വായ്പയിലും നിക്ഷേപത്തിലും വന്‍ വളര്‍ച്ചയുമായി കേരളത്തിന്റെ സ്വകാര്യ ബാങ്കുകള്‍; ഓഹരിവില സമ്മിശ്രം

സ്വര്‍ണ വായ്പയില്‍ തിളങ്ങി സി.എസ്.ബി ബാങ്കും ധനലക്ഷ്മി ബാങ്കും

Update:2023-10-04 15:30 IST

Image : Canva

കേരളം ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കുകള്‍ നടപ്പുവര്‍ഷത്തെ (2023-24) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ വായ്പയിലും നിക്ഷേപത്തിലും രേഖപ്പെടുത്തിയത് മികച്ച വളര്‍ച്ച. ഫെഡറൽ ബാങ്കിന്റെ മൊത്തം നിക്ഷേപം 23 ശതമാനം വർദ്ധിച്ച് 2.32 ലക്ഷം കോടി രൂപയായി. മൊത്തം വായ്പകൾ 20 ശതമാനം ഉയർന്ന് 1.95 ലക്ഷം കോടി രൂപയിലുമെത്തി. ഇതോടെ ബാങ്കിന്റെ മൊത്തം ബിസിനസ് 4.27 ലക്ഷം കോടി രൂപയുമായി.
മൊത്തം ബിസിനസ് 4 ലക്ഷം കോടി രൂപ കവിയുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ബാങ്കെന്ന നേട്ടം ജൂൺപാദത്തിൽ തന്നെ ബാങ്ക് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞപാദത്തിൽ  കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട്സ് (കാസ)​ നിക്ഷേപം 68,​873 കോടി രൂപയിൽ നിന്ന് 72,​592 കോടി രൂപയിലെത്തി; 5 ശതമാനമാണ് വർദ്ധന.

1.7 ലക്ഷം കോടി കടന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക്
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊത്തം ബിസിനസ് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 1.56 ലക്ഷം കോടി രൂപയില്‍ നിന്ന് 1.72 ലക്ഷം കോടി രൂപയിലെത്തി. മൊത്തം വായ്പകള്‍ 10.32 ശതമാനം വര്‍ദ്ധിച്ച് 74,975 കോടി രൂപയായി. 9.80 ശതമാനം ഉയര്‍ന്ന് 97,146 കോടി രൂപയിലെത്തി. 2.01 ശതമാനം വര്‍ദ്ധിച്ച് 31,162 കോടി രൂപയാണ് കാസ നിക്ഷേപം.
സ്വര്‍ണത്തില്‍ തിളങ്ങി സി.എസ്.ബി ബാങ്കും ധനലക്ഷ്മി ബാങ്കും
സി.എസ്.ബി ബാങ്കിന്റെ മൊത്തം ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 38,647 കോടി രൂപയില്‍ നിന്നുയര്‍ന്ന് 47,906 കോടി രൂപയായി. മൊത്തം വായ്പകള്‍ 27.22 ശതമാനം വര്‍ദ്ധിച്ച് 22,468 കോടി രൂപയിലെത്തി. 21.21 ശതമാനം ഉയര്‍ന്ന് 25,438 കോടി രൂപയാണ് മൊത്തം നിക്ഷേപം.
കാസ നിക്ഷേപം 3.49 ശതമാനം ഉയര്‍ന്ന് 7,443.97 കോടി രൂപയായി. ബാങ്കിന്റെ സ്വര്‍ണ വായ്പകള്‍ 32.27 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. 8,027 കോടി രൂപയില്‍ നിന്ന് 10,617 കോടി രൂപയായാണ് വര്‍ദ്ധന.
ധനലക്ഷ്മി ബാങ്കിന്റെ മൊത്തം ബിസിനസ് 21,857 കോടി രൂപയില്‍ നിന്ന് 10.27 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 24,101 കോടി രൂപയിലെത്തി. മൊത്തം വായ്പകള്‍ 13.21 ശതമാനം വര്‍ദ്ധനയുമായി 9,109 കോടി രൂപയില്‍ നിന്ന് 10,312 കോടി രൂപയായി. മൊത്തം നിക്ഷേപം 13,789 കോടി രൂപയാണ്. 12,748 കോടി രൂപയില്‍ നിന്ന് 8.17 ശതമാനമാണ് വര്‍ദ്ധന. ധനലക്ഷ്മി ബാങ്കിന്റെ സ്വര്‍ണ വായ്പകള്‍ 26.57 ശതമാനം വളര്‍ന്നു. 2,051 കോടി രൂപയില്‍ നിന്ന് 2,596 കോടി രൂപയായാണ് വര്‍ദ്ധിച്ചത്.
ഓഹരി വില സമ്മിശ്രം
മികച്ച രണ്ടാംപാദ പ്രവര്‍ത്തന സൂചനകളുടെ പിന്‍ബലത്തില്‍ ഇന്നലെ മുന്നേറിയ കേരളത്തിലെ സ്വകാര്യ ബാങ്കുകളുടെ ഓഹരികള്‍ ഇന്നുപക്ഷേ ചുവപ്പാണ് അണിഞ്ഞത്.
ഇന്നലെയും നേരിയ നഷ്ടത്തിലായിരുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വില ഇന്ന് വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിലുള്ളത് 2.58 ശതമാനം താഴ്ന്ന് 26.35 രൂപയിലാണ്.
ഇന്നലെ 4.74 ശതമാനം ഉയര്‍ന്ന സി.എസ്.ബി ബാങ്ക് ഓഹരി ഇന്നുള്ളത് 1.31 ശതമാനം നഷ്ടത്തോടെ 349.30 രൂപയില്‍. ഫെഡറല്‍ ബാങ്ക് ഓഹരി വില ഇന്നലെ 2.34 ശതമാനം ഉയര്‍ന്നിരുന്നു. ഇന്ന് വില 2.45 ശതമാനം താഴ്ന്ന് 147.10 രൂപയിലാണ്.
ഇന്നലെ 10.74 ശതമാനം മുന്നേറിയ ധനലക്ഷ്മി ബാങ്കിന്റെ ഓഹരികളില്‍ ഇന്നത്തെ നേട്ടം 1.70 ശതമാനമാണ്. 32.80 രൂപയിലാണ് വ്യാപാരം അവസാന മണിക്കൂറില്‍ പുരോഗമിക്കുന്നത്.
Tags:    

Similar News