സി.എസ്.ബി ബാങ്ക് ഓഹരി വിറ്റൊഴിഞ്ഞ് ഒമേഴ്‌സ്
105.9 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്, ഓഹരി വില ഇന്ന് 3.70% ഇടിഞ്ഞു
കേരളം ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്കിന്റെ (CSB Bank) 106 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ച് കനേഡിയന്‍ പബ്ലിക് പെന്‍ഷന്‍ ഫണ്ടായ ഒമേഴ്‌സ് അഡ്മിനിസ്‌ട്രേഷന്‍ കോര്‍പ്പറേഷന്‍. എക്‌സ്‌ചേഞ്ചിന് സമര്‍പ്പിച്ച ബള്‍ക്ക് ഡീല്‍ ഡാറ്റ പ്രകാരം ജൂലൈ 13ന് 20.89 ലക്ഷം ഓഹരികള്‍ ഓഹരിയൊന്നിന് 295.02 രൂപ നിരക്കിലും 15 ലക്ഷം ഓഹരികള്‍ 295 രൂപ നിരക്കിലുമാണ് വിറ്റഴിച്ചത്. മൊത്തം 105.9 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
2019 നവംബറിലാണ് ഒമേഴ്‌സ് സി.എസ്.ബി ബാങ്കിന്റെ 2.07 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നത്. സി.എസ്.ബി ബാങ്ക് ഐ.പി.ഒയിലെ ഏറ്റവും വലിയ ആങ്കര്‍ ഇന്‍വെസ്റ്ററായിരുന്നു ഒമേഴ്‌സ്. 35.89 ലക്ഷം ഓഹരികള്‍ 195 രൂപയ്ക്കാണ് അന്ന് വാങ്ങിയത്. നിലവില്‍ ഐ.പി.ഒ വിലയേക്കാള്‍ 100 രൂപ കൂടുതലാണ് ഓഹരി വില.
ഓഹരി വില
വില്‍പ്പനയെ തുടര്‍ന്ന് സി.എസ്.ബി ബാങ്ക് ഓഹരി വില ഇന്ന് 1.9% ഇടിഞ്ഞ് 289.90 രൂപയിലാണ് വ്യാപാരം നടത്തുന്നത്. മാര്‍ച്ചിലെ ഏറ്റവും വലിയ താഴ്ചയില്‍ നിന്ന് ഓഹരി 30 ശതമാനത്തിധികം മുന്നേറിയിരുന്നു.
2023 മാര്‍ച്ചിലവസാനിച്ച പാദത്തില്‍ ബാങ്കിന്റെ ലാഭം മുന്‍ വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 19 ശതമാനം വര്‍ധിച്ച് 156 കോടി രൂപയായിരുന്നു. പലിശ മാര്‍ജിന്‍ 15 ശതമാനം ഉയര്‍ന്ന് 349 കോടി രൂപയും.