ബാങ്ക് ലോക്കറിൽ വെച്ചിട്ടുള്ള വസ്തുക്കൾ അവകാശിക്കു സ്വന്തമോ?
സേഫ് ഡിപ്പോസിറ്റ് ലോക്കറിന് അവകാശിയെ വെയ്ക്കു മ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഫെഡറൽ ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ബാബു കെ എ വിശദീകരിക്കുന്നു
ബാങ്കിങ് റെഗുലേഷൻ ആക്ട് (1949 ) പ്രകാരം ബാങ്ക് നിക്ഷേപങ്ങൾക്ക് എന്ന പോലെ ബാങ്ക് നൽകുന്ന സേഫ് ഡിപ്പോസിറ്റ് ലോക്കറിനും അവകാശിയെ വെക്കാൻ സാധിക്കും. ഇത് ലോക്കർ എടുക്കുന്ന സമയത്തു തന്നെയോ പിന്നീടോ ചെയ്യാവുന്നതാണ്. നിലവിലുള്ള അവകാശിയെ മാറ്റുവാനും മറ്റൊരാളെ അവകാശിയായി വെക്കുവാനും കഴിയും. പ്രായപൂർത്തിയാകാത്ത ആളെയാണ് അവകാശിയായി വെക്കുന്നതെങ്കിൽ ഈ അവകാശിക്കു പ്രായപൂർത്തിയാവുന്നതിനു മുമ്പ് ലോക്കറിന്റെ ഉടമസ്ഥൻ മരിച്ചാൽ ലോക്കറിലുള്ള വസ്തുക്കൾ പ്രായപൂർത്തിയാകാത്ത അവകാശിക്കു വേണ്ടി സ്വീകരിക്കാൻ പ്രായപൂർത്തിയായ മറ്റൊരാളെ കൂടി നിശ്ചയിക്കണം.
ഇങ്ങനെ അവകാശിയെ വെച്ചാൽ ലോക്കർ എടുത്തിരിക്കുന്ന ഇടപാടുകാരൻ മരണപ്പെട്ടാൽ ലോക്കർ തുറക്കാനും അതിലുള്ള വസ്തുക്കൾ എടുക്കാനും അവകാശിക്കു കഴിയും. അവകാശിയുടെ അധികാരം ലോക്കറിലുള്ള വസ്തുക്കൾ ബാങ്കിൽ നിന്നും എടുക്കാൻ മാത്രമാണ്. താൻ ഈ വസ്തുക്കളുടെ യഥാർത്ഥ അവകാശിയല്ലെങ്കിൽ അതിന്റെ നിയമപരമായ അവകാശിയോ അവകാശികളോ ഉണ്ടെങ്കിൽ ലോക്കറിൽ നിന്നും എടുത്ത വസ്തുക്കൾ അവർക്കു കൊടുക്കുവാൻ ബാധ്യതയുണ്ട്.
ലോക്കർ എടുത്ത ഇടപാടുകാരൻ മരണപ്പെട്ടാൽ അവകാശി തന്റെ തിരിച്ചറിയൽ രേഖകളും ഇടപാടുകാരന്റെ മരണ സെർട്ടിഫിക്കറ്റും ബാങ്കിൽ നൽകിയാൽ ലോക്കർ തുറക്കാനും അതിലെ വസ്തുക്കൾ കൈപറ്റുവാനും സാധിക്കും.
ഒരു ലോക്കറിന് ഒരു അവകാശിയെ മാത്രമേ വെക്കാൻ കഴിയൂ. ലോക്കർ ഒരാളുടെ പേരിലായാലും ഒന്നിലധികം പേർ ചേർന്നാലായാലും ഇക്കാര്യത്തിൽ മാറ്റമില്ല. ഇക്കാര്യം ബാങ്ക് അക്കൗണ്ടിന് അവകാശിയെ വെക്കുന്നത് പോലെ തന്നെയാണ്. എന്നാൽ അവകാശിയുടെ അധികാരത്തെ സംബന്ധിച്ച് ബാങ്ക് അക്കൗണ്ടിന്റെ കാര്യത്തിലും ബാങ്ക് ലോക്കറിന്റെ കാര്യത്തിലും വ്യത്യാസമുണ്ട്. ബാങ്ക് അക്കൗണ്ടിൽ ഒന്നിലധികം ഇടപാടുകാർ ചേർന്ന് ഒരാളെ അവകാശിയായി വെച്ചാൽ, ഇടപാടുകാരിൽ ഒരാൾ മരിച്ചാൽ മറ്റുള്ള ഇടപാടുകാർ ചേർന്ന് പുതിയ ഒരു അവകാശിയെ വെക്കാൻ സാധിക്കും. എല്ലാ ഇടപാടുകാരുടെയും മരണശേഷം മാത്രമേ അവകാശിയുടെ അധികാരം പ്രാബല്യത്തിൽ വരികയുള്ളൂ. എന്നാൽ ബാങ്ക് ലോക്കർ ഒന്നിലധികം പേര് ചേർന്ന് എടുത്തതാണെങ്കിൽ, ഇതിൽ ആരെങ്കിലും ഒരാൾ മരിക്കാനിടയായാൽ അവകാശിയും ജീവിച്ചിരിക്കുന്ന മറ്റു ആളുകളും ചേർന്ന് ലോക്കർ തുറന്ന് അതിലുള്ള വസ്തുക്കളുടെ പട്ടിക തയ്യാറാക്കി ബോധ്യപ്പെടണം. ഇതിനു ശേഷം മാത്രമേ ലോക്കറിലുള്ള വസ്തുക്കൾ എടുക്കുവാൻ ബാങ്ക് അനുവദിക്കുകയുള്ളൂ. ആവശ്യമുണ്ടെങ്കിൽ ഒരു അപേക്ഷ നൽകി പുതിയ ഒരു ലോക്കർ എടുത്തു വസ്തുക്കൾ ബാങ്കിൽ തന്നെ വെയ്ക്കാം. പുതിയ അവകാശിയെ വെക്കുകയും ആവാം.
ബാങ്ക് സേഫ് ഡിപ്പോസിറ്റ് ലോക്കറിന് അവകാശിയെ വെക്കുന്നത് വളരെ എളുപ്പമാണ്. അവകാശിയെ വെക്കാതെ ഇടപാടുകാരൻ മരിച്ചുപോയാൽ ലോക്കറിൽ നിന്ന് വസ്തുക്കൾ തിരിച്ചെടുക്കാൻ കടമ്പകൾ ഏറെയാണ്. അതിനാൽ സേഫ് ഡിപ്പോസിറ്റ് ലോക്കർ എടുക്കുമ്പോൾ തന്നെ അവകാശിയെ വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.