ഇതിനിടയില്‍ കേരളത്തില്‍ നിന്നുള്ള ബാങ്കുകള്‍ പലതും സംസ്ഥാനത്ത് നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിനു കാണിക്കുന്ന ശുഷ്‌കാന്തി ഇവിടെ
വായ്പകള്‍ വിതരണം ചെയ്യുന്നതില്‍
കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പല ബാങ്കുകളും ഇവിടെ നിന്ന് സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ പകുതിയോളം മാത്രമാണ് കേരള വിപണിയിൽ വിതരണം ചെയ്യുന്നത്. റിസര്‍വ് ബാങ്കും തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് ഇതിനെ കുറിച്ച് താക്കീത് നല്‍കുന്നുണ്ട്. സി.എസ്.ബി ബാങ്കിനോട് സംസ്ഥാനത്തിനകത്ത് വായ്പ നല്‍കുന്നത് ഉയര്‍ത്തണമെന്ന് ആര്‍.ബി.ഐ ആവശ്യപെട്ടിരുന്നതായി
ബിസിനസ് ബെഞ്ച് മാര്‍ക്ക് റിപ്പോര്‍ട്ട് പറയുന്നു.
പരമ്പരാഗത ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് മാറി ഓഹരി വിപണിയിലേക്കും മ്യൂച്വല്‍ ഫണ്ടുകളിലും മറ്റും സമ്പാദ്യം മാറ്റുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തലുകള്‍. പ്രത്യേകിച്ച് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴിയും മറ്റും കൂടുതല്‍ പേര്‍ ഓഹരി
വിപണിയിലേക്ക് എത്തുന്നുണ്ട്. ഓരോ മാസവും എസ്.ഐ.പിയില്‍ പ്രവേശിക്കുന്ന നിക്ഷേപകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നുമുണ്ട്.
ബാങ്ക് നിക്ഷേപങ്ങളെ അപേക്ഷിച്ച് മികച്ച നേട്ടം ലഭിക്കുന്നുവെന്നതാണ് കൂടുതല്‍ പേരെയും ആകര്‍ഷിക്കുന്നത്. മാത്രമല്ല നിക്ഷേപം നടത്താനും താരതമ്യേന എളുപ്പമായിരിക്കുന്നു. പ്രവാസി നിക്ഷേപത്തില്‍ കുറവുവന്നതും പ്രവാസി പണം കൈമാറ്റം കുറഞ്ഞതും ഇതിനു കാരണമാകുന്നുണ്ട്.
ആര്‍.ബി.ഐക്ക് ആശങ്ക
ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ കുറയുന്നതില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അടുത്തിടെ ആശങ്ക അറിയിച്ചിരുന്നു. വായ്പാ വളര്‍ച്ചയെ അപേക്ഷിച്ച് നിക്ഷേപ വളര്‍ച്ച വളരെ പിന്നിലാണെന്നും ഇത് ബാങ്കിംഗ് സംവിധാനത്തില്‍ ലിക്വിഡിറ്റി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്.
എച്ച്.ഡി.എഫ്.സി ലിമിറ്റഡുമായി ലയിച്ചതിനു ശേഷം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സി.ഡി റേഷ്യോ ഉയര്‍ന്നതാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ വഴിയിട്ടത്. 2024 ജൂണില്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ക്രെഡിറ്റ് റോഷ്യോ 104 ശതമാനം എന്ന ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ഇത് ബാങ്കിംഗ് മേഖലയെ തന്നെ ഭയപ്പെടുത്തുന്നതാണ്. എന്നാല്‍ ബാങ്ക് ഇപ്പോള്‍ അതിനെ തരണം ചെയ്യാനുള്ള നീക്കങ്ങള്‍ ദ്രുതഗതിയില്‍ നടപ്പാക്കുന്നുണ്ട്.
കേരള ബാങ്കുകളും സി.ഡി റേഷ്യോയും
കേരളത്തില്‍ ധനലക്ഷ്മി ബാങ്ക് ഒഴിച്ചു നിറുത്തിയാല്‍ മറ്റെല്ലാ ബാങ്കുകളുടെയും സി.ഡി റേഷ്യ 80 ശതമാനത്തിനു മുകളിലാണ്. നിലവിലെ അവസ്ഥയില്‍ അത് വളരെ ഉയര്‍ന്നതാണ്. 80 ശതമാനം സി.ഡി റേഷ്യോ സൂചിപ്പിക്കുന്നത് ബാങ്കുകള്‍ ഇതിനകം തന്നെ നിക്ഷേപങ്ങളുടെ 80 ശതമാനം വായ്പയായി നല്‍കിയെന്നാണ്.
ജൂലൈ 12ലെ കണക്കനുസരിച്ച് രാജ്യത്തെ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ സംയോജിത സി.ഡി റേഷ്യോ 79.4 ശതമാനമാണ്.ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ സി.ഡി റേഷ്യോ ജൂണ്‍ അവസാനത്തെ കണക്കുകളനുസരിച്ച് 82.99 ശതമാനമാണ്. തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റേത് 79.69 ശതമാനവും, സി.എസ്.ബി ബാങ്കിന്റേത് 83.89 ശതമാനവും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 89.92 ശതമാനവുമാണ്. ധനലക്ഷ്മി ബാങ്കാണ് താരതമ്യേന കുറഞ്ഞ സി.ഡി റേഷ്യോ നിലനിര്‍ത്തിയിരിക്കുന്നത്. 74.91 ശതമാനം.
നിലവിലെ സാഹചര്യത്തില്‍ വായ്പാ ബിസിനസ് മുന്നോട്ടു കൊണ്ടു
പോകണമെന്നുണ്ടെങ്കിൽ ബാങ്കുുകള്‍ സി.ഡി റേഷ്യോ മെച്ചപ്പെടുത്തേണ്ടത് അത്യാന്താപേക്ഷികമാണ്. നിക്ഷേപങ്ങള്‍ കൂടുതലായി ആകര്‍ഷിക്കുക മാത്രമാണ് ബാങ്കുകള്‍ക്ക് മുന്നിലുള്ള പോംവഴി.
കേരളത്തിലെ ബാങ്കുകളെ സംബന്ധിച്ച് എസ്.ബി.ഐയും എച്ച്.ഡി.എഫ്.സിയും പോലുള്ള വമ്പന്‍ ബാങ്കുകളുമായി മത്സരിച്ചു വേണം നിക്ഷേപം നേടാന്‍. എസ്.ബി.ഐക്ക് കേരളത്തില്‍ മാത്രം 1183 ശാഖകളുണ്ട്. മൊത്തം നിക്ഷേപങ്ങള്‍ 2.27 ലക്ഷം കോടി രൂപയാണ്. എച്ച്.ഡി.എഫ്.സി ബാങ്കിന് 377 ശാഖകളും 44,420 കോടി രൂപയുടെ നിക്ഷേപവുമുണ്ട്.