സ്ഥിര നിക്ഷേപങ്ങള്‍ ആകര്‍ഷകമാകുന്നു, നിരക്ക് കൂട്ടി ബാങ്കുകള്‍; കാലാവധിയും പലിശയും അറിയാം

എസ്.ബി.ഐയും എച്ച്.ഡി.എഫ്.സിയും ഉള്‍പ്പെടെ സ്വകാര്യ-പൊതുമേഖലയിലെ വിവിധ ബാങ്കുകള്‍ നിരക്കില്‍ മാറ്റം വരുത്തി

Update:2024-01-06 16:12 IST

മികച്ച വായ്പാ വളര്‍ച്ചയും ഉയര്‍ന്ന മത്സരവുമെല്ലാം മൂലം ദീര്‍ഘകാല സ്ഥിര നിക്ഷേപ നിരക്കുകള്‍ ഉയര്‍ത്തുകയാണ് ബാങ്കുകള്‍. വലുതും ചെറുതുമായ ബാങ്കുകളെല്ലാം തന്നെ തിരഞ്ഞെടുത്ത കാലാവധികളിലെ നിക്ഷേപ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി. വായ്പാ ആവശ്യത്തിനായി കൂടുതല്‍ പണം കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് ബാങ്കുകളുടെ നീക്കം.

കഴിഞ്ഞയാഴ്ച എസ്.ബി.ഐ തിരഞ്ഞെടുത്ത കാലയളവുകളിലെ സ്ഥിര നിക്ഷേപ പലിശ നിരക്ക് 0.25 ശതമാനം മുതല്‍ 0.50 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. 400 ദിവസ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.10 ശതമാനം വരെ പ്രത്യേക പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 2024 മാര്‍ച്ച് 31 വരെ നടത്തുന്ന നിക്ഷേപങ്ങള്‍ക്കാണിത്.
മറ്റ് കാലാവധി നിരക്കുകള്‍
എസ്.ബി.ഐയുടെ 211 ദിവസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്ക് 5.75 ശതമാനം മുതല്‍ 6 ശതമാനം വരെ ഉയര്‍ത്തിയിട്ടുണ്ട്. ഇതുകൂടാതെ 7 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് മൂന്ന് ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായും 46 ദിവസം മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.5 ശതമാനത്തില്‍ നിന്ന് 4.75 ശതമാനമായും 180 ദിവസം മുതല്‍ 210 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.25 ശതമാനത്തില്‍ നിന്ന് 5.75 ശതമാനമായുമാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്ക് 6.80 ശതമാനത്തില്‍ മാറ്റമില്ലാതെ നിര്‍ത്തിയിട്ടുണ്ട്. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7 ശതമാനവും മൂന്ന് മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനവുമാണ് എസ്.ബി.ഐയുടെ പുതുക്കിയ പലിശ നിരക്ക്.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.85 ശതമാനം പലിശയാണ് ഡിസംബര്‍ 29 മുതല്‍ നല്‍കുന്നത്. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കിത് 7.25 ശതമാനമാണ്. മൂന്ന് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.5 ശതമാനവും. 399 ദിവസം കാലാവധിയുള്ള ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റിന് 7.15 ശതമാനമാണ് പലിശ.
എച്ച്.ഡി.എഫ്.സി ബാങ്ക്
ഒരു വര്‍ഷം മുതല്‍ 15 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഒക്ടോബര്‍ മുതല്‍ 6.6 ശതമാനം പലിശയാണ് എച്ച്.ഡി.എഫ്.സി ബാങ്ക് നല്‍കുന്നത്. 15 മുതല്‍ 18 മാസം വരെയുള്ള കാലയളവില്‍ 7.10 ശതമാനവും 18 മുതല്‍ 21 മാസം വരെയുള്ള കാലയളവില്‍ 7 ശതമാനവുമാണ് പലിശ. 21 മാസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം പലിശ ലഭിക്കും.
നാല് മാസ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കും ഏഴ് മാസം മുതല്‍ 55 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്കുമാണ് ബാങ്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നത്. 7.20 ശതമാനം.
ഐ.സി.ഐ.സി.ഐ ബാങ്ക്
ജനുവരി മൂന്ന് മുതല്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഒരു വര്‍ഷം മുതല്‍ 389 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.7 ശതമാനത്തില്‍ നിന്ന് 7.25 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. 61 ദിവസം മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്ക് 4.5 ശതമാനത്തില്‍ നിന്ന് 6 ശതമാനമായും 91 ദിവസം മുതല്‍ 184 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 4.75 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായും 185 മുതല്‍ 270 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.75 ശതമാനത്തില്‍ നിന്ന് 6.75 ശതമാനമായും വര്‍ധിപ്പിച്ചു.
390 ദിവസം മുതല്‍ 15 മാസം വരെയുള്ളവയ്ക്ക് 6.7 ശതമാനത്തില്‍ നിന്ന് 7.25 ശതമാനമായും അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.9 ശതമാനത്തില്‍ നിന്ന് 7 ശതമാനം പലിശയുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
ആക്‌സിസ് ബാങ്ക്
ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരത്തക്ക വിധത്തിലാണ് ആക്‌സിസ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. ഒരു മാസം മുതല്‍ 15 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.7 ശതമാനമാണ് ബാങ്ക് നല്‍കുന്ന പലിശ. 15 മാസം മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.10 ശതമാനവും പലിശ ലഭിക്കും. കുറഞ്ഞ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.75 ശതമാനം മുതല്‍ 6 ശതമാനം വരെയാണ് ആക്‌സിസ് ബാങ്ക് നല്‍കുന്ന പലിശ.
ഡി.സി.ബി ബാങ്ക്
ഡി.സി.ബി ബാങ്ക് 12 മാസവും ഒരു ദിവസവും കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കും 12 മാസവും 10 ദിവസവും കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കുമുള്ള പലിശ 7.85 ശതമാനമാക്കി ഉയര്‍ത്തി. 25 മാസം മുതല്‍ 26 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് എട്ട് ശതമാനം പലിശയും ഡി.സി.ബി ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസംബര്‍ 13 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലായി.
ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യ രണ്ട് കോടി മുതല്‍ 50 കോടി വരെയുള്ള 175 ദിവസ കാലാവധിയുള്ള സൂപ്പര്‍ സ്‌പെഷല്‍ ഫിക്‌സഡ് നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനമാണ് പലിശ നല്‍കുന്നത്. ജനുവരി ഒന്നു മുതലാണ് ഈ സ്ഥിര നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്.
കോട്ടക് മഹീന്ദ്ര ബാങ്ക് മൂന്ന് വര്‍ഷത്തിനുമുകളിലുള്ള ചില സ്ഥിര നിക്ഷേപങ്ങളുടെ നിരക്ക് 0.50 ശതമാനം മുതല്‍ 0.75 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്.
Tags:    

Similar News