ഫെഡറല്‍ ബാങ്കിന് ഡിസംബര്‍ പാദത്തില്‍ റെക്കോഡ് ലാഭം; നേട്ടമില്ലാതെ ഓഹരികള്‍

₹1,000 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടു, അറ്റ പലിശ വരുമാനം കൂടി

Update: 2024-01-16 11:12 GMT

Managing Director & CEO Shyam Srinivasan

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ഒക്ടോബര്‍-ഡിസംബര്‍ പാദത്തിൽ  25.28 ശതമാനം വളര്‍ച്ചയോടെ 1006.74 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന ലാഭമാണിത്. മാത്രമല്ല 1000 കോടി രൂപയെന്ന നാഴികക്കല്ലും ഇതോടെ ബാങ്ക് മറികടന്നു. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം  803.61 കോടി രൂപയായിരുന്നു. നടപ്പു വര്‍ഷം ജൂലൈ-സെപ്റ്റബറില്‍ 953.82 കോടി രൂപയായിരുന്നു ലാഭം.

ടീമിന്റെ കൂട്ടായപ്രയ്തനത്തിന്റെ ഫലമാണ് ലാഭത്തില്‍ സര്‍വകാല റെക്കോഡ് നേടാന്‍ ബാങ്കിനെ സഹായിച്ചതെന്ന് ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ 100 ശാഖകള്‍ തുറന്ന ബാങ്ക് പുതുവര്‍ഷത്തിലും അത്രയും ശാഖകള്‍ തുറക്കാനാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും 'ആരാധിക്കപ്പെടുന്ന ബാങ്ക്' എന്ന ലക്ഷ്യത്തിലേക്കാ
ണ്
  ബാങ്ക് വളരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാങ്കിന്റെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 4,967.25 കോടി രൂപയില്‍ നിന്ന് 32.72 ശതമാനം വര്‍ധിച്ച് 6,592.66 കോടി രൂപയായി. ബാങ്കിന്റെ പ്രവര്‍ത്തന ലാഭവും (Operating Profit) എക്കാലത്തെയും ഉയരത്തിലെത്തി. മുന്‍വര്‍ഷത്തിലെ സമാനപാദത്തിലെ 1,274.21 കോടി രൂപയില്‍ നിന്ന് ഇക്കുറി 1,437.33 കോടി രൂപയായാണ് ഉയര്‍ന്നത്.

അറ്റപലിശ വരുമാനവും നിഷ്‌ക്രിയ ആസ്തിയും
അറ്റ പലിശ വരുമാനം കൂടിയതും ബാങ്കിന് ഗുണമായി. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 1,956.63 കോടി രൂപയില്‍ നിന്ന് 2,123.36 കോടി രൂപയായി 8.53 ശതമാനമാണ് വളര്‍ച്ച. ബാങ്കിന്റെ മൊത്ത വരുമാനം 32.72 ശതമാനം വളര്‍ച്ചയോടെ 6,592.66 കോടി രൂപയായി. വാര്‍ഷിക പ്രതിയോഹരി വരുമാനം 16.54 രൂപയാണ്.
ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (Gross NPA) 2.43 ശതമാനത്തില്‍ നിന്ന് 2.29 ശതമാനത്തിലേക്കും അറ്റനിഷ്‌ക്രിയ ആസ്തി (Net NPA) 0.73 ശതമാനത്തില്‍ നിന്ന് 0.64 ശതമാനത്തിലേയ്ക്കും വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞു. അതേ സമയം പാദാടിസ്ഥാനത്തില്‍ മൊത്ത നിഷ്‌ക്രിയ ആസ്തി 2.26 ശതമാനത്തിൽ നിന്ന് മോശം നിലയിലേക്ക് പോയി. കിട്ടാക്കടം തരണം ചെയ്ത് ബാലൻസ്ഷീറ്റ് മികവുറ്റതാക്കാനുള്ള നീക്കിയിരുപ്പ് ബാദ്ധ്യത കഴിഞ്ഞ പാദത്തില്‍ 71.08 ശതമാനമായി കുറഞ്ഞു.

