ഡിബഞ്ചറുകളുടെ വിതരണം ആരംഭിച്ച് മുത്തൂറ്റ് ഫിനാന്‍സ്

ആയിരം രൂപ മുഖവിലയുള്ള ഈ എന്‍സിഡികള്‍ വഴി 500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം

Update: 2023-02-08 07:09 GMT

മുത്തൂറ്റ് ഫിനാന്‍സിന്റെ സെക്വേര്‍ഡ് റിഡീമബിള്‍ എന്‍സിഡികളുടെ (NCD: Non Convertible Debentures & Bonds In India) 30-ാമത് സീരീസ് ഇന്ന് ആരംഭിച്ചു. ആയിരം രൂപ മുഖവിലയുള്ള ഈ എന്‍സിഡികള്‍ വഴി 500 കോടി രൂപ സമാഹരിക്കാനാണ് മുത്തൂറ്റ് ഫിനാന്‍സ് ഉദ്ദേശിക്കുന്നത്.

100 കോടി രൂപയാണ് ഇഷ്യുവിന്റെ അടിസ്ഥാന തുക. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 400 കോടി കൂടി കൈവശം വെക്കാനുള്ള അവകാശത്തോടെയാണ് 500 കോടി രൂപ സമാഹരിക്കാനാവുക. നിക്ഷേപകര്‍ക്ക് 8.25 ശതമാനം മുതല്‍ 8.60 ശതമാനം വരെ വിവിധ പലിശ നിരക്കുകള്‍ ലഭിക്കുന്ന ഏഴു നിക്ഷേപ തെരഞ്ഞെടുപ്പുകളാണ് ലഭ്യമായിട്ടുള്ളത്.

റിസര്‍വ് ബാങ്കിന്റെ അടുത്ത കാലത്തെ പലിശ നിരക്കു വര്‍ധനവുകളുടെ പശ്ചാത്തലത്തില്‍ തങ്ങള്‍ എന്‍സിഡി ഇഷ്യുവിന്റെ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. എഎ പ്ലസ് സ്റ്റേബിള്‍ നിരക്കുകള്‍ പരിഗണിക്കുമ്പോള്‍ വളരെ ആകര്‍ഷകമായ നിരക്കുകളാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐസിആര്‍എ എഎ പ്ലസ് സ്റ്റേബിള്‍ റേറ്റിംഗാണ് ഇതിനു നല്‍കിയിട്ടുള്ളത്. സാമ്പത്തിക ബാധ്യതകള്‍ക്കു സമയത്തു സേവനം നല്‍കുന്ന കാര്യത്തില്‍ ഉയര്‍ന്ന സുരക്ഷിതത്വമാണ് ഈ റേറ്റിംഗിലൂടെ സൂചിപ്പിക്കുന്നത്. എന്‍സിഡികള്‍ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.

നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡികള്‍)

പബ്ലിക് ഇഷ്യു അഥവാ പ്രൈവറ്റ് പ്ലെയ്സ്മെന്റ് വഴി ധനസമാഹരണം നടത്തുന്നതിനായി കമ്പനികള്‍ ഒരു പ്രത്യേക കാലാവധിയിലേക്ക് ഇഷ്യു ചെയ്യുന്ന സാമ്പത്തിക ഉപകരണങ്ങളാണ് നോണ്‍-കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ ( എന്‍സിഡി ). ഓഹരികള്‍ ആക്കി മാറ്റാനാകാത്ത കടപത്രങ്ങളാണ് എന്‍സിഡികള്‍. ബാങ്ക് സ്ഥിര നിക്ഷേപം പോലുള്ള ഒരു സ്ഥിര നിക്ഷേപമാണിത്. എന്‍സിഡികള്‍ ഓഹരി വിപണിയില്‍ വ്യാപാരം ചെയ്യാം.

സാധാരണ ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് എന്‍ഡികള്‍ വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞ് വരുന്ന നിലവിലെ സാഹചര്യത്തില്‍ എന്‍സിഡി നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായിട്ടുണ്ട്. മാത്രമല്ല വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനാല്‍ ആവശ്യമുള്ളപ്പോള്‍ എന്‍സിഡി വിറ്റുമാറാം.

എന്‍സിഡികളില്‍ നിന്നും ലഭിക്കുന്ന പലിശ വരുമാനത്തിന് നികുതി ബാധകമാണ്. നിക്ഷേപകന്റെ ആദായ നികുതി സ്ലാബ് നിരക്കിന് അനുസരിച്ചായിരിക്കും ഇത്.

Tags:    

Similar News