സമാഹരണയജ്ഞം കഴിഞ്ഞതിന് പിന്നാലെ നിക്ഷേപ പലിശ വെട്ടിക്കുറച്ച് സഹകരണ ബാങ്കുകള്‍
കുറച്ചത് 0.75 ശതമാനം വരെ; പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ
നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് വെട്ടിക്കുറച്ച് സംസ്ഥാന പ്രാഥമിക സഹകരണ സംഘങ്ങള്‍. 0.75 ശതമാനം വരെ കുറവാണ് സഹകരണ ബാങ്കുകള്‍ വരുത്തിയത്. കഴിഞ്ഞ ജനുവരി 10 മുതല്‍ ഫെബ്രുവരി 12 വരെ സംഘടിപ്പിച്ച നിക്ഷേപ സമാഹരണയജ്ഞത്തിന്റെ ഭാഗമായി പലിശനിരക്ക് 0.50 മുതല്‍ 0.75 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. 9,000 കോടി രൂപ ലക്ഷ്യമിട്ട് നടത്തിയ യജ്ഞം വഴി 23,264 കോടി രൂപ സമാഹരിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പലിശനിരക്ക് വെട്ടിക്കുറച്ചത്. അതേസമയം, നിലവില്‍ നിക്ഷേപമുള്ളവര്‍ക്ക് നല്‍കുന്ന പലിശയില്‍ മാറ്റമുണ്ടാകില്ലെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കിയിട്ടുണ്ട്. കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് പലിശനിരക്കുകളിലും മാറ്റമില്ല. പരിഷ്‌കരിച്ച നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനേക്കാള്‍ അരശതമാനം അധിക പലിശ ലഭിക്കും.
പുതുക്കിയ നിരക്കുകള്‍
(ബ്രായ്ക്കറ്റില്‍ പഴയനിരക്ക്, മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധികപലിശ ലഭിക്കും)
- 15-45 ദിവസം : 6% (6%)
- 46-90 ദിവസം : 6.50% (6.50%)
- 91-179 ദിവസം : 7.25% (7.50%)
- 180-364 ദിവസം : 7.50% (7.75%)
- ഒരുവര്‍ഷം-2 വര്‍ഷം : 8.25% (9%)
കേരള ബാങ്കിലെ പുതുക്കിയ പലിശ
കേരള ബാങ്കില്‍ രണ്ടുവര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍, രണ്ടുവര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ എന്നിവയുടെ പലിശനിരക്കില്‍ മാറ്റമില്ല.
കേരള ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങളുടെ പലിശയും മാറ്റിയിട്ടില്ല. പരിഷ്‌കരിച്ച നിരക്കുകള്‍ ഇങ്ങനെ:
- 91-179 ദിവസം : 6.25% (പഴയനിരക്ക് 6.75%)
- 180-364 ദിവസം : 7% (7.25%)