ബാങ്കിന്റെ കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (CASA) റേഷ്യോയില്‍ കുറവുണ്ടായി. കാസാ നിക്ഷേപങ്ങളാണ് ബാങ്കുകളുടെ ഏറ്റവും ചെലവുകുറഞ്ഞ ഫണ്ടിംഗ് മാര്‍ഗം. അതിനാല്‍ കാസാ റേഷ്യോ കുറഞ്ഞിരുന്നാല്‍ മാര്‍ജിനും കുറയും.

അറ്റ പലിശ വരുമാനവും  (NIM) 3.19 ശതമാനമായി കുറഞ്ഞു. 2022-23 ഡിസംബര്‍ പാദത്തില്‍ 3.55 ശതമാനവും 2023-24 സെപ്റ്റംബര്‍ പാദത്തില്‍ ഇത് 3.22 ശതമാനവുമായിരുന്നു. വായ്പക്കാരില്‍ നിന്ന് ഈടാക്കുന്ന നിരക്കും നിക്ഷേപത്തിനു നല്‍കുന്ന പലിശയും തമ്മിലുള്ള അന്തരമാണിത്.

മൊത്തം ബിസിനസ് 4.30 ലക്ഷം കോടി

ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് കഴിഞ്ഞ പാദത്തില്‍ 18.72 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 4.38 ലക്ഷം കോടി രൂപയിലെത്തി. മൊത്തം ബിസിനസ് നാല് ലക്ഷം കോടി രൂപ കവിയുന്ന കേരളം ആസ്ഥാനമായ ബാങ്കെന്ന നേട്ടം കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ബാങ്ക് സ്വന്തമാക്കിയിരുന്നു. 2022-23 ഡിസംബര്‍ പാദത്തില്‍ മൊത്തം ബിസിനസ് 3.96 ലക്ഷം കോടി രൂപയായിരുന്നു.
ബാങ്കിന്റെ മൊത്തം നിക്ഷേപം 2.01 ലക്ഷം കോടി രൂപയില്‍ നിന്ന് 2.39 ലക്ഷം കോടി രൂപയിലേക്കും വായ്പകള്‍ 1.68 ലക്ഷം കോടി രൂപയില്‍ നിന്ന് 1.99 ലക്ഷം കോടി രൂപയിലേക്കും വര്‍ധിച്ചു.
റീറ്റെയ്ല്‍ വായ്പ 20.39 ശതമാനം, കാര്‍ഷിക വായ്പ 26.94 ശതമാനം എന്നിങ്ങനെ വളര്‍ന്നു. സ്വര്‍ണപ്പണയ വായ്പകളില്‍ 23 ശതമാനവും വ്യക്തിഗത

വായ്പകളില്‍ 86 ശതമാനവും വളര്‍ച്ചയുണ്ട്. ക്രെഡിറ്റ് കാര്‍ഡ് വിഭാഗം രേഖപ്പെടുത്തിയ വളര്‍ച്ച 153 ശതമാനമാണ്.

ഓഹരികളില്‍ നഷ്ടം
ലാഭത്തിലും പ്രവര്‍ത്തനലാഭത്തിലും റെക്കോഡ് കുറിച്ചെങ്കിലും ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു. എന്‍.എസ്.ഇയില്‍ മൂന്ന് ശതമാനത്തോളം താഴ്ന്ന ഓഹരി ഇപ്പോഴുള്ളത് 149.70 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 
കാസാ റേഷ്യോ കുറഞ്ഞതും പാദാടിസ്ഥാനത്തില്‍ മൊത്ത നിഷ്‌ക്രിയ ആസ്തി ഉയര്‍ന്നതുമാകാം ഓഹരികളെ സമ്മര്‍ദ്ദത്തിലാക്കിയത്.

ഡിസംബര്‍ 31 വരെ ബാങ്കിന് മൊത്തം 1,418 ശാഖകളും 1,960 എ.ടി.എമ്മുകളുമുണ്ട്. ഡിസംബര്‍ പാദത്തില്‍ മാത്രം 30 ശാഖകള്‍ തുറന്നു.

Tags:    

Similar News