ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യം കുറയുന്നു

സമ്പാദ്യം കുറയുന്നത് സാധനങ്ങളുടെ ഡിമാന്‍ഡിനെയും നിക്ഷേപത്തെയും ബാധിച്ചേക്കാം

Update:2023-01-12 12:59 IST

ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യം (financial savings) 30 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. ജിഡിപിയുടെ 4 ശതമാനം ആണ് കുടുംബങ്ങളുടെ സമ്പാദ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 7.3 ശതമാനം ആയിരുന്നു. പ്രമുഖ ബ്രോക്കിംഗ് സ്ഥാപനമായ മോത്തിലാല്‍ ഓസ്‌വാള്‍ സെക്യൂരിറ്റീസ് ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.

വില വര്‍ധനവിനെ തുടര്‍ന്ന് സാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ തുക നീക്കിവെച്ചതാണ് സമ്പാദ്യം ഇടിയാന്‍ കാരണം. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (2022-23) ആദ്യ പകുതിയില്‍ 5.2 ട്രില്യണ്‍ രൂപയാണ് സമ്പാദ്യമായി നീക്കിവെച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 17.2 ട്രില്യണ്‍ രൂപയായിരുന്നു. സമ്പാദ്യത്തിനായി നീക്കിവെയ്ക്കുന്ന തുക ഉയര്‍ന്നില്ലെങ്കില്‍ വരും പാദങ്ങളില്‍ സാധനങ്ങളുടെ ഡിമാന്‍ഡിനെയും നിക്ഷേപത്തെയും ബാധിക്കാം. 2023ന്റെ രണ്ടാം പകുതിയോടെ ജനങ്ങള്‍ ചെലവാക്കുന്ന തുകയുടെ തോത് വീണ്ടും കുറഞ്ഞേക്കാമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ 2020-21 കാലയളവിലാണ് ഏറ്റവും അധികം തുക ഇന്ത്യന്‍ കുടുംബങ്ങള്‍ നീക്കി വെച്ചത്. അക്കാലയളവില്‍ ജിഡിപിയുടെ 12 ശതമാനം ആയിരുന്നു സമ്പാദ്യം. 2022-23ലെ ആദ്യപാദത്തില്‍ ജിഡിപിയുടെ 36 ശതമാനം ആണ് ഇന്ത്യന്‍ കുടുംബങ്ങളുടെ ബാധ്യത. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് ജിഡിപിയുടെ 36.8 ശതമാനം ആയിരുന്നു.

Tags:    

Similar News