ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടമിതാണ്; തിരിച്ചറിയാം
ഓരോരുത്തരുടെയും വരുമാനമനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് ബുദ്ധിപരമായി ഉപയോഗിക്കേണ്ടതെങ്ങനെയെന്നു നോക്കാം
സുരേഷിന്റെ മാസവരുമാനം 50,000 രൂപയാണ്. 1,50000രൂപ വരെ പരിധിയുളള ക്രെഡിറ്റ് കാര്‍ഡ് ആണ് അയാള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ എത്ര രൂപ വരെയാണ് വാര്‍ഷികാടിസ്ഥാനത്തില്‍ തനിക്ക് ക്രെഡിറ്റ് കാര്‍ഡിലേക്കായി ചെലവാകുന്നത് എന്നതിനെക്കുറിച്ച് അയാള്‍ക്ക് വ്യക്തതയില്ല. ഇത് സുരേഷിന്റെ മാത്രമല്ല, പലരുടെയും ആശയക്കുഴപ്പമാണ്. കണക്കറിയാതെ ചെലവഴിക്കുന്നതാണ് പലപ്പോഴും വലിയ കടക്കെണിയാകുന്നത്. എങ്ങനെയാണ് വരുമാനത്തിനനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം നിയന്ത്രിക്കേണ്ടത്. എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നത് പരിശോധിക്കാം.
ഇവിടെ സുരേഷിന്റെ പരമാവധി മാസച്ചെലവ് 1,50,000 ത്തിനുള്ളില്‍ ആയിരിക്കും. അയാള്‍ ഈ ലിമിറ്റില്‍ നിന്ന് കൊണ്ട് 50,000 വരെ ചെലവഴിച്ചു എന്നു കരുതുക. എന്നിട്ട് ശമ്പളം കിട്ടിയപ്പോള്‍ 10,000 മാത്രം തിരിച്ചടവ് നടത്തുകയും ചെയ്തുവെന്നിരിക്കട്ടെ. ഇവിടെ അടുത്തമാസം അയാള്‍ അടയ്‌ക്കേണ്ട തുക 1,50000- 40000 + 40000 രൂപയുടെ പലിശ എന്നതാണ്. ബാക്കി നില്‍ക്കുന്ന തുകയ്ക്ക് പലിശ കൂടിക്കൊണ്ടേ ഇരിക്കുമെന്നതാണ് ക്രെഡിറ്റ് കാര്‍ഡിന്റെ പ്രത്യേകത. അതിനാല്‍ തന്നെ 12 മാസത്തെ അഥവാ ഒരു വര്‍ഷം അയാള്‍ അടയ്‌ക്കേണ്ടി വരുന്ന പലിശ 1,50000 രൂപയും ഓരോ മാസവും അവശേഷിച്ചിരുന്ന തുകയുടെ പലിശയും കൂട്ടുപലിശയുമാണ്. ഇങ്ങനെയാണ് പലരുടെയും കാര്‍ഡിന്റെ അവസ്ഥ.
ഓരോ മാസവും ഉപയോഗിക്കുന്ന തുക പൂര്‍ണമായി അടച്ചു തീര്‍ക്കലാണ് ചെയ്യേണ്ടത്. പലരും തുടരുന്ന രീതി ക്രെഡിറ്റ് പേയ്‌മെന്റ് അടക്കേണ്ട ദിവസം മിനിമം ഡ്യൂ മാത്രം അടച്ചു പോകുന്നതാണ്. ഇതാണ് പതിയിരിക്കുന്ന അപകടം. മാസാദ്യം പഴയ പോലെ ഡ്യൂ മാത്രം അടച്ചു പോകുകയും അതിനു ശേഷം വീണ്ടും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയും ചെയ്യുന്നത് ബാധ്യത കൂട്ടുകയേ ഉള്ളൂ.
മിനിമം ഡ്യൂ മാത്രം അടച്ചു പോകുമ്പോള്‍ മുതല്‍ തുക അവിടെ തന്നെ ഇരിക്കുകയാണ്. അതില്‍ കുറവ് വരുന്നില്ല. അപ്പോള്‍ പലിശയും മറ്റു ഹിഡണ്‍ ചാര്‍ജുകളും അടക്കേണ്ടിവരും. മാത്രമല്ല. കുറേ നാള്‍ കഴിയുമ്പോള്‍ വന്‍തുകയായി മാറും. അത് ഒന്നിച്ചടയ്ക്കാന്‍ പ്രയാസമാകും.
ക്രെഡിറ്റ് സ്‌കോര്‍ പ്രശ്‌നം
മാസം തോറുമുള്ള ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് മുടങ്ങിയാല്‍ ക്രെഡിറ്റ് സ്‌കോര്‍ സൂപ്പര്‍ ഫാസ്റ്റ് ആയി താഴെ പോകും. ഒരു തവണ മുടങ്ങിയാല്‍ ഒരു മാസം പുറകില്‍ പോകുമെന്ന് മാത്രമല്ല, ഇതിന്റെ ഫലം 7 വര്‍ഷത്തെ ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കും.
ബുദ്ധിപരമായി ഉപയോഗിക്കാം
മാസവരുമാനത്തിന്റെ 20 ശതമാനത്തിലധികം ക്രെഡിറ്റ് കാര്‍ഡ് കാര്‍ഡ് ബില്‍ വരാതെ ഇരിക്കാനാണ് വിദഗ്ധര്‍ പറയുന്നത്. ക്രെഡിറ്റ് കാര്‍ഡ് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക. മാത്രമല്ല കാര്‍ഡ് സ്വന്തമാക്കുമ്പോള്‍ തന്നെ ഉപയോഗിക്കാതെ കയ്യില്‍ സൂക്ഷിക്കുമ്പോള്‍ അധിക ചാര്‍ജ് ഈടാക്കുന്നതാണോ എന്നു ശ്രദ്ധിക്കുക. മുഴുവന്‍ തുക അടച്ച് തീര്‍ത്ത കാര്‍ഡുകള്‍ ഉപയോഗം നിര്‍ത്താന്‍ തീരുമാനിച്ചാല്‍ ബാങ്കിന്റെ കാര്‍ഡ്‌സ് വിഭാഗവുമായി ബന്ധപ്പെട്ട് ക്യാന്‍സല്‍ ചെയ്യുക. ബ്ലോക്ക് ആയ, നഷ്ടപ്പെട്ട കാര്‍ഡുകള്‍ക്കും ഇത്തരത്തില്‍ ചെയ്യാന്‍ മറന്നാല്‍ പിന്നീട് ബാഘ്യതയാകും. ക്രെഡിറ്റ് സ്‌കോറിനും പാരയാകും.