്ടെന്നാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍.പി.സി.ഐ) പറയുന്നത്.
കൂടുന്ന തട്ടിപ്പ്
2021ല്‍ 1,119 കോടി രൂപ ഉള്‍പ്പെട്ട 10.80 ലക്ഷം എ.ടി.എം/സൈബര്‍ തട്ടിപ്പുകളാണ് നടന്നതെന്ന് ധനമന്ത്രാലയത്തിന് കീഴിലെ റവന്യൂ വകുപ്പ് വ്യക്തമാക്കി. 2022ല്‍ തട്ടിപ്പുകളുടെ എണ്ണം 17.80 ലക്ഷത്തിലേക്കും തട്ടിക്കപ്പെട്ട പണം ഇരട്ടിച്ച് 2,113 കോടി രൂപയിലേക്കും എത്തി. 2021ല്‍ ഓരോ 67,000 ഇടപാടിലും ഒന്ന് സൈബര്‍ തട്ടിപ്പായിരുന്നെങ്കില്‍ 2022ല്‍ ഇത് ഓരോ 64,000 ഇടപാടുകളില്‍ ഒന്ന് എന്ന നിലയിലേക്ക് ഉയര്‍ന്നു.
കൊടുക്കണം നഷ്ടപരിഹാരം
തട്ടിക്കുന്ന പണം തീവ്രവാദ ഫണ്ടിംഗിനും വിദേശത്തേക്ക് പണംതിരിമറി നടത്താനും ഉപയോഗിക്കുന്നുവെന്ന സംശയങ്ങളെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് കേന്ദ്രം. ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകള്‍ ചെറുക്കാന്‍ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രത്തോട് ഇക്കാര്യം പരിഗണിച്ച പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചിട്ടുണ്ട്. തട്ടിപ്പില്‍ പണം നഷ്ടമാകുന്ന ഇടപാടുകാരന് നഷ്ടപരിഹാരം അതിവേഗം ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് ഓട്ടോമാറ്റിക് കോമ്പന്‍സേഷന്‍ സൗകര്യം ഒരുക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.