കുറഞ്ഞ പലിശ നിരക്ക് ഉയര്‍ത്തി ബാങ്കുകള്‍, വായ്പകള്‍ക്ക് ചെലവേറും

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലേക്ക് ആര്‍ബിഐ മാറിയതോടെയാണ് ബാങ്കുകള്‍ നിരക്കുകള്‍ ഉയര്‍ത്തിയത്

Update: 2022-04-19 07:45 GMT

എസ്ബിഐ ഉള്‍പ്പെയുള്ള രാജ്യത്തെ ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ പലിശ നിരക്ക് ഉയരും. എസ്ബിഐ, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകള്‍ എംസിഎല്‍ആര്‍ (Marginal Cost of Funds Based Lending Rate) നിരക്കുകള്‍ ഉയര്‍ത്തി. ഒരു ബാങ്കിന് വായ്പ നല്‍കാനാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എംസിഎല്‍ആര്‍ കൊണ്ട് സൂചിപ്പിക്കുന്നത്.

ഏപ്രില്‍ 15 മുതല്‍ 10 ബേസിസ് പോയിന്റുകളാണ് എംസിഎല്‍ആറില്‍ എസ്ബിഐ ഉയര്‍ത്തിയത്. 7.1 ശതമാനം ആണ് ഒരു വര്‍ഷത്തേക്കുള്ള എസ്ബിഐയുടെ പുതുക്കിയ എംസിഎല്‍ആര്‍. രണ് വര്‍ഷത്തേക്ക് 7.1 ശതമാനവും മൂന്ന് വര്‍ഷത്തേക്ക് 7.4 ശതമാനവും വീതമാണ് എംസിഎല്‍ആര്‍ നിരക്ക്.

ഒരു വര്‍ഷത്തേക്കുള്ള ആക്‌സിസ് ബാങ്കിന്റെ പുതുക്കിയ എംസിഎല്‍ആര്‍ നിരക്ക് 7.4 ശതമാനവും ബാങ്ക് ഓഫ് ബറോഡയുടേത് 7.35 ശതമാനവും ആണ്. കൊ്ട്ടക് മഹീന്ദ്രയുടേത് 7.4 ശതമാനമായാണ് പുതുക്കിയത്. നിരക്കുകള്‍ ഉയരുന്നതോടെ ഭവന, വാഹന, റീട്ടെയ്ല്‍ വായ്പകളുടെ പലിശ നിരക്ക് ഉയരും. വളര്‍ച്ചയെ പിന്തുണയ്ക്കുന്ന നിലപാടില്‍ നിന്ന് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലേക്ക് ആര്‍ബിഐ മാറിയതോടെയാണ് ബാങ്കുകള്‍ എംസിഎല്‍ആര്‍ ഉയര്‍ത്തിയത്.

രാജ്യത്തെ പണപ്പെരുപ്പം 7.5 ശതമാനം വരെ ഉയരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ നിയന്ത്രണ മാര്‍ഗമെന്ന നിലയില്‍ പലിശ നിരക്ക് ഉയര്‍ത്തിയേക്കും. ജൂണ്‍ എട്ടിനാണ് ആര്‍ബിഐയുടെ നയപ്രഖ്യാപനം. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നിലവില്‍ 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഫെബ്രുവരിയില്‍ 6.07 ശതമാനം ആയിരുന്ന പണപ്പെരുപ്പം ആണ് മാര്‍ച്ചില്‍ 6.95 ശതമാനത്തില്‍ എത്തിയത്.

Tags:    

Similar